മാലിന്യനിക്ഷേപം തടയുന്നതിനും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ കർമ്മപദ്ധതി രൂപീകരിക്കും. അതിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അനുബന്ധ ഏജൻസികളുടെ സഹകരണത്തോടെ വിവിധ വകുപ്പുകളുടെ പദ്ധതി സംയോജനത്തിലൂടെയും ജനകീയ പങ്കാളിത്തത്തോടെയും ശാസ്ത്രീയ ഖര,ദ്രവ മാലിന്യ പദ്ധതികൾ ആസൂത്രണം ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സമ്പൂർണ്ണ ശുചിത്വ പദവി കൈവരിക്കുന്നതിന് പ്രാപ്തമാക്കാനും ക്യാമ്പയിൻ ലക്ഷ്യമിടുന്നു.
ജലസ്രോതസ്സുകളെ മാലിന്യമുക്തമാക്കുന്നതിനായി ബന്ധപ്പെട്ട സർക്കാർ ഏജൻസികളെയും വിദ്യാർഥികളെയും യുവജനങ്ങളെയും സന്നദ്ധ സംഘടനകളേയും പങ്കെടുപ്പിച്ച് ജനകീയ വിദ്യാഭ്യാസ പരിപാടിയായാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ‘തെളിനീരൊഴുകും നവകേരളം’ ക്യാമ്പയിൻ നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു. സർവതല സ്പർശിയായ വിവര വിജ്ഞാന വ്യാപന ക്യാമ്പയിൻ പ്രവർത്തനങ്ങളിലൂടെ പൊതുജനങ്ങളിൽ ജലസ്രോതസ്സുകൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെയും ശാസ്ത്രീയ ദ്രവ മാലിന്യ പരിപാലനം സാധ്യമാക്കേണ്ടതിന്റെയും ആവശ്യകതയും കുടിവെള്ള ലഭ്യത കുറഞ്ഞു വരുന്നത് സംബന്ധിച്ചും അവബോധം സൃഷ്ടിക്കാൻ സാധിക്കും. ദ്രവമാലിന്യ പരിപാലന മേഖലയിൽ കേരളത്തിന്റെ സമഗ്രമായ ചുവടുവയ്പ്പായിരിക്കും ‘തെളിനീരൊഴുകും നവകേരളം’ ക്യാമ്പയിനെന്ന് മന്ത്രി പറഞ്ഞു.