199.75 കോടി രൂപയുടെ റൈറ്റ്സ് ഇഷ്യൂവുമായി സുമീത് ഇന്‍ഡസ്ട്രീസ്
കൊച്ചി: പ്രമുഖ പോളിസ്റ്റര്‍ നിര്‍മ്മാണ കമ്പനിയായ സുമീത് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 199.75 കോടി രൂപ സമാഹരിക്കുന്നതിനായി റൈറ്റ്സ് ഇഷ്യൂ പ്രഖ്യാപിച്ചു. കമ്പനിയുടെ സാമ്പത്തിക ഭദ്രത വര്‍ദ്ധിപ്പിക്കുന്നതിനും തന്ത്രപ്രധാനമായ ബിസിനസ്സ് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും വേണ്ടിയാണ് ഈ മൂലധന സമാഹരണം നടത്തുന്നത്. പ്രതി ഓഹരിക്ക് 11.86 രൂപ നിരക്കില്‍ 16.84 കോടി ഇക്വിറ്റി ഓഹരികളാണ് റൈറ്റ്സ് ഇഷ്യൂ വഴി വിതരണം ചെയ്യുന്നത്. ഇഷ്യൂ ജൂലൈ 20 വരെ ലഭ്യമായിരിക്കും. റൈറ്റ്സ് ഇഷ്യൂവിലൂടെ ലഭിക്കുന്ന തുക പ്രധാനമായും നാല് മേഖലകളിലാണ് വിനിയോഗിക്കുക. ഇതില്‍ 100 കോടി രൂപ കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തന മൂലധനത്തിനായും , 49.90 കോടി രൂപ സൂററ്റിലെ നകോഡ ലിമിറ്റഡില്‍ നിന്ന് വാങ്ങിയ പ്രതിവര്‍ഷം 1,40,000 ടണ്‍ ശേഷിയുള്ള പോളിസ്റ്റര്‍ ചിപ്‌സ് പ്ലാന്റിന്റെ നവീകരണത്തിനുമായി ഉപയോഗിക്കും. കൂടാതെ, സാമ്പത്തിക ബാധ്യതകള്‍ കുറയ്ക്കുന്നതിനായി 23 കോടി രൂപ കടം തിരിച്ചടവിനും, ഊര്‍ജ്ജ ചെലവുകള്‍ ലാഭിക്കുന്നതിനായി 6.5 മെഗാവാട്ടിന്റെ സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ 22 കോടി രൂപയും കമ്പനി മാറ്റിവെക്കും. പുതിയ ബിസിനസ്സ് വിപുലീകരണങ്ങളിലൂടെ വരും വര്‍ഷങ്ങളില്‍ ശക്തമായ സാമ്പത്തിക വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഈ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ആകെ വരുമാനത്തില്‍ 30 ശതമാനം വളര്‍ച്ചയും, തുടര്‍ന്ന് 2027-28 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം ഇരട്ടിയാകുമെന്നും സുമീത് ഇന്‍ഡസ്ട്രീസ് വ്യക്തമാക്കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കമ്പനിയുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും ഓഹരി ഉടമകള്‍ക്ക് മികച്ച നേട്ടം സമ്മാനിക്കാനും ഈ റൈറ്റ്സ് ഇഷ്യൂ സഹായിക്കുമെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ പ്രതീക ആര്‍. ജാജു അഭിപ്രായപ്പെട്ടു.
