സെൻസസ് 2027: സെൽഫ് എന്യൂമറേഷൻ ജൂൺ 16 മുതൽ
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സെൻസസ് 2027-ഘട്ടം I ന് മുന്നോടിയായുള്ള സെൽഫ് എന്യൂമറേഷൻ പോർട്ടൽ കേരളത്തിൽ 2026 ജൂൺ 16 ന് രാവിലെ ആറ് മണി മുതൽ ലഭ്യമാകുമെന്ന് കേരള ഗവണ്മെന്റിന്റെ പൊതുഭരണ വകുപ്പ് സെക്രട്ടറിയും സംസ്ഥാന സെൻസസ് നോഡൽ ഓഫീസറുമായ ശ്രീ കെ. ബിജു. കേരളത്തിലെ സെൻസസ് ഘട്ടം I സംബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങൾക്ക് https://se.census.gov.in/ പോർട്ടൽ വഴി കുടുംബ വിവരങ്ങൾ നേരിട്ട് സമർപ്പിക്കാനാകും. വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസുമുള്ള ആദ്യ ഘട്ടത്തിൽ നിലവിൽ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളാണ് നൽകേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. ദൂരെ സ്ഥലങ്ങളിൽ പഠിക്കുന്നവരോ, ജോലി ചെയ്യുന്നവരോ അവർ നിലവിൽ നിൽക്കുന്ന സ്ഥലമാണ് സെൽഫ് എന്യൂമറേഷനിൽ നൽകേണ്ടത്. വാടക വീട്ടിൽ താമസിക്കുന്നവർ ആ വീടിൻ്റെ വിവരങ്ങൾ നൽകണം. വിവരങ്ങൾ നൽകുന്നയാൾ സ്വന്തം മൊബൈൽ നമ്പറും മറ്റ് ആവശ്യമായ വിവരങ്ങളും നൽകി സെൽഫ് എന്യൂമറേഷൻ പോർട്ടലിൽ ലോഗിൻ ചെയ്യണം. ചോദ്യങ്ങളെല്ലാം പൂരിപ്പിച്ചു കഴിഞ്ഞാൽ, ഒരു എസ്ഇഐഡി രൂപീകരിക്കപ്പെടുകയും അത് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയയ്ക്കുകയും ചെയ്യും. ഈ എസ്ഇഐഡി എന്യൂമറേറ്റർക്ക് ഫീൽഡ് സന്ദർശന സമയത്ത് കൈമാറേണ്ടതാണ്. സ്വയം രേഖപ്പെടുത്തിയ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം, എന്യൂമറേറ്റർ അത് സെൻസസ് ഡാറ്റാബേസിലേക്ക് അപ്‍ലോഡ് ചെയ്യും. സെൽഫ് എന്യൂമറേഷൻ ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും എന്യൂമറേറ്റർമാർ ജൂലൈ 1-30 വരെയുള്ള സമയത്ത് വിവര ശേഖരണം നടത്തും. സെൽഫ് എന്യൂമറേഷൻ സെൻസസ് പ്രക്രിയ സുഗമമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിൻ്റെ വികസനത്തിനും വിഭവ വിനിയോഗത്തിനും സെൻസസ് ഏറെ പ്രധാനമാണെന്നും ശ്രീ കെ ബിജു അഭിപ്രായപ്പെട്ടു. സെൻസസിൽ വ്യക്തിഗത വിവരങ്ങൾ പ്രസിദ്ധീകരിക്കപ്പെടുന്നില്ലെന്നും, സമഗ്ര ഡാറ്റ മാത്രമാണ് പുറത്ത് വിടുന്നതെന്നും സെൻസസ് ഓപ്പറേഷൻസ് ഡയറക്ടറും ചീഫ് പ്രിൻസിപ്പൽ സെൻസസ് ഓഫീസറുമായ ഡോ. ടി മിത്ര പറഞ്ഞു. നൽതകുന്ന വിവരങ്ങൾ സുരക്ഷിതമാണെന്നും, സ്വകാര്യത ഉറപ്പാക്കുമെന്നും അവർ വ്യക്തമാക്കി. എന്യൂമറേറ്റർമാരുടെ പരിശീലനം ഈ മാസം 23 ന് പൂർത്തിയാക്കും. 150-200 വീടുകളാണ് ഒരു എന്യൂമറേറ്ററിന് നൽകിയിട്ടുള്ളത്. 16 ഭാഷകളിൽ ലഭ്യമായ മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. സെൻസസ് 2027-ന്റെ വിവിധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി ‘സെൻസസ് മാനേജ്മെന്റ് ആൻഡ് മോണിറ്ററിംഗ് സിസ്റ്റം’ (CMMS) എന്ന വെബ് അധിഷ്ഠിത പോർട്ടൽ ഉപയോഗിക്കുമെന്നും ഡോ മിത്ര കൂട്ടിച്ചേർത്തു. സെൻസസ് വിവരങ്ങൾ സംബന്ധിച്ച സംശയനിവാരണത്തിനായി ടോൾ ഫ്രീ ഹെല്പ് ലൈൻ നമ്പർ 1855 സജ്ജമാക്കിയിട്ടുണ്ട്.
