യൂട്യൂബ് ആന്‍ഡ്രോയ്ഡ് ആപ്പിന് ഇപ്പോള്‍ 4കെ എച്ച്ഡിആര്‍ സ്ട്രീമിംഗ് സപ്പോര്‍ട്ട്
കഴിഞ്ഞ കുറച്ചുകാലമായി ഐഒഎസില്‍ 4കെ സപ്പോര്‍ട്ട് നല്‍കിയിരുന്നു
കാലിഫോര്‍ണിയ: യൂട്യൂബ് ആന്‍ഡ്രോയ്ഡ് ആപ്പിന് 4കെ എച്ച്ഡിആര്‍ പ്ലേബാക്ക് സപ്പോര്‍ട്ട് ലഭിച്ചു. കഴിഞ്ഞ കുറച്ചുകാലമായി ഐഒഎസില്‍ 4കെ സപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കും 4കെ എച്ച്ഡിആര്‍ നിലവാരത്തില്‍ വീഡിയോകള്‍ കാണാന്‍ കഴിയും. എന്നാല്‍ ഇതും ഇതില്‍ കൂടുതലും റെസലൂഷനില്‍ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുകയും എച്ച്ഡിആര്‍ സപ്പോര്‍ട്ട് ഉണ്ടായിരിക്കുകയും വേണം.
ഇതുവരെ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് യൂട്യൂബ് ആപ്പില്‍ പരമാവധി 1440പി റെസലൂഷനുള്ള വീഡിയോകള്‍ മാത്രമാണ് കാണാന്‍ കഴിഞ്ഞിരുന്നത്. ഫോണുകളിലെ ഡിസ്‌പ്ലേ ഉയര്‍ന്ന റെസലൂഷന്‍ സപ്പോര്‍ട്ട് ചെയ്താലും 4കെ വീഡിയോകള്‍ അപ്‌ലോഡ് ചെയ്തിരുന്നാലും ഇതുതന്നെയായിരുന്നു അവസ്ഥ. ഇപ്പോള്‍ 4കെ എച്ച്ഡിആര്‍ സപ്പോര്‍ട്ട് ലഭിച്ചതോടെ കാര്യങ്ങള്‍ക്ക് മാറ്റം വന്നു.
ആന്‍ഡ്രോയ്ഡ് യൂസര്‍മാര്‍ക്ക് ഇനി 2160പി (4കെ) എച്ച്ഡിആര്‍ എന്ന പുതിയൊരു വീഡിയോ ക്വാളിറ്റി ഓപ്ഷന്‍ കൂടി കാണാന്‍ കഴിയും. 4കെ നിലവാരത്തില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ ബോക്‌സിന്റെ മുകളിലെ വലതുമൂലയില്‍ ത്രീ ഡോട്ട്‌സ് മെനു ഐക്കണ്‍ കാണാം. ഇവിടെ ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്. ക്വാളിറ്റി തെരഞ്ഞെടുക്കുമ്പോള്‍ മറ്റ് റെസലൂഷനുകളുടെ കൂടെ 2160പി60എച്ച്ഡിആര്‍ എന്ന ഓപ്ഷന്‍ കാണാന്‍ കഴിയും. 144പി60എച്ച്ഡിആര്‍ എന്നതാണ് ഏറ്റവും ക്വാളിറ്റി കുറഞ്ഞ ഓപ്ഷന്‍.
യൂട്യൂബ് ആന്‍ഡ്രോയ്ഡ് ആപ്പിന്റെ 16.06.34 വേര്‍ഷന്‍ ഫെബ്രുവരി 18 നാണ് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. പുതിയ ഫീച്ചര്‍ കാണാന്‍ കഴിയുന്നില്ലെങ്കില്‍ ആപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷനാണോ ഉപയോഗിക്കുന്നത് എന്ന് പരിശോധിക്കേണ്ടിവരും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പോയി യൂട്യൂബ് ആപ്പ് അപ്‌ഡേറ്റ് ചെയ്യാം. ആപ്പിന്റെ എപികെ മിറര്‍ വേര്‍ഷനും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.