ട്രാഫിക് ബോധവല്‍ക്കരണ ആവശ്യകതയുമായി ഫോഡ് കാര്‍ട്ടെസി സര്‍വെ
പൊതുനിരത്തുകളിലെ സുരക്ഷിതത്വം സംബന്ധിച്ച അവബോധത്തിന്റെ അപര്യാപ്തതയാണ് സര്‍വെയില്‍ വ്യക്തമായത്
ന്യൂഡെല്‍ഹി: പാതയിലെ മറ്റ് ഡ്രൈവര്‍മാരോടും കാല്‍നടയാത്രക്കാരോടും ബഹുമാനത്തോടെയും സൗമ്യതയോടെയും പെരുമാറുന്നതിന് കാര്‍ ഉടമകളെ ബോധവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെ ഫോഡ് ഇന്ത്യ നടത്തിയ റോഡ് സുരക്ഷാ സര്‍വെ ഫലങ്ങള്‍ പുറത്തുവിട്ടു. ഇത് മൂന്നാം വര്‍ഷമാണ് ഫോഡ് കാര്‍ട്ടെസി സര്‍വെ നടത്തുന്നത്. പൊതുനിരത്തുകളിലെ സുരക്ഷിതത്വം സംബന്ധിച്ച അവബോധത്തിന്റെ അപര്യാപ്തതയാണ് സര്‍വെയില്‍ വ്യക്തമായത്. സുരക്ഷിതമായി റോഡുകള്‍ ഉപയോഗിക്കുന്നതിന് ഈ അറിവുകള്‍ അടിത്തറ പാകുമെന്ന് ഫോഡ് പ്രതീക്ഷിക്കുന്നു. ഗതാഗത നിയമങ്ങള്‍ സംബന്ധിച്ച അറിവില്ലായ്മ, വാഹനമോടിക്കുമ്പോള്‍ മൊബീല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയവയാണ് ഫോഡ് കാര്‍ട്ടെസി സര്‍വെയിലെ പ്രധാന കണ്ടെത്തലുകള്‍.
സര്‍വെയില്‍ പങ്കെടുത്ത ഡ്രൈവിംഗ് ലൈസന്‍സുള്ള മിക്കവര്‍ക്കും അടിസ്ഥാന ട്രാഫിക് നിയമങ്ങള്‍ സംബന്ധിച്ച അജ്ഞത പ്രകടമായിരുന്നു. പ്രതികരിച്ച പത്തുപേരില്‍ ഒരാള്‍ മാത്രമാണ് നിയമങ്ങള്‍ സംബന്ധിച്ച അജ്ഞത റോഡ് സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കരുതുന്നത്. ട്രാഫിക് നിയമങ്ങളുമായി ബന്ധപ്പെട്ട 31 ചോദ്യങ്ങളില്‍ മൂന്നിലൊന്ന് ആളുകള്‍ മാത്രമാണ് (27 ശതമാനത്തില്‍ താഴെ) 40 ശതമാനത്തില്‍ കൂടുതല്‍ സ്‌കോര്‍ നേടിയത്. ആറ് ശതമാനം ആളുകള്‍ മാത്രമാണ് 50 ശതമാനത്തില്‍ കൂടുതല്‍ ഉത്തരങ്ങള്‍ ശരിയാക്കിയത്.
തങ്ങളുടെ പെരുമാറ്റം നിയമങ്ങള്‍ പാലിച്ചും ശ്രദ്ധയോടെയും സൗമ്യതയോടെയും അല്ല എന്നാണ് യാത്രക്കാരില്‍ പകുതിയാളുകളും പറഞ്ഞത്. 58 ശതമാനം ആളുകള്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഫോണില്‍ സംസാരിക്കാറുണ്ടെന്ന് സമ്മതിച്ചു. കുട്ടികളെ മുന്‍ സീറ്റില്‍ ഇരുത്തുന്നത് 63 ശതമാനം ആളുകളും സുരക്ഷാപ്രശ്‌നമായി കരുതുന്നില്ല. 58 ശതമാനം ആളുകള്‍ ഉറക്കച്ചടവിലും വാഹനം ഓടിക്കുന്നവരാണ്. ആംബുലന്‍സ്, ഫയര്‍ ട്രക്ക് പോലുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് പോകാന്‍ ഇടം കൊടുക്കാറില്ലെന്ന് 53 ശതമാനം പേര്‍ പറയുന്നു. സര്‍വെയില്‍ പങ്കെടുത്ത 57 ശതമാനം പേരും ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ളവ പാതയോരങ്ങളില്‍ വലിച്ചെറിയുന്നതില്‍ പ്രശ്‌നം കാണാത്തവരാണ്.