ആദ്യമായി വിദേശത്തേക്ക് നൂല്‍ കയറ്റിയയച്ച് ആലപ്പുഴ സഹകരണ സ്പിന്നിങ് മില്‍
2020 ഒക്ടോബര്‍ മാസം സ്പിന്‍റില്‍ ശേഷി 6,048 ല്‍ നിന്ന് 25,200 ആയി ഉയര്‍ത്താനായി
ആലപ്പുഴ: നൂല്‍ കയറ്റുമതി രംഗത്തേക്ക് ചുവടുവെച്ചിരിക്കുകയാണ് ആലപ്പുഴ സഹകരണ സ്പിന്നിംഗ് മില്‍. 27,000 കിലോ നൂലാണ് മ്യാന്‍മറിലേക്ക് കയറ്റിയയച്ചത്. മില്ലിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് വിദേശ വിപണിയിലേക്ക് നൂല്‍ കയറ്റിയയക്കുന്നതെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ ചൂണ്ടിക്കാട്ടി. ഒരു കോടി രൂപയുടെ നൂല്‍ ആദ്യഘട്ടത്തില്‍ കയറ്റിവിട്ടു. തുടര്‍ന്ന് ലഭിച്ച ഒന്നരകോടി രൂപയുടെ ഓര്‍ഡര്‍ ഈ മാസം 25ന് മുമ്പ് പൂര്‍ത്തിയാക്കും.
1981 ല്‍ സ്ഥാപിതമായ ആലപ്പുഴ സഹകരണ സ്പിന്നിങ് മില്‍ 1999ലാണ് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം ആരംഭിക്കുന്നത്. നവീകരണം നടപ്പാക്കിതോടെ 2020 ഒക്ടോബര്‍ മാസം സ്പിന്‍റില്‍ ശേഷി 6,048 ല്‍ നിന്ന് 25,200 ആയി ഉയര്‍ത്താനായി. കൂടുതല്‍ ഗുണമേന്മയേറിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനായതാണ് വിദേശത്ത് നിന്നടക്കം ഓര്‍ഡറുകള്‍ ലഭിക്കാന്‍ ഇടയാക്കിയതെന്ന് മന്ത്രി പറയുന്നു.
കണ്ണൂര്‍ സഹകരണ സ്പിന്നിംഗ് മില്‍, തിരുവനന്തപുരം ബാലരാമപുരത്തെ ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍, കോഴിക്കോട് തിരുവണ്ണൂരിലെ മലബാര്‍ സ്പിന്നിംഗ് & വീവിംഗ് മില്‍, മലപ്പുറം കുറ്റിപ്പുറത്ത് പ്രര്‍ത്തിക്കുന്ന മലബാര്‍ കോ ഓപറേറ്റീവ് ടെക്സ്റ്റൈല്‍സ് ലിമിറ്റഡ് (മാല്ക്കോടെക്സ്) തുടങ്ങിയ സ്ഥാപനങ്ങള്‍ നിലവില്‍ വിദേശത്തേക്ക് നൂല് കയറ്റുമതി ചെയ്യുന്നുണ്ട്.
പരമ്പരാഗത വ്യവസായ മേഖലയ്ക്ക് കരുത്തേകുന്ന നടപടികളാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും സ്പിന്നിംഗ് മില്ലുകളെ മുമ്പില്ലാത്തവിധം നേട്ടത്തിലെത്തിക്കാന്‍ സര്‍ക്കാരിനായെന്നും ഇ.പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ആധുനികവത്ക്കരണത്തോടൊപ്പം ഗുണനിലവാരം ഉറപ്പാക്കിയും വൈവിധ്യവത്കരണം നടപ്പാക്കിയും മില്ലുകള്‍ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.