സെര്‍ച്ച് റിസല്‍ട്ട് ഗൂഗിളിന് വിക്കിപീഡിയ സഹായം
ഇനി മിക്ക സെര്‍ച്ച് റിസല്‍ട്ടുകളുടെയും തൊട്ടടുത്തായി ഒരു മെനു ഐക്കണ്‍ കാണാനാകും
കാലിഫോര്‍ണിയ: സെര്‍ച്ച് റിസല്‍ട്ടുകളിലെ വിവരങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത നല്‍കുന്നതിന് വിക്കിപീഡിയയുമായി ഗൂഗിള്‍ കൂട്ടുകൂടുന്നു. ഇനി മിക്ക സെര്‍ച്ച് റിസല്‍ട്ടുകളുടെയും തൊട്ടടുത്തായി ഒരു മെനു ഐക്കണ്‍ കാണാനാകും. ഇതില്‍ ടാപ്പ് ചെയ്താല്‍ സെര്‍ച്ച് റിസല്‍ട്ട് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങളും എവിടെനിന്ന് ഈ വിവരം ലഭിക്കുന്നു എന്ന കാര്യവും അറിയാം.
പുതിയ ഫീച്ചര്‍ നടപ്പാക്കുന്നതോടെ വെബ്‌സൈറ്റ് സംബന്ധിച്ച വിവരണം വിക്കിപീഡിയയില്‍ നിന്ന് ലഭ്യമാക്കും. ഇന്റര്‍നെറ്റിലെ ദശലക്ഷക്കണക്കിന് വെബ്‌സൈറ്റുകള്‍ സംബന്ധിച്ച സൗജന്യവും വിശ്വസനീയവുമായ വിവരമാണ് ലഭിക്കുന്നത്.
മുമ്പ് കേള്‍ക്കാത്ത വെബ്‌സൈറ്റ് ആണെങ്കില്‍ പുതിയ സംവിധാനം യൂസര്‍മാര്‍ക്ക് മന:സമാധാനം നല്‍കുമെന്ന് ഗൂഗിളിന്റെ സെര്‍ച്ച് വിഭാഗം പ്രൊഡക്റ്റ് മാനേജര്‍ ജെകെ കീയേണ്‍സ് പറഞ്ഞു. ആരോഗ്യം, ധനകാര്യ വിവരങ്ങള്‍ തുടങ്ങി പ്രധാനപ്പെട്ട കാര്യങ്ങളാണ് തിരയുന്നതെങ്കില്‍ പുതിയ ഫീച്ചര്‍ കൂടുതല്‍ ആശ്വാസകരമാണ്.
അമേരിക്കയില്‍ ഇംഗ്ലീഷ് ഭാഷയില്‍ ഗൂഗിള്‍ പുതിയ ഫീച്ചര്‍ ഇതിനകം അവതരിപ്പിച്ചു. ഡെസ്‌ക്ടോപ്പ്, മൊബീല്‍ വെബ്, ഗൂഗിള്‍ ആപ്പ് എന്നിവയില്‍ ലഭ്യമാണ്.
ഗൂഗിള്‍ നല്‍കുന്ന സെര്‍ച്ച് റിസല്‍ട്ടുകള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഇനി കഴിയും. ഉപയോക്താക്കള്‍ക്ക് ഏറ്റവും സഹായകരമായ വിവരങ്ങള്‍ കണ്ടെത്താം. വിക്കിപീഡിയ വിവരണം ലഭ്യമല്ലാത്ത വെബ്‌സൈറ്റ് ആണെങ്കില്‍, ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ ഗൂഗിള്‍ ലഭ്യമാക്കും.