Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മൂന്ന് മത്സ്യബന്ധന തുറമുഖങ്ങള്‍ കമ്മീഷനിംഗിന്

1 min read

ചെല്ലാനം, താനൂര്‍, വെള്ളയില്‍ മത്സ്യബന്ധന തുറമുഖങ്ങള്‍ ഉടന്‍ കമ്മീഷന്‍ ചെയ്യും

കൊച്ചി: സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരാനായി മൂന്ന് മത്സ്യബന്ധന തുറമുഖങ്ങള്‍ കൂടി ഒരുങ്ങുകയാണ്. എറണാകുളം ജില്ലയിലെ ചെല്ലാനം, മലപ്പുറം ജില്ലയിലെ താനൂര്‍, കോഴിക്കോട് ജില്ലയിലെ വെള്ളയില്‍ എന്നീ മത്സ്യബന്ധന തുറമുഖങ്ങള്‍ ഈ മാസം കമ്മീഷന്‍ ചെയ്യും. കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ ഉപയോഗിച്ച് സജ്ജമാക്കുന്ന മൂന്ന് മത്സ്യബന്ധന തുറമുഖങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്.

കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായി ആരംഭിച്ച തുറമുഖങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതിന് വേണ്ടിവന്ന അധിക തുക നബാര്‍ഡിന്റെ ഗ്രാമീണ പശ്ചാത്തല സൗകര്യ വികസന പദ്ധതിയിലൂടെയും സംസ്ഥാന പ്ലാന്‍ ഫണ്ടില്‍ നിന്നുമാണ് കണ്ടെത്തിയത്. ഈ ഹാര്‍ബറുകള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് എട്ട് ഹാര്‍ബറുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി എന്ന അപൂര്‍വ്വ നേട്ടമാണ് സംസ്ഥാന സര്‍ക്കാര്‍ കൈവരിക്കുന്നത്.

  തൊഴിലിടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമാക്കണം: ടെക്നോപാര്‍ക്ക് സിഇഒ

എറണാകുളം ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമായ ചെല്ലാനം ഹാര്‍ബര്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ 200ലേറെ യന്ത്രവത്കൃത ബോട്ടുകള്‍ക്കും ആയിരത്തോളം നാടന്‍ വളളങ്ങള്‍ക്കും ഇവിടെ മത്സ്യ ബന്ധനത്തിലേര്‍പ്പെടാന്‍ സാധിക്കും. ചെല്ലാനം, മറുപക്കാട്, കണ്ടേക്കടവ്, കണ്ണമാലി, ചെറിയകടവ്, മറന്നശ്ശേരി എന്നീ ഗ്രാമങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മത്സ്യബന്ധന ദിനങ്ങള്‍ 120ല്‍ നിന്ന് 250 ആയി ഉയര്‍ത്താനുമാകും. ഒന്നര ലക്ഷത്തോളം പേര്‍ക്ക് ഹാര്‍ബറിലൂടെ നേരിട്ടും പരോക്ഷമായും തൊഴില്‍ ലഭിക്കും. 50 കോടി രൂപയാണ് പദ്ധതിയുടെ ആകെ നിര്‍മാണ ചെലവ്. വാര്‍ഫ്, ലേലപ്പുര, അപ്രോച്ച് റോഡ്, റിക്ലമേഷന്‍ ബണ്ട്, പാര്‍ക്കിംഗ് ഏരിയ, ലോഡിംഗ് ഏരിയ എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയായി വരുന്നു.

  ഈ സാമ്പത്തിക വര്‍ഷം 25 കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍

മലപ്പുറം ജില്ലയിലെ താനൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ കമ്മീഷന്‍ ചെയ്യുന്നതോടെ സമീപ പ്രദേശങ്ങളിലെ ഒരു ലക്ഷത്തോളം പേര്‍ക്ക് നേരിട്ടും പരോക്ഷമായും തൊഴില്‍ ലഭ്യമാകും. പുതിയ കടപ്പുറം, ചീരാന്‍ കടപ്പുറം, എടക്കടപ്പുറം, ഒസ്സാന്‍, എളാരന്‍, പണ്ടാരക്കടപ്പുറം, കോര്‍മ്മന്‍ കടപ്പുറം എന്നീ മത്സ്യബന്ധന ഗ്രാമങ്ങള്‍ക്ക് പദ്ധതി പ്രയോജനകരമാകും. ഹാര്‍ബര്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ മത്സ്യബന്ധനത്തിനുള്ള ദിനങ്ങള്‍ 250 ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 86 കോടി രൂപയാണ് ആകെ പദ്ധതി ചെലവ്. പുലിമുട്ടുകള്‍, ഡ്രഡ്ജിംഗ്, വാര്‍ഫ്, ലേലഹാള്‍, ലോഡിംഗ് ഏരിയ, അപ്രോച്ച് റോഡ് എന്നിവയുടെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്.

ഫിഷ് ലാന്‍ഡിങ് സെന്റര്‍ മാത്രമായിരുന്ന വെള്ളയില്‍ മത്സ്യബന്ധന തുറമുഖം പ്രവര്‍ത്തന സജ്ജമാകുന്നതോടെ ചെറുവള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും മത്സ്യവുമായി കരയ്ക്കെത്തുന്നതിനും വിപണനത്തിനും സൗകര്യമൊരുങ്ങും. വെള്ളയില്‍, പുതിയകടവ്, തോപ്പയില്‍, കാമ്പുറം എന്നീ ഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് തുറമുഖം പ്രയോജനപ്പെടും. കോഴിക്കോട് നഗരത്തിനകത്തു തന്നെ സ്ഥിതി ചെയ്യുന്ന ഹാര്‍ബര്‍ എന്ന നിലയില്‍ മത്സ്യവിപണനത്തിന് വലിയ സാധ്യതയാണ് ഇവിടെ ഉണ്ടാവുക. മത്സ്യബന്ധനത്തിനുള്ള പ്രവൃത്തി ദിനങ്ങള്‍ 250 ആയി വര്‍ദ്ധിക്കും.

  കൊച്ചിയില്‍ നിന്നും അഗര്‍ത്തലയിലേക്ക്‌ എയർ ഇന്ത്യ എക്‌സ്പ്രസ്

32 കോടി രൂപ വിലമതിക്കുന്ന 8980 ടണ്‍ മത്സ്യ സമ്പത്ത് പ്രതിവര്‍ഷം ഇവിടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുലിമുട്ടുകള്‍, വാര്‍ഫ്, ലേല ഹാള്‍, ലോഡിംഗ് ഏരിയ എന്നിവ പൂര്‍ത്തീകരിച്ചു. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, അനുബന്ധ റോഡ് നിര്‍മ്മാണം, ചുറ്റുമതില്‍, പാര്‍ക്കിംഗ്, ഡ്രെയിന്‍, വൈദ്യുതീകരണം, തെക്കേ പുലിമുട്ടിന്റെ നീളം വര്‍ദ്ധിപ്പിക്കല്‍ എന്നീ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. ആകെ 75 കോടി രൂപയാണ് പദ്ധതി ചെലവ്. വാര്‍ഫില്‍ അടിഞ്ഞുകിടക്കുന്ന മണല്‍ നീക്കുന്ന പ്രവൃത്തിയും പുരോഗമിക്കുന്നു.

Maintained By : Studio3