വാട്‌സ്ആപ്പ് എതിരാളികളായ സിഗ്നല്‍, ടെലഗ്രാം നേടിയത് 1,200 ശതമാനം വളര്‍ച്ച
വാട്‌സ്ആപ്പിന്റെ പരിഷ്‌കരിച്ച സ്വകാര്യതാ നയം സ്വീകരിക്കുന്നതിനുള്ള അവസാന തീയതിയായ മെയ് 15 ന് മുമ്പാണ് എതിരാളി ആപ്പുകള്‍ ഇത്രയും വളര്‍ച്ച കൈവരിച്ചത്
വാട്‌സ്ആപ്പ് എതിരാളികളായ സിഗ്നല്‍, ടെലഗ്രാം എന്നിവ നേടിയത് ഏകദേശം 1,200 ശതമാനം വളര്‍ച്ച. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പിന്റെ പരിഷ്‌കരിച്ച സ്വകാര്യതാ നയം സ്വീകരിക്കുന്നതിനുള്ള അവസാന തീയതിയായ മെയ് 15 ന് മുമ്പാണ് എതിരാളി ആപ്പുകള്‍ ഇത്രയും വളര്‍ച്ച കൈവരിച്ചത്. പുതിയ സ്വകാര്യതാ നയം സംബന്ധിച്ച് വാട്‌സ്ആപ്പ് ഈയിടെ പിന്നോക്കം പോവുകയും സമയപരിധി റദ്ദാക്കുകയും ചെയ്‌തെങ്കിലും ജനുവരി മുതല്‍ നിലനില്‍ക്കുന്ന നീരസമാണ് പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ഏറ്റവുമടുത്ത രണ്ട് ബദല്‍ ആപ്പുകളെ സഹായിച്ചത്. സിഗ്നല്‍, ടെലഗ്രാം എന്നീ രണ്ട് ബദല്‍ പ്ലാറ്റ്‌ഫോമുകള്‍ ഈ അവസരം ശരിക്കും മുതലെടുക്കുകയായിരുന്നു. ഈ രണ്ട് ആപ്പുകളും തങ്ങളുടെ സ്വകാര്യതാ നയങ്ങള്‍ ഇതിനിടെ പ്രചരിപ്പിക്കുകയും ചെയ്തു.
സിഗ്നല്‍, ടെലഗ്രാം ആപ്പുകളിലേക്ക് മാറിയവരുടെ എണ്ണം ജനുവരിയില്‍ വലിയ തോതില്‍ വര്‍ധിച്ചതായി മൊബീല്‍ ആപ്പുകള്‍ വിശകലനം ചെയ്യുന്ന സ്ഥാപനമായ സെന്‍സര്‍ ടവര്‍ പറയുന്നു. ഈ സമയത്താണ് വാട്‌സ്ആപ്പ് തങ്ങളുടെ പരിഷ്‌കരിച്ച സ്വകാര്യതാ നയം കൊണ്ടുവരുന്നതായി ആദ്യമായി ശ്രദ്ധയില്‍പ്പെടുന്നത്. മെസേജിംഗ് ആപ്പില്‍നിന്ന് മാതൃ കമ്പനിയായ ഫേസ്ബുക്കിന് ഉപയോക്താക്കളുടെ ഡാറ്റ കൈവശപ്പെടുത്താന്‍ കഴിയുമെന്നതായിരുന്നു സ്വകാര്യതാ നയത്തിലെ പരിഷ്‌കാരം. ഫെബ്രുവരി എട്ടിനുള്ളില്‍ എല്ലാ ഉപയോക്താക്കളും പുതിയ സ്വകാര്യതാ നയം അംഗീകരിക്കണമെന്ന് വാട്‌സ്ആപ്പ് പറഞ്ഞു. എന്നാല്‍ ഉപയോക്താക്കളില്‍നിന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ ഈ സമയപരിധി മെയ് 15 ലേക്ക് മാറ്റി. ഏറ്റവുമൊടുവില്‍, ഈയിടെ ഈ സമയപരിധി എടുത്തുകളഞ്ഞു. എങ്കിലും പരിഷ്‌കരിച്ച സ്വകാര്യതാ നയം ഉപേക്ഷിച്ചിട്ടില്ല. പുതിയ നയം സ്വീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് ആപ്പിലെ ഫംഗ്ഷനുകള്‍ പരിമിതപ്പെടുത്തും.
മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷത്തെ ആദ്യ നാല് മാസങ്ങളില്‍ സിഗ്നല്‍ ആദ്യമായി ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണം 1,192 ശതമാനം വര്‍ധിച്ചതായി സെന്‍സര്‍ ടവര്‍ പറയുന്നു. ആഗോളതലത്തില്‍ 64.4 മില്യണ്‍ ഡൗണ്‍ലോഡുകളാണ് നേടിയത്. അതേസമയം, മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍, ടെലഗ്രാം ഇന്‍സ്റ്റലേഷനുകള്‍ 98 ശതമാനമാണ് വര്‍ധിച്ചത്. 161 മില്യണ്‍ ഡൗണ്‍ലോഡുകള്‍ നേടി. വാട്‌സ്ആപ്പിന്റെ കാര്യത്തില്‍, 2020 ആദ്യ നാല് മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, 2021 ജനുവരി മുതല്‍ ഏപ്രില്‍ വരെ ആഗോളതലത്തില്‍ വാട്‌സ്ആപ്പ് ഇന്‍സ്റ്റലേഷനുകള്‍ 43 ശതമാനമാണ് കുറഞ്ഞത്. 172.3 മില്യണ്‍ ഡൗണ്‍ലോഡുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്.
2021 ജനുവരിയില്‍ സിഗ്നല്‍ ഇന്‍സ്റ്റലേഷനുകള്‍ 5,001 ശതമാനമാണ് വര്‍ധിച്ചത്. അതായത്, 50.6 മില്യണ്‍ ഇന്‍സ്റ്റലേഷനുകള്‍. 2020 ജനുവരിയില്‍ 9,92,000 ഇന്‍സ്റ്റലേഷനുകളാണ് നേടിയത്. എന്നാല്‍ ജനുവരിയിലെ വര്‍ധനയ്ക്കുശേഷം സിഗ്നല്‍ ഇന്‍സ്റ്റലേഷനുകളുടെ എണ്ണത്തില്‍ ഓരോ മാസവും ഇടിവ് സംഭവിക്കുന്നതാണ് കണ്ടത്. എങ്കിലും വാര്‍ഷികാടിസ്ഥാനത്തില്‍ ഓരോ മാസവും സിഗ്നല്‍ സ്ഥിരമായി വളര്‍ച്ച കൈവരിക്കുന്നു.
ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ആഗോളതലത്തില്‍ 2.8 മില്യണ്‍ ഡൗണ്‍ലോഡുകളാണ് സിഗ്നല്‍ നേടിയത്. 2020 ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്ത 1.3 മില്യണ്‍ ഡൗണ്‍ലോഡുകളേക്കാള്‍ ഇരട്ടിയിലധികമാണിത്. വാര്‍ഷികാടിസ്ഥാനത്തില്‍ ടെലഗ്രാം ഡൗണ്‍ലോഡുകളുടെ വളര്‍ച്ച 283 ശതമാനമാണ്. 16.6 മില്യണ്‍ ഡൗണ്‍ലോഡുകളില്‍നിന്ന് 63.5 മില്യണായി വര്‍ധിച്ചു. എന്നാല്‍ 2020 ഏപ്രിലിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാസത്തില്‍ ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ മൂന്ന് ശതമാനം ഇടിവ് പ്രകടമായി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ഏകദേശം 27 മില്യണ്‍ ആയിരുന്നെങ്കില്‍ 2021 ഏപ്രിലില്‍ 26.2 മില്യണായി കുറഞ്ഞു.
സിഗ്നല്‍, ടെലഗ്രാം ആപ്പുകള്‍ ജനുവരിയില്‍ വളര്‍ച്ച നേടിയെങ്കില്‍ പിന്നീട് ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ ഇടിവ് പ്രകടമായി. വാട്‌സ്ആപ്പ് മുമ്പാകെ ശക്തമായ പോരാട്ടം കാഴ്ച്ചവെയ്ക്കാന്‍ ഈ രണ്ട് ആപ്പുകള്‍ക്കും കഴിഞ്ഞെങ്കിലും ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകളുടെ വിപണി ഇപ്പോഴും ഭരിക്കുന്നത് വാട്‌സ്ആപ്പ് തന്നെയാണ്.
പരിഷ്‌കരിച്ച സ്വകാര്യതാ നയം വിവാദമാകുന്നതിനുമുന്നേ, കഴിഞ്ഞ വര്‍ഷം കൊവിഡ് മഹാമാരിയുടെ തുടക്കത്തില്‍ വാട്‌സ്ആപ്പ് ആപ്പ് ഇന്‍സ്റ്റലേഷനുകളുടെ എണ്ണത്തില്‍ ഇടിവ് കണ്ടിരുന്നതായി സെന്‍സര്‍ ടവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിമാസ കണക്കുകളില്‍, 2020 ഏപ്രില്‍ മാസത്തില്‍ ആഗോളതലത്തില്‍ വാട്‌സ്ആപ്പ് ഇന്‍സ്റ്റലേഷനുകള്‍ 28 ശതമാനമാണ് കുറഞ്ഞത്. 2020 മാര്‍ച്ച് മാസത്തില്‍ 76.5 മില്യണ്‍ ആയിരുന്നെങ്കില്‍ 2020 ഏപ്രിലില്‍ 55.2 മില്യണ്‍ ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഉടനീളം ഇന്‍സ്റ്റലേഷനുകള്‍ കുറയാന്‍ കാരണം ഒരുപക്ഷേ പുതിയ യൂസര്‍മാര്‍ ആയിരിക്കാം. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഒരിടത്ത് ഇരിക്കുമ്പോള്‍ വാട്‌സ്ആപ്പിന്റെ ഡെസ്‌ക്‌ടോപ്പ്, വെബ് വേര്‍ഷനുകള്‍ ഉപയോഗിച്ചതായിരിക്കാം കാരണം.