രത്തന്‍ ടാറ്റ പിന്തുണയ്ക്കുന്ന മോഗ്ലിക്സ് ഇന്ത്യയുടെ പുതിയ യുണികോണ്‍
1 min readടാറ്റ സണ്‍സിന്‍റെ ചെയര്‍മാന്‍ എമെറിറ്റസ് രത്തന്‍ ടാറ്റ 2016ല്‍ ഈ ബി 2 ബി പ്ലാറ്റ്ഫോമില്‍ വെളിപ്പെടുത്താത്ത തുക നിക്ഷേപിച്ചിരുന്നു
ന്യൂഡെല്‍ഹി: രത്തന്‍ ടാറ്റയുടെ പിന്തുണയുള്ള മൊഗ്ലിക്സ് 120 മില്യണ്‍ ഡോളറിന്‍റെ സമാഹരണത്തോടെ ഇന്ത്യയുടെ യുണികോം ക്ലബ്ബിലേക്ക് എത്തി. രാജ്യത്ത് മാനുഫാക്ചറിംഗ് മേഖലയില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ വ്യാവസായിക ബി 2 ബി കൊമേഴ്സ് പ്ലാറ്റ്ഫോം ആണിതെന്ന് കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
മോഗ്ലിക്സിന്‍റെ സീരീസ് ഇ ഫണ്ടിംഗ് റൗണ്ടിന് നേതൃത്വം നല്‍കിയത് ഫാല്‍ക്കണ്‍ എഡ്ജ് ക്യാപിറ്റല്‍, ഹാര്‍വാര്‍ഡ് മാനേജ്മെന്‍റ് കമ്പനി (എച്ച്എംസി) എന്നിവയാണ്. കൂടാതെ നിലവിലുള്ള നിക്ഷേപകരായ ടൈഗര്‍ ഗ്ലോബല്‍, സീക്വോയ ക്യാപിറ്റല്‍ ഇന്ത്യ, വെഞ്ച്വര്‍ ഹൈവേ എന്നിവയുടെ പങ്കാളിത്തവും ഉണ്ടായി.
‘ഇന്ത്യന്‍ മാനുഫാക്ചറിംഗ് മേഖലയുടെ ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത സാധ്യതകളെ കുറിച്ചുള്ള ഉറച്ച വിശ്വാസത്തോടെയാണ് ഞങ്ങള്‍ ആറ് വര്‍ഷം മുമ്പ് ആരംഭിച്ചത്. രത്തന്‍ ടാറ്റയെ പോലുള്ള ശക്തരുടെ വിശ്വാസവും തുണയായി. ഇന്ത്യയില്‍ ഒരു ട്രില്യണ്‍ ഡോളര്‍ മാനുഫാക്ചറിംഗ് സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുന്നതില്‍ പങ്കുവഹിക്കുക എന്ന ദൗത്യവും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു, ” മോഗ്ലിക്സ് സ്ഥാപകനും സിഇഒയുമായ രാഹുല്‍ ഗാര്‍ഗ് പറഞ്ഞു.
ടാറ്റ സണ്‍സിന്‍റെ ചെയര്‍മാന്‍ എമെറിറ്റസ് രത്തന്‍ ടാറ്റ 2016ല്‍ ഈ ബി 2 ബി പ്ലാറ്റ്ഫോമില്‍ വെളിപ്പെടുത്താത്ത തുക നിക്ഷേപിച്ചിരുന്നു. ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടോടു കൂടി മോഗ്ലിക്സ് സമാഹരിച്ച മൊത്തം ഫണ്ട് 220 മില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നു. മാനുഫാക്ചറിംഗിനായി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം സജ്ജമാക്കുകയാണ് മോഗ്ലിക്സ് ചെയ്യുന്നത്. അത് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സംഭരണം, പാക്കേജിംഗ്, സപ്ലൈ ചെയിന്‍ ഫിനാന്‍സിംഗ്, ഉയര്‍ന്ന തലത്തിലുള്ള ഇന്‍റഗ്രേറ്റഡ് സോഫ്റ്റ്വെയര്‍ തുടങ്ങിയവ പ്രദാനം ചെയ്യുന്നു.
ഐഐടി കാണ്‍പൂരിലെയും ഐഎസ്ബിയിലെയും പൂര്‍വ വിദ്യാര്‍ത്ഥിയായ ഗാര്‍ഗ് 2015ല്‍ സ്ഥാപിച്ച ഈ സ്റ്റാര്‍ട്ടപ്പ് ഇന്ന് ഇന്ത്യ, സിംഗപ്പൂര്‍, യുകെ, യുഎഇ എന്നിവിടങ്ങളിലായി 500,000 ത്തിലധികം എസ്എംഇകള്‍ക്കും 3,000 നിര്‍മാണ പ്ലാന്‍റുകള്‍ക്കും വിവിധ സൊലൂഷനുകള്‍ നല്‍കുന്നു. ഹീറോ മോട്ടോകോര്‍പ്പ്, വേദാന്ത, ടാറ്റ സ്റ്റീല്‍, യൂണിലിവര്‍, പൊതുമേഖലാ സ്ഥാപനങ്ങളായ എയര്‍ ഇന്ത്യ, എന്‍ടിപിസി എന്നിവ മൊഗ്ലിക്സ് പ്ലാറ്റ്ഫോമില്‍ നിന്ന് പരോക്ഷമായി ഉല്‍പ്പന്നങ്ങള്‍ സമാഹരിക്കുന്നുണ്ട്.
കോവിഡ് സാഹചര്യത്തില്‍ രാജ്യത്ത് 1 ദശലക്ഷം ആളുകള്‍ക്ക് പ്രയോജനകരമാകുന്ന തരത്തില്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ എത്തിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് ഗാര്‍ഗ് പറഞ്ഞു. ആഗോളതലത്തില്‍, പിപിഇ വിതരണം കാര്യക്ഷമമാക്കുന്നതിന് കഴിഞ്ഞ വര്‍ഷത്തിലും ഈ വര്‍ഷത്തിലുമായി 20ലധികം രാജ്യങ്ങളില്‍ പങ്കുവഹിക്കാനായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.