ഇലക്ട്രിക് വാഹനം വാര്‍ഡ് വിസാര്‍ഡിന് പുതിയ പ്ലാന്റ്
ആദ്യ ഘട്ടത്തില്‍ പ്രതിവര്‍ഷം ഒരു ലക്ഷത്തോളം ഇരുചക്രവാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റിനായി 45 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തിയത്
അഹമ്മദാബാദ്: ഇലക്ട്രിക് വാഹന രംഗത്തെ പ്രമുഖ കമ്പനികളിലൊന്നായ വാര്‍ഡ് വിസാര്‍ഡ് ഇന്നവേഷന്‍സ് ഗുജറാത്തിലെ വഡോദരയില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ നിര്‍മിക്കുന്നതിന് പുതിയപ്ലാന്റ് ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ പ്രതിവര്‍ഷം ഒരു ലക്ഷത്തോളം ഇരുചക്രവാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റിനായി 45 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തിയത്. പുതിയ പ്ലാന്റില്‍ നേരിട്ടും പരോക്ഷമായും ആറായിരത്തോളം പേര്‍ക്ക് തൊഴില്‍ ലഭിക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുതിയ പ്ലാന്റിന്റെ വര്‍ച്ച്വല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വഡോദര എംപി രഞ്ജന്‍ബെന്‍, ഗുജറാത്ത് നിയമസഭ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി എന്നിവര്‍ പങ്കെടുത്തു.
ബീസ്റ്റ്, തണ്ടര്‍ബോള്‍ട്ട്, ഹരിക്കെയിന്‍, സ്‌കൈലൈന്‍ എന്നീ നാല് പുതിയ ഇലക്ട്രിക് ബൈക്ക് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. കമ്പനിയുടെ പ്രമുഖ ബ്രാന്‍ഡായ ജോയ് ഇബൈക്കിനു കീഴില്‍ പുതിയ മോഡലുകള്‍ പുറത്തിറക്കും. അസാധാരണ വേഗം, പിക്ക്അപ്പ്, കരുത്ത് എന്നിവയോടെ കമ്പനിയുടെ ഇബൈക്ക്, ഇസ്‌കൂട്ടര്‍ ശ്രേണിയില്‍ ഇപ്പോള്‍ പത്തിലധികം മോഡലുകളായി.
തുടക്കത്തിലെ ഒരു ലക്ഷം യൂണിറ്റ് ഉല്‍പ്പാദന ശേഷി വരുംവര്‍ഷങ്ങളില്‍ മൂന്ന്, നാല് ലക്ഷമായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ആഭ്യന്തര വിപണി കൂടാതെ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് തുടങ്ങിയ വിപണികളിലേക്കുള്ള കയറ്റുമതിയും പരിഗണിക്കുന്നു. അടുത്ത മൂന്നുനാല് വര്‍ഷത്തിനുള്ളില്‍ 600 കോടി രൂപ വരുമാനമാണ് ലക്ഷ്യം. സമീപഭാവിയില്‍ത്തന്നെ മൂന്നുചക്ര വാഹനം അവതരിപ്പിക്കാനും ലക്ഷ്യമിടുന്നു.