September 14, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലിമിറ്റഡ് എഡിഷനില്‍ ടാറ്റ ടിയാഗോ മൂന്ന് കളര്‍ ഓപ്ഷനുകളില്‍

ടിയാഗോയുടെ എക്‌സ്ടി വേരിയന്റ് അടിസ്ഥാനമാക്കിയാണ് പ്രത്യേക പതിപ്പ് നിര്‍മിച്ചത്

മുംബൈ: ടാറ്റ ടിയാഗോ ഹാച്ച്ബാക്കിന്റെ ലിമിറ്റഡ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 5.79 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ടാറ്റ ടിയാഗോയുടെ എക്‌സ്ടി വേരിയന്റ് അടിസ്ഥാനമാക്കിയാണ് പ്രത്യേക പതിപ്പ് നിര്‍മിച്ചത്. പുറത്ത് അലങ്കാരങ്ങളോടെയും അകത്ത് ഒരുപിടി അധിക ഫീച്ചറുകള്‍ നല്‍കിയുമാണ് ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കിയത്. ഫ്‌ളെയിം റെഡ്, പേളസെന്റ് വൈറ്റ്, ഡേടോണ ഗ്രേ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും.

ഗ്ലോസ് ബ്ലാക്ക് ഫിനിഷ് ലഭിച്ച 14 ഇഞ്ച് അലോയ് വീലുകള്‍ കുഞ്ഞന്‍ ഹാച്ച്ബാക്കിന്റെ പ്രത്യേക പതിപ്പ് കൂടുതല്‍ ആകര്‍ഷകമാണ്. ആംഗുലര്‍ ഹെഡ്‌ലാംപുകള്‍, അമ്പുകളുടെ മാതൃകയോടെ ഡിസൈന്‍ ചെയ്ത ഗ്രില്‍, റൂഫില്‍ സ്ഥാപിച്ച സ്‌പോയ്‌ലര്‍, നമ്പര്‍ പ്ലേറ്റിന് ബംപറില്‍ ഇടം എന്നിവ അതേപോലെ തുടരുന്നു.

നിലവിലെ ടോപ് സ്‌പെക് വേരിയന്റുകളില്‍ നല്‍കിയ ഫീച്ചറുകള്‍ പ്രത്യേക പതിപ്പിന് ലഭിച്ചു. നാവിഗേഷന്‍, വോയ്‌സ് കമാന്‍ഡ് റെക്കഗ്‌നിഷന്‍ എന്നിവ സഹിതം 5 ഇഞ്ച് ഹാര്‍മന്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കി. ഡിസ്‌പ്ലേ സഹിതം റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ ലഭിച്ചു. കാബിന്റെ പിറകില്‍ പാഴ്‌സല്‍ ഷെല്‍ഫ് നല്‍കിയതോടെ ടിയാഗോയുടെ പ്രായോഗികത പിന്നെയും വര്‍ധിച്ചു.

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 85 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

2016 ല്‍ വിപണിയില്‍ അവതരിപ്പിച്ചതു മുതല്‍ സ്വന്തം സെഗ്മെന്റില്‍ വമ്പന്‍ വിജയം കൈവരിച്ചവനാണ് ടിയാഗോ എന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വാഹന ബിസിനസ് വിഭാഗം വിപണനകാര്യ മേധാവി വിവേക് ശ്രീവത്സ പറഞ്ഞു. 2020 ല്‍ മോഡലിന്റെ ബിഎസ് 6 പതിപ്പ് പുറത്തിറക്കി. ഗ്ലോബല്‍ എന്‍കാപിന്റെ 4 സ്റ്റാര്‍ റേറ്റിംഗ് നേടിയ ബിഎസ് 6 ടാറ്റ ടിയാഗോ സ്വന്തം സെഗ്മെന്റിലെ ഏറ്റവും സുരക്ഷിത വാഹനമാണ്. വിപണിയില്‍ മികച്ച പ്രതികരണം ലഭിച്ച ടാറ്റ ടിയാഗോ ഇതുവരെ മൂന്നേകാല്‍ ലക്ഷത്തിലധികം പേര്‍ സ്വന്തമാക്കി.

 

Maintained By : Studio3