5 സീറ്റര്‍ എസ്‌യുവി ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ തിരികെ വരും
പരിഷ്‌കരിച്ച ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു
ന്യൂഡെല്‍ഹി: 5 സീറ്റര്‍ എസ്‌യുവിയായ ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഇന്ത്യന്‍ കാര്‍ വിപണിയില്‍ തിരിച്ചെത്തുന്നു. നേരത്തെ ഇന്ത്യയില്‍ വിറ്റിരുന്ന ടിഗ്വാന്‍ വിപണി വിടുകയും പകരം 7 സീറ്റര്‍ എസ്‌യുവിയായ ടിഗ്വാന്‍ ഓള്‍സ്‌പേസ് അവതരിപ്പിക്കുകയുമായിരുന്നു. മുന്‍ഗാമിയെപ്പോലെ പുതിയ ടിഗ്വാന്‍ ഇന്ത്യയില്‍ തദ്ദേശീയമായി അസംബിള്‍ ചെയ്യും. ഈ വര്‍ഷം വിപണിയിലെത്തും.
പരിഷ്‌കരിച്ച ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. രൂപകല്‍പ്പനയില്‍ മാറ്റം വരുത്തിയും കാബിന്‍ പരിഷ്‌കരിച്ചുമാണ് പുതിയ മോഡല്‍ പുറത്തിറക്കിയത്. ഫോക്‌സ്‌വാഗണിന്റെ ഏറ്റവും പുതിയ എംഐബി3 ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ഉള്‍പ്പെടെ കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി.
മറ്റ് ഫോക്‌സ്‌വാഗണ്‍ മോഡലുകളെപ്പോലെ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമായിരിക്കും ടിഗ്വാന്‍ ലഭിക്കുന്നത്. 2.0 ലിറ്റര്‍ ടിഎസ്‌ഐ എന്‍ജിന്‍ ഉപയോഗിക്കും. ഈ പെട്രോള്‍ എന്‍ജിന്‍ 184 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 8 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെയ്ക്കും. ഫോക്‌സ്‌വാഗണിന്റെ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനമായ ‘4മോഷന്‍’ നല്‍കി.
സ്‌കോഡ കോഡിയാക്ക്, ടൊയോട്ട ഫോര്‍ച്യൂണര്‍, എംജി ഗ്ലോസ്റ്റര്‍, ഫോഡ് എന്‍ഡവര്‍ മോഡലുകളുമായി ഇന്ത്യന്‍ വിപണിയില്‍ മല്‍സരിക്കും.