എന്‍ജിന്‍ പരിഷ്‌കാരങ്ങളോടെ ടിവിഎസ് എന്‍ടോര്‍ക്ക് 125 റേസ് എക്‌സ്പി
ഏറ്റവും കരുത്തേറിയ വകഭേദത്തിന് 83,275 രൂപയാണ് വില
ന്യൂഡെല്‍ഹി: ടിവിഎസ് എന്‍ടോര്‍ക്ക് 125 റേസ് എക്‌സ്പി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ടിവിഎസ് എന്‍ടോര്‍ക്ക് 125 സ്‌കൂട്ടറിന്റെ ഏറ്റവും കരുത്തേറിയ വകഭേദത്തിന് 83,275 രൂപയാണ് വില. ഇതോടെ ഡ്രം, ഡിസ്‌ക്, റേസ് എഡിഷന്‍, സൂപ്പര്‍ സ്‌ക്വാഡ് എഡിഷന്‍ എന്നിവ ഉള്‍പ്പെടെ ആകെ അഞ്ച് വകഭേദങ്ങളില്‍ ടിവിഎസ് എന്‍ടോര്‍ക്ക് 125 ലഭിക്കും.
മറ്റ് വേരിയന്റുകളില്‍ നിന്ന് വ്യത്യസ്തമായി എന്‍ജിന്‍ പരിഷ്‌കാരങ്ങളോടെയാണ് റേസ് എക്‌സ്പി വരുന്നത്. ഈ മോട്ടോര്‍ 7,000 ആര്‍പിഎമ്മില്‍ 10.2 എച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 10.8 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. അതായത് മറ്റ് വേരിയന്റുകളേക്കാള്‍ 0.8 എച്ച്പി കരുത്തും 0.3 എന്‍എം ടോര്‍ക്കും വര്‍ധിച്ചു. മറ്റ് വേരിയന്റുകളേക്കാള്‍ ഭാരം കുറഞ്ഞതാണ് റേസ് എക്‌സ്പി വേര്‍ഷനെന്ന് കമ്പനി അറിയിച്ചു. അതേസമയം കര്‍ബ് വെയ്റ്റ് എത്രയെന്ന് വെളിപ്പെടുത്തിയില്ല.
ഉയര്‍ന്ന ടോപ് സ്പീഡ് ലഭിച്ചതാണ് റേസ് എക്‌സ്പി വകഭേദം. മണിക്കൂറില്‍ 98 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത. റേസ് മോഡില്‍ മികച്ച ആക്‌സെലറേഷന്‍ ലഭിക്കുമെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി അവകാശപ്പെട്ടു. കുറഞ്ഞ വേഗതകളില്‍ സ്ട്രീറ്റ് എന്ന മറ്റ് റൈഡിംഗ് മോഡ് ഉപയോഗിക്കുന്നതാണ് ഉചിതം. ഇതോടെ കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കും.
ഈ സ്‌കൂട്ടറിനായി ‘ടിവിഎസ് കണക്റ്റ്’ മൊബീല്‍ ആപ്ലിക്കേഷന്റെ യൂസര്‍ ഇന്റര്‍ഫേസ് കൂടി ടിവിഎസ് പരിഷ്‌കരിച്ചു. ബ്ലൂടൂത്ത് വഴി ഏതെങ്കിലും ഡിവൈസ് കണക്റ്റ് ചെയ്താല്‍ ഇപ്പോള്‍ നാവിഗേഷന്‍ മുതല്‍ മോഡുകള്‍ മാറ്റുന്നതു വരെയുള്ള പതിനഞ്ച് വ്യത്യസ്ത വോയ്‌സ് കമാന്‍ഡുകള്‍ സ്വീകരിക്കാന്‍ കഴിയും. പുതിയ ത്രീ ടോണ്‍ കളര്‍ സ്‌കീം, ചുവന്ന അലോയ് വീലുകള്‍ എന്നിവയും ലഭിച്ചു.