September 12, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ട്രിമ 2025 ജൂലൈ 30 ന്

1 min read

തിരുവനന്തപുരം: ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍റെ (ടിഎംഎ) ദ്വിദിന വാര്‍ഷിക മാനേജ്മെന്‍റ് കണ്‍വെന്‍ഷന്‍ ‘ട്രിമ 2025’ ജൂലൈ 30 ന് വൈകിട്ട് 5ന് ഹോട്ടല്‍ ഒ ബൈ താമരയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിന്‍റെ സാമ്പത്തിക സാമൂഹിക വികസനത്തിന് നേതൃത്വം നല്കാന്‍ കഴിവുള്ള മികവുറ്റ നേതൃനിരയെ വളര്‍ത്തിയെടുക്കുന്ന കേന്ദ്രമായി തലസ്ഥാനമേഖലയെ മാറ്റാനുള്ള രൂപരേഖ സമ്മേളനം മുന്നോട്ട് വെയ്ക്കും. വിവിധ മേഖലകളിലെ വിദഗ്ധര്‍ പ്രഭാഷകരായി പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ കേരളത്തിന്‍റെ സുസ്ഥിര സാമൂഹിക-സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ട ആശയങ്ങളും കാഴ്ചപ്പാടുകളും പങ്കുവെയ്ക്കും. ടിഎംഎയുടെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന കണ്‍വെന്‍ഷന്‍റെ പ്രമേയം ‘ലീഡര്‍ഷിപ്പ് ഫോര്‍ എമര്‍ജിംഗ് വേള്‍ഡ് – നാവിഗേറ്റിംഗ് ടെക്നോളജി, എന്‍റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് സോഷ്യല്‍ വെല്‍-ബീയിംഗ്’ എന്നതാണ്. മികച്ച പ്രതിഭകളുടെ സാന്നിധ്യം, ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍, പ്രധാന സ്ഥാപനങ്ങളുടെ സാന്നിധ്യം എന്നീ അനുകൂല ഘടകങ്ങള്‍ പ്രയോജനപ്പെടുത്തി ഭാവിയിലേക്കുള്ള ബിസിനസ് നേതൃനിരയെ രൂപപ്പെടുത്തുന്ന മികവിന്‍റെ കേന്ദ്രമായി സംസ്ഥാനത്തെ മാറ്റുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഇത്തവണത്തെ കണ്‍വെന്‍ഷന്‍ വേദിയാകുമെന്ന് ടിഎംഎ പ്രസിഡന്‍റ് ജി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സ്കൂള്‍ തലത്തില്‍ ആരംഭിച്ച് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തുന്ന വിധമായിരിക്കണം ഒരു മികവിന്‍റെ കേന്ദ്രത്തെ വളര്‍ത്തിക്കൊണ്ടു വരേണ്ടത്. ഈയൊരു വിശാല കാഴ്ചപ്പാടിലൂന്നിയുന്ന ആശയവിനിമയം കണ്‍വെന്‍ഷനില്‍ സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൂതന സാങ്കേതികവിദ്യകളും സുസ്ഥിര വികസന മാതൃകകളും ഉപയോഗപ്പെടുത്തുന്നതിനൊപ്പം സംസ്ഥാനത്തിന്‍റെ പ്രശംസനീയമായ സാമൂഹിക വികസന നേട്ടങ്ങളെ സാമ്പത്തിക പുരോഗതിയുമായി സംയോജിപ്പിച്ചുകൊണ്ട് കേരളത്തിന്‍റെ വളര്‍ച്ച സാധ്യമാക്കുന്നതിനെക്കുറിച്ച് കണ്‍വെന്‍ഷനില്‍ ചര്‍ച്ച ചെയ്യുമെന്ന് ട്രിമ ചെയര്‍മാനും എച്ച്എല്‍എല്‍ ലൈഫ് കെയറിന്‍റെ മുന്‍ സിഎംഡിയുമായ ഡോ. എം. അയ്യപ്പന്‍ പറഞ്ഞു. ശാസ്ത്രം, മാനേജ്മെന്‍റ്, സാങ്കേതികവിദ്യ, സാമൂഹിക വികസനം എന്നിവ തമ്മിലുള്ള വൈജ്ഞാനിക കൈമാറ്റത്തിനുള്ള വേദി എന്ന നിലയില്‍ വെല്ലുവിളികള്‍ക്കൊപ്പം അവസരങ്ങളും ഉറപ്പാക്കുന്ന നേതൃ മാതൃകകളിലേക്ക് കണ്‍വെന്‍ഷന്‍ കടന്നു ചെല്ലുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസത്തെ പരിപാടിയുടെ സമാപന ചടങ്ങില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗമായ പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായി മുഖ്യാതിഥിയായിരിക്കും. സമാപന സെഷനില്‍ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ടി പി ശ്രീനിവാസന്‍ മുഖ്യ പ്രഭാഷണവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ സുശീല്‍ കുമാര്‍ പ്രത്യേക പ്രഭാഷണവും നടത്തും. ടിഎംഎ യുടെ സീനിയര്‍ വൈസ് പ്രസിഡന്‍റ് സുരേഷ് കുമാര്‍ . ബി നന്ദി പ്രകാശിപ്പിക്കും. കേരളത്തെ ബാധിക്കുന്ന നിര്‍ണായക പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യുന്നതിനുള്ള വേദിയായി ട്രിമ 2025 മാറും. മാനേജ്മെന്‍റ്-വ്യവസായ പ്രമുഖര്‍, നയരൂപീകരണ-അക്കാദമിക് വിദഗ്ധര്‍ എന്നിവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. വ്യവസായ പ്രമുഖര്‍, നയരൂപകര്‍ത്താക്കള്‍, ഇന്നൊവേറ്റേഴ്സ് തുടങ്ങിയവര്‍ പ്രതിനിധികളുമായി കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കും. ‘ഊര്‍ജ്ജസ്വലമായ നേതൃത്വത്തിനായി മാറ്റങ്ങളെയും നവീകരണത്തെയും സ്വീകരിക്കല്‍’, ‘ടെക് ഡിസ്റപ്റ്റേഴ്സ് ആന്‍ഡ് ഡിജിറ്റല്‍ എവല്യൂഷന്‍: എഐ, ഓട്ടോമേഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രി 4.0’, ‘സാമൂഹ്യക്ഷേമം സാധ്യമാക്കുന്നതിനായുള്ള വെല്ലുവിളികളെ അഭിസംബോധന ചെയ്യല്‍’, ‘ആഗോള വെല്ലുവിളികള്‍ അഭിസംബോധന ചെയ്യുന്നതില്‍ വിദ്യാഭ്യാസത്തിന്‍റെ പങ്ക്’, ‘ഇറ്റ്സ് ആള്‍ എബൗട്ട് ഇന്നൊവേഷന്‍ സക്സസ് ആന്‍ഡ് ഗ്രോത്ത്’ എന്നിവ ട്രിമ 2025 ലെ പ്രധാന സെഷനുകളില്‍ ഉള്‍പ്പെടുന്നു. സതേണ്‍ എയര്‍ കമാന്‍ഡിലെ എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് എയര്‍ മാര്‍ഷല്‍ മനീഷ് ഖന്ന, മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍, എയര്‍ മാര്‍ഷല്‍ (റിട്ട) ഐപി വിപിന്‍ എന്നിവര്‍ പ്രധാന സെഷനുകളില്‍ സംസാരിക്കും. ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട) സഞ്ജീവ് നായര്‍, കേരള ഹെല്‍ത്ത് സയന്‍സസ് വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. മോഹനന്‍ കുന്നുമ്മല്‍, ക്ലസ്റ്റര്‍ യൂണിവേഴ്സിറ്റി ഓഫ് ജമ്മു വി സി ഡോ. കെ. എസ്. ചന്ദ്രശേഖര്‍, കാലിക്കറ്റ് ഐഐഎം പ്രൊഫസറും ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരള മുന്‍ വൈസ് ചാന്‍സലറുമായ ഡോ. സജി ഗോപിനാഥ്, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, എഡിജിപി ശ്രീജിത്ത്, അദാനി- വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രദീപ് ജയരാമന്‍, കിംസ്ഹെല്‍ത്ത് സിഎംഡി ഡോ. എം.ഐ സഹദുള്ള, മുംബൈ അവലോണ്‍ കണ്‍സള്‍ട്ടിംഗ് ചെയര്‍മാന്‍ രാജ് നായര്‍, ഗൂഗിള്‍ ക്ലൗഡ് ഇന്ത്യ എംഡി ശശികുമാര്‍ ശ്രീധരന്‍, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എംഡി അജു ജേക്കബ്, സഫിന്‍ ഇന്ത്യ ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസറും എംഡിയുമായ സുജ ചാണ്ടി, തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം പ്രൊഫസറായ ഡോ. അരുണ്‍ ബി നായര്‍, ഐബിഎം കൊച്ചി എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിനോദ് ഖാദര്‍, ഹെക്സ് 20 ലാബ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ലോയ്ഡ് ജേക്കബ് ലോപ്പസ്, ജെന്‍ റോബോട്ടിക്സ് ഇന്നൊവേഷന്‍സ് ഡയറക്ടറും സിഇഒയുമായ വിമല്‍ ഗോവിന്ദ് എംകെ എന്നിവരും പ്രഭാഷകരായെത്തും. ‘ടിഎംഎ നിംസ് സിഎസ്ആര്‍ അവാര്‍ഡ് 2025′, സാമൂഹിക പ്രസക്തമായ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ടിഎംഎ-അദാനി സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ്’, മാനേജ്മെന്‍റ് മികവിനെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന ‘ടിഎംഎ കിംസ്ഹെല്‍ത്ത് തീം പ്രസന്‍റേഷന്‍ അവാര്‍ഡ്’ എന്നിവയും ഉദ്ഘാടന സെഷനില്‍ സമ്മാനിക്കും. ചിന്മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. നിഷിത് ആനന്ദ് നയിക്കുന്ന ക്വിസ് മത്സരവും പരിപാടിയിലുണ്ടാകും. 1985 ല്‍ സ്ഥാപിതമായ ടിഎംഎ മാനേജ്മെന്‍റ് മികവ് പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിര വികസനം വളര്‍ത്തുന്നതിനും പ്രതിജ്ഞാബദ്ധരായ സിഇഒമാര്‍, വ്യവസായ പ്രമുഖര്‍, നയരൂപകര്‍ത്താക്കള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഇന്ത്യയിലെ മുന്‍നിര മാനേജ്മെന്‍റ് അസോസിയേഷനുകളില്‍ ഒന്നാണ്. അഖിലേന്ത്യാ മാനേജ്മെന്‍റ് അസോസിയേഷനില്‍ (എഐഎംഎ) ടിഎംഎ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.

  ആദിവാസി ഊരുകളില്‍ ആരോഗ്യവിപ്ലവം തീര്‍ത്ത 'പത്തു രൂപ ഡോക്റ്റര്‍'

 

Maintained By : Studio3