Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടിഎംഎ മാനേജ്മെന്‍റ് കണ്‍വെന്‍ഷന് തിരുവനന്തപുരത്ത് തുടക്കം

1 min read

തിരുവനന്തപുരം: സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ മികവാണ് മാനേജ്മെന്‍റില്‍ ഏറ്റവും പ്രധാനമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍റെ (ടിഎംഎ) ദ്വിദിന വാര്‍ഷിക മാനേജ്മെന്‍റ് കണ്‍വെന്‍ഷന്‍ ‘ട്രിമ 2025’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോര്‍പ്പറേറ്റ് അഫയേഴ്സ് ഉള്‍പ്പെടെ ഏതു മേഖലയിലും മാനേജ്മെന്‍റ് മികവാണ് യഥാര്‍ഥത്തില്‍ പരീക്ഷിക്കപ്പെടുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. മാനേജ്മെന്‍റ് മികവാണ് ഒരാളെ മികച്ച നേതാവാക്കുന്നത്. മനുഷ്യത്വമുള്ളവരാകുക എന്നത് മാനേജ്മെന്‍റിലെ സുപ്രധാന വിഷയമാണ്. ഒരു നല്ല മനുഷ്യന് മാത്രമേ മികച്ച നേതാവാകാന്‍ കഴിയൂ. പ്രവൃത്തിയിലൂടെ ആര്‍ജ്ജിച്ചെടുക്കണ്ട ഈ കഴിവ് ഒരു പാഠപുസ്തകത്തിലൂടെയും ലഭിക്കാത്തതാണ്. മഹാത്മാഗാന്ധി, ശ്രീനാരായണഗുരു, ശങ്കരാചാര്യര്‍, മഹാരാജ ശിവജി തുടങ്ങിയവരുടെ ജീവിതത്തിലും കര്‍മ്മത്തിലും ഈ മാനേജ്മെന്‍റ് പാടവമുണ്ട്. ഉള്‍ക്കൊള്ളാനും പകര്‍ത്താനുമുള്ള മാതൃകയാണ് അവരുടേത്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും പടിപടിയായി ഇത് നേടിയെടുക്കാനാകും. ഒരു പ്രശ്നത്തെ നേരിടാനും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനുമുള്ള നേതൃപാടവത്തിനും മാനേജ്മെന്‍റ് മികവിനുമുള്ള മികച്ച ഉദാഹരണമാണ് പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്നുണ്ടായ ഓപ്പറേഷന്‍ സിന്ദൂറെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ടിഎംഎയുടെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന കണ്‍വെന്‍ഷന്‍റെ പ്രമേയം ‘ലീഡര്‍ഷിപ്പ് ഫോര്‍ എമര്‍ജിംഗ് വേള്‍ഡ് – നാവിഗേറ്റിംഗ് ടെക്നോളജി, എന്‍റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് സോഷ്യല്‍ വെല്‍-ബീയിംഗ്’ എന്നതാണ്. വിവിധ മേഖലകളിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ കേരളത്തിന്‍റെ സുസ്ഥിര സാമൂഹിക-സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ട ആശയങ്ങളും കാഴ്ചപ്പാടുകളും പങ്കുവെയ്ക്കും. ലോകത്തെ സാരമായി ബാധിക്കുന്ന പ്രശ്നങ്ങളില്‍ ഇടപെടുമ്പോഴാണ് നേതൃമികവ് പരീക്ഷിക്കപ്പെടുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഇന്ത്യന്‍ വ്യോമസേനയുടെ സതേണ്‍ എയര്‍ കമാന്‍ഡിലെ എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് എയര്‍ മാര്‍ഷല്‍ മനീഷ് ഖന്ന പറഞ്ഞു. പ്രശ്നങ്ങള്‍ രൂപപ്പെടുമ്പോള്‍ നയചാതുര്യത്തോടെ ഇടപെട്ട് പരിഹരിക്കുന്നതിലെ മികവിലൂടെയാണ് ലോകം അംഗീകരിക്കുന്ന നേതാക്കള്‍ ഉണ്ടാകുന്നത്. യോജിച്ച പ്രവര്‍ത്തനം, പ്രതിബദ്ധത, വിശ്വാസ്യത എന്നിവയെല്ലാം മാനേജ്മെന്‍റില്‍ പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവി നേതൃത്വത്തെ രൂപപ്പെടുത്തുന്നതിനായി മികവിന്‍റെ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള രൂപരേഖ കണ്‍വെന്‍ഷനില്‍ അവതരിപ്പിക്കുമെന്ന് സ്വാഗതപ്രസംഗത്തില്‍ ട്രിമ ചെയര്‍മാനും എച്ച്എല്‍എല്‍ ലൈഫ് കെയറിന്‍റെ മുന്‍ സിഎംഡിയുമായ ഡോ. എം. അയ്യപ്പന്‍ പറഞ്ഞു. മികച്ച പ്രതിഭകളുടെ സാന്നിധ്യം, ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍, പ്രധാന സ്ഥാപനങ്ങളുടെ സാന്നിധ്യം എന്നീ അനുകൂല ഘടകങ്ങള്‍ പ്രയോജനപ്പെടുത്തി ഭാവിയിലേക്കുള്ള ബിസിനസ് നേതൃനിരയെ രൂപപ്പെടുത്തുന്ന മികവിന്‍റെ കേന്ദ്രമായി സംസ്ഥാനത്തെ മാറ്റുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഇത്തവണത്തെ കണ്‍വെന്‍ഷന്‍ വേദിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രിമ-2025 ന്‍റെ പ്രമേയം ഏറെ പ്രസക്തമാണെന്നും സങ്കീര്‍ണമായ പ്രശ്നങ്ങളെ മാനേജ്മെന്‍റ് മികവിലൂടെ എങ്ങനെ പരിഹരിക്കാമെന്നതിനെക്കുറിച്ചുള്ള ഗൗരവകരമായ ചര്‍ച്ചകള്‍ക്ക് കണ്‍വെന്‍ഷനില്‍ നടക്കുമെന്നും ടിഎംഎ പ്രസിഡന്‍റും കെഎസ്ഐഡിസി ജിഎമ്മുമായ ജി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ട്രിമ 2025 ജനറല്‍ കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ ഗോപിനാഥും ചടങ്ങില്‍ സംസാരിച്ചു. ചടങ്ങില്‍ ടിഎംഎ വാര്‍ഷിക അവാര്‍ഡുകള്‍ ഗവര്‍ണര്‍ സമ്മാനിച്ചു. ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്കിന് ടിഎംഎ-നിംസ് സിഎസ്ആര്‍ അവാര്‍ഡും ഇന്‍റലിയോക് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന് ടിഎംഎ-അദാനി സ്റ്റാര്‍ട്ടപ്പ് അവാര്‍ഡും ലഭിച്ചു. അക്കാദമിക് മികവിനെ അംഗീകരിക്കുന്ന ടിഎംഎ-കിംസ്ഹെല്‍ത്ത് തീം പ്രസന്‍റേഷന്‍ അവാര്‍ഡ് സിഇടി സ്കൂള്‍ ഓഫ് മാനേജ്മെന്‍റിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി. 1985 ല്‍ സ്ഥാപിതമായ ടിഎംഎ ഇന്ത്യയിലെ മുന്‍നിര മാനേജ്മെന്‍റ് അസോസിയേഷനുകളില്‍ ഒന്നാണ്. ഓള്‍ ഇന്ത്യ മാനേജ്മെന്‍റ് അസോസിയേഷനില്‍ (എഐഎംഎ) ടിഎംഎ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ശാസ്ത്രം, മാനേജ്മെന്‍റ്, സാങ്കേതികവിദ്യ, സാമൂഹിക വികസനം എന്നിവ തമ്മിലുള്ള വൈജ്ഞാനിക കൈമാറ്റത്തിനുള്ള വേദി എന്ന നിലയില്‍ വെല്ലുവിളികള്‍ക്കൊപ്പം അവസരങ്ങളും ഉറപ്പാക്കുന്ന നേതൃമാതൃകകളിലേക്ക് കണ്‍വെന്‍ഷനിലെ ചര്‍ച്ചകള്‍ കടന്നുചെല്ലും.

  കേരള ടൂറിസത്തിന് പാറ്റ ഗോള്‍ഡ് അവാര്‍ഡ്
Maintained By : Studio3