സാഹസികപ്രിയര്‍ക്കായി ബിഎംഡബ്ല്യു മോട്ടോറാഡ് സഫാരി ആരംഭിച്ചു
പരിപാടികളുടെ ഭാഗമായി ജയ്പൂര്‍ മുതല്‍ ബിക്കാനേര്‍ വരെ റൈഡ് നടത്തി
ന്യൂഡെല്‍ഹി: ഈ വര്‍ഷത്തെ ബിഎംഡബ്ല്യു മോട്ടോറാഡ് സഫാരി ആരംഭിച്ചു. ‘ഡെസേര്‍ട്ട് സഫാരി’യോടുകൂടിയാണ് 2021 എഡിഷന് തുടക്കമായത്. പരിപാടികളുടെ ഭാഗമായി ജയ്പൂര്‍ മുതല്‍ ബിക്കാനേര്‍ വരെ റൈഡ് നടത്തി. ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ഇന്റര്‍നാഷണല്‍ ഇന്‍സ്ട്രക്ടേഴ്‌സ് അക്കാദമി (ഐഐഎ) അംഗീകൃത ട്രെയ്‌നറുടെ നേതൃത്വത്തില്‍ പരിശീലന പരിപാടി കൂടി ഇതോടൊപ്പം സംഘടിപ്പിച്ചു. ഓഫ് റോഡ് റൈഡിംഗ് സംബന്ധിച്ച അടിസ്ഥാന പാഠങ്ങളും റൈഡിംഗ് കഴിവുകള്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങളുമാണ് പകര്‍ന്നുനല്‍കിയത്.
ബിഎംഡബ്ല്യു മോട്ടോര്‍സൈക്കിള്‍ ഉടമകള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. പില്യണ്‍ റൈഡര്‍മാരെയും അനുവദിക്കും. പങ്കെടുക്കുന്ന റൈഡര്‍മാര്‍ക്ക് വെല്‍ക്കം പാക്ക്, ചതുര്‍പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ താമസം, ഭക്ഷണം എന്നിവ ലഭിക്കും. സഫാരി ആരംഭിക്കുന്നതിനുമുമ്പ് റൈഡര്‍മാരുടെ മോട്ടോര്‍സൈക്കിള്‍ സൗജന്യമായി പൂര്‍ണമായും പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തും.
രണ്ട് മുതല്‍ അഞ്ച് ദിവസം വരെ നീണ്ടുനില്‍ക്കുന്ന ഒരു കേന്ദ്രത്തില്‍നിന്ന് മറ്റൊരു കേന്ദ്രത്തിലേക്കുള്ള ടൂര്‍ പരിപാടികളാണ് ബിഎംഡബ്ല്യു മോട്ടോറാഡ് സഫാരിയെന്ന പേരില്‍ നടത്തുന്നത്. രാജ്യമെങ്ങും ഇത്തരത്തില്‍ അമ്പത് റൈഡിംഗ് ടൂറുകള്‍ സംഘടിപ്പിക്കും. വിദഗ്ധ പരിശീലകനും ടൂര്‍ മാനേജറുമാണ് റൈഡുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. സപ്പോര്‍ട്ട് സംഘം, പാതയോര സഹായ വാഹനം എന്നിവയും ഉണ്ടായിരിക്കും.