ലോക്ക്ഡൗണ്‍ അനുഗ്രഹമായി, നെറ്റ്ഫ്ലിക്സ് വരിക്കാരുടെ എണ്ണം 200 മില്യണ്‍ കടന്നു
1 min read2007 ല്‍ സ്ട്രീമിംഗ് സര്‍വീസ് ആരംഭിച്ച നെറ്റ്ഫ്ലിക്സ് ഇത്രയും കാലത്തിനിടെ 2020 ലാണ് ഏറ്റവുമധികം വരിക്കാരെ ചേര്‍ത്തത്
കാലിഫോര്‍ണിയ: 2020 അവസാനത്തോടെ ആഗോളതലത്തില്‍ വരിക്കാരുടെ എണ്ണം 200 മില്യണ്‍ കടന്നതായി നെറ്റ്ഫ്ലിക്സ്. പുതിയ ഉപയോക്താക്കളെയും ചേര്‍ത്തതോടെ ആഗോളതലത്തില്‍ ആകെ അംഗങ്ങളുടെ എണ്ണം 203.7 മില്യണായി വര്‍ധിച്ചു. 2007 ല്‍ സ്ട്രീമിംഗ് സര്‍വീസ് ആരംഭിച്ച നെറ്റ്ഫ്ലിക്സ് ഇത്രയും കാലത്തിനിടെ 2020 ലാണ് ഏറ്റവുമധികം വരിക്കാരെ ചേര്‍ത്തത്. ലോക്ക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ വീട്ടിലിരുന്നതാണ് നെറ്റ്ഫ്ലിക്സ്സിന് നേട്ടമായത്.
കഴിഞ്ഞ വര്‍ഷത്തെ പുതിയ ഉപയോക്താക്കളില്‍ 83 ശതമാനത്തോളം അമേരിക്കയ്ക്കും കാനഡയ്ക്കും പുറത്തുനിന്നാണെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചു. 41 ശതമാനം പേര്‍ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നാണ്. ജനുവരി മുതല്‍ മാര്‍ച്ച് വരെ കാലയളവില്‍ ആഗോളതലത്തില്‍ ആറ് മില്യണ്‍ പുതിയ വരിക്കാരെ ചേര്‍ക്കുമെന്നാണ് നെറ്റ്ഫ്ലിക്സ് അവകാശപ്പെടുന്നത്. ഏകദേശം എട്ട് മില്യണ്‍ സബ്‌സ്‌ക്രൈബര്‍മാരെ ലഭിക്കുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.
ഇതിനിടെ, നാലാം പാദത്തിലെ നെറ്റ്ഫ്ലിക്സ് വരുമാനം 6.64 ബില്യണ്‍ യുഎസ് ഡോളറായി വര്‍ധിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 5.47 ബില്യണ്‍ ഡോളറാണ് നേടിയിരുന്നത്. അതേസമയം, അറ്റാദായം 587 മില്യണ്‍ ഡോളറില്‍നിന്ന് 542.2 മില്യണ്‍ ഡോളറായി കുറഞ്ഞു.
വലിയ മാധ്യമ സ്ഥാപനങ്ങള്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നതിനാല്‍ ആഗോളതലത്തില്‍ വരിക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കിണഞ്ഞുശ്രമിക്കുകയാണ് നെറ്റ്ഫ്ലിക്സ്. വരിക്കാരുടെ എണ്ണം വര്‍ധിപ്പിക്കുകയും ഉള്ളടക്ക ആവശ്യങ്ങള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കുകയും അനിവാര്യമാണെന്ന് ഡിസ്‌നി പ്ലസുമായുള്ള മല്‍സരം ഉദ്ദേശിച്ചുകൊണ്ട് നെറ്റ്ഫ്ലിക്സ് സഹ സിഇഒ റീഡ് ഹേസ്റ്റിംഗ്‌സ് പ്രസ്താവിച്ചു.