തെലങ്കാന/ ആസാം – ബജറ്റ് അവഗണിച്ചതായി പ്രതിപക്ഷ നേതൃത്വം
1 min readഹൈദരാബാദ്/ ഗുവഹത്തി: കേന്ദ്ര ബജറ്റ് നിരാശാ ജനകമെന്ന് തെലങ്കാനയിലയും ആസാമിലെയും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. സംസ്ഥാനത്തെ പൂര്‍ണമായും അവഗണിച്ചെന്നാണ് തെലങ്കാന കോണ്‍ഗ്രസ് പ്രസിഡന്റ് ഉത്തംകുമാര്‍ റെഡ്ഡി അഭിപ്രായപ്പെട്ടത്. ഫണ്ട് അനുവദിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടു.
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബിജെപി സര്‍ക്കാര്‍ പൊതു ഖജനാവിനെ ദുരുപയോഗം ചെയ്യുകയാണെന്നും തെരഞ്ഞെടുപ്പ് പരിധിയിലുള്ള സംസ്ഥാനങ്ങള്‍ക്കായി കൂടുതല്‍ വകയിരുത്തല്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് മറ്റ് സംസ്ഥാനങ്ങളെ പൂര്‍ണ്ണമായും അവഗണിച്ചതെന്നും റെഡ്ഡി കുറ്റപ്പെടുത്തി.
എല്ലാ സംസ്ഥാനങ്ങളിലും വിഭവങ്ങള്‍ തുല്യമായി വിതരണം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ഇത് തെറ്റായ നടപടിയാണെന്നും ഇത് തുടരുകയാണെങ്കില്‍ തെരഞ്ഞെടുപ്പ് വര്‍ഷങ്ങളില്‍ മാത്രമേ പുതിയ പദ്ധതികളും ഫണ്ടുകളും സംസ്ഥാനങ്ങള്‍ക്ക് ലഭിക്കൂ എന്നും അദ്ദേഹം പരിഹസിച്ചു. കേന്ദ്രം തെലങ്കാനയുടെ നേരെ കണ്ണടച്ചതായി മറ്റൊരു കോണ്‍ഗ്രസ് എംപി കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡിയും കുറ്റപ്പെടുത്തി.
2020 ല്‍ ആസൂത്രിതമല്ലാതെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നടപടിയില്‍ തെലങ്കാന വളരെയധികം പ്രതിസന്ധികള്‍ നേരിട്ടിരുന്നു.ഇതിനായി പ്രത്യേക സഹായമൊന്നും നല്‍കിയിട്ടില്ലെന്നും വെങ്കട്ട് റെട്ടി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും ബജറ്റിനെ വിമര്‍ശിച്ച് രംഗത്തുവന്നു. അതേസമയം, കേന്ദ്ര ബജറ്റിനെ ഇന്ത്യയിലെ ഓരോ പൗരനും പ്രയോജനപ്പെടുത്തുന്ന മികച്ച ബജറ്റാണെന്ന് സംസ്ഥാന ബിജെപി മേധാവി ബന്ദി സഞ്ജയ് വിശേഷിപ്പിച്ചു.
ആസാമിലെ പ്രതിപക്ഷമായ കോണ്‍ഗ്രസ് നേതൃത്വവും പരാതികളുടെ നിരയുമായാണ് ബജറ്റിനെ വിശദീകരിച്ചത്. വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ റോഡ് പദ്ധതികള്‍ക്കും തേയിലത്തോട്ട തൊഴിലാളികള്‍ക്കുമായി ബജറ്റ് ചില ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും അത് ആസാമിന് തൃപ്തികരമല്ല എന്ന നിലപാടാണ് അവര്‍ക്കുള്ളത്. ആസാമിലെയും കേന്ദ്രത്തിലെയും ബിജെപി സര്‍ക്കാര്‍ എല്ലായ്‌പ്പോഴും പദ്ധതികള്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും അവ നടപ്പാക്കുന്നത് വിരളമാണെന്ന് ് കോണ്‍ഗ്രസ് നേതാവ് ദെബബ്രത സൈകിയ പറഞ്ഞു.
സംസ്ഥാനത്തെ രണ്ട് പേപ്പര്‍ മില്ലുകളെ പുനരുജ്ജീവിപ്പിക്കുമെന്നും ആറ് ഗോത്ര സമുദായങ്ങളെ പട്ടികവര്‍ഗക്കാരായി അംഗീകരിക്കുമെന്നും അസം കരാര്‍ പൂര്‍ണ്ണമായും നടപ്പാക്കുമെന്നും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇവ ഇന്നും വാഗ്ദാനങ്ങള്‍ മാത്രമാണ്. 850 വലിയ തേയിലത്തോട്ടങ്ങളുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്കായി ബിജെപി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും സങ്കീര്‍ണ്ണമായ തൊഴില്‍ നിയമങ്ങള്‍ തൊഴിലാളികളുടെ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരും അസമിനെ കേന്ദ്രനികുതിയുടെ വിഹിതത്തില്‍ നിന്ന് ഒഴിവാക്കിയതായി കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
കോവിഡ് -19 പാന്‍ഡെമിക് ബാധിച്ചതിനാല്‍ ആളുകള്‍ ബജറ്റില്‍ നിന്ന് വളരെയധികം ആശ്വാസവും പിന്തുണയും പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാവരേയും അസ്വസ്ഥരാക്കിയിട്ടുണ്ടെന്നും സൈകിയ പറഞ്ഞു.