മാനസിക സമ്മര്‍ദ്ദം സ്ത്രീകളില്‍ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കും
1 min readപങ്കാളിയുടെ മരണം, വിവാഹ ബന്ധം വേര്‍പെടുത്തല്‍, ശാരീരികമോ മാനസികമോ ആയ പീഡനം, സാമൂഹികമായുള്ള ഒറ്റപ്പെടുത്തല്‍ തുടങ്ങി കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് വഴിവെക്കുന്ന സംഭവങ്ങള്‍ കൊറോണറി ഹാര്‍ട്ട് ഡിസീസ് സാധ്യത വര്‍ധിപ്പിക്കും
മാനസിക സമ്മര്‍ദ്ദം, പ്രത്യേകിച്ച് വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴുണ്ടാകുന്ന സമ്മര്‍ദ്ദം സ്ത്രീകളില്‍ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. തൊഴില്‍പരവും സാമൂഹികവുമായ മാനസിക സംഘര്‍ഷങ്ങള്‍, സാമൂഹിക ബന്ധങ്ങളിലെ പാളിച്ചകള്‍ തുടങ്ങിയ സ്ത്രീകളുടെ ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നത്. ഇവ മൂലം കൊറോണറി ഹാര്‍ട്ട് ഡിസീസ് പിടിപെടാനുള്ള സാധ്യത 21 ശതമാനം അധികമാണ്.
ജോലിസ്ഥലത്തെ പ്രതീക്ഷകളോടും ആവശ്യങ്ങളോടും വേണ്ട രീതിയില്‍ പ്രതികരിക്കാന്‍ സാധിക്കാത്തതാണ് സ്ത്രീകളെ തൊഴില്‍പരമായ സംഘര്‍ഷങ്ങളിലേക്ക് എത്തിക്കുന്നത്. പങ്കാളിയുടെ മരണം, വിവാഹബന്ധം വേര്‍പെടുത്തല്‍ അല്ലെങ്കില്‍ വേര്‍പിരിയല്‍, സാമൂഹികമായ ഒറ്റപ്പെടല്‍ എന്നിവ മൂലം സ്ത്രീകളില്‍ കൊറോണറി ഹാര്‍ട്ട് ഡിസീസ് പിടിപെടാനുള്ള സാധ്യത യഥാക്രമം 12 ശതമാനവും 9 ശതമാനവുമാണ്.
സ്ത്രീകളിലെ തൊഴില്‍പരമായ സമ്മര്‍ദ്ദം, വ്യക്തിജീവിതത്തിലെ മാനസിക സംഘര്‍ഷങ്ങള്‍, സാമൂഹികമായുള്ള സമ്മര്‍ദ്ദം എന്നിവ കൊറോണറി ഹാര്‍ട്ട് ഡിസീസുമായി എത്തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്താനായിരുന്നു ഗവേഷകരുടെ ശ്രമം. പഠനത്തില്‍ പങ്കെടുത്ത അഞ്ച് ശതമാനം സ്ത്രീകളില്‍ പതിനാലര വര്‍ഷ പഠനകാലയളവില്‍ കൊറോണറി ഹാര്‍ട്ട് ഡിസീസ് റിപ്പോര്‍ട്ട് ചെയ്തു. പ്രായം, തൊഴില്‍സമയം, സാമൂഹിക, സാമ്പത്തിക പ്രത്യേകതകള്‍ എന്നിവയില്‍ വ്യത്യാസം വരുത്തിക്കൊണ്ട് നടത്തിയ പരീക്ഷണങ്ങളില്‍ അതിയായ സമ്മര്‍ദ്ദത്തിന് കാരണമാകുന്ന സംഭവവികാസങ്ങള്‍ സ്ത്രീകളിലെ ഹൃദ്രോഗ സാധ്യത 12 ശതമാനവും കടുത്ത സാമൂഹിക സംഘര്‍ഷങ്ങള്‍ കൊറോണറി ഹാര്‍ട്ട് ഡിസീസ് സാധ്യത 9 ശതമാനം വര്‍ധിപ്പിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി.
ഹൃദയധമനികള്‍ ചുരുങ്ങുകയും ഹൃദയത്തിന് മതിയായ അളവില്‍ ശുദ്ധരക്തം ലഭിക്കാതെ വരികയും ചെയ്യുമ്പോഴാണ് കൊറോണറി ഹാര്‍ട്ട് ഡിസീസ് ഉണ്ടാകുന്നത്. ലോകത്ത് മരണകാരണമാകുന്ന പ്രധാന രോഗങ്ങളിലൊന്നാണിത്. മാനസിക സമ്മര്‍ദ്ദം ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുമെന്ന് നേരത്തെ പഠനങ്ങള്‍ സൂചിപ്പിച്ചിരുന്നു. തൊഴിലിടങ്ങളിലെ സംഘര്‍ഷങ്ങളും സാമൂഹികമായ സമ്മര്‍ദ്ദങ്ങളും രോഗസാധ്യതയെ എത്തരത്തില്‍ സ്വാധീനിക്കുമെന്ന് കണ്ടെത്താനായിരുന്നു ഗവേഷകരുടെ ശ്രമം.
ഔദ്യോഗിക ഉത്തരവാദിത്തങ്ങളും മറ്റ് സാമൂഹിക സമ്മര്‍ദ്ദങ്ങളും സ്ത്രീകളിലുണ്ടാക്കുന്ന സമ്മര്‍ദ്ദം കോവിഡ്-19 പകര്‍ച്ചവ്യാധിക്കാലത്ത് കൂടുതലായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തൊഴിലിട സമ്മര്‍ദ്ദം കൊറോണറി ഹാര്‍ട്ട് ഡിസീസ് സാധ്യത വര്‍ധിപ്പിക്കുമെന്നത് നേരത്തെ അറിവുള്ള കാര്യമാണെങ്കിലും ജോലിയും വീട്ടിലെ ചുമതലകളും സ്ത്രീകളുടെ മാനസിക സമ്മര്‍ദ്ദം ഇരട്ടിയാക്കുമെന്നും അത് ശാരീരിക അനാരോഗ്യത്തിന് വഴിവെക്കുമെന്നും പുതിയ പഠനം വ്യക്തമാക്കുന്നുവെന്ന് പഠനകര്‍ത്താക്കളില്‍ ഒരാളായ യുവോന്‍ മിഷേല്‍ പറഞ്ഞു. തൊഴിലിടങ്ങളിലെ സമ്മര്‍ദ്ദം നിരീക്ഷിക്കുന്നതിനും സ്ത്രീകള്‍ അനുഭവിക്കുന്ന ഇരട്ട സമ്മര്‍ദ്ദത്തെ കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനും പുതിയ പഠനത്തിന്റെ കണ്ടെത്തലുകള്‍ ഉപകാരപ്രദമാകുമെന്നും മിഷേല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
മാനസിക സമ്മര്‍ദ്ദം ആരോഗ്യത്തിലുണ്ടാക്കുന്ന ഭീഷണി അവഗണിക്കരുതെന്ന് സ്ത്രീകള്‍ക്കും സ്ത്രീകളോട് കരുതലുള്ളവര്‍ക്കുമുള്ള ഓര്‍മ്മപ്പെടുത്തലാണ് ഈ കണ്ടെത്തല്‍. പകര്‍ച്ചവ്യാധിക്കാലത്ത് ഈ കണ്ടെത്തലിന് കൂടുതല്‍ പ്രസക്തിയുണ്ട്.