എസ്ബിഐ-യുടെ ഭവന വായ്പാ ബിസിനസ് 5 ട്രില്യണിനു മുകളില്‍
1 min readമുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ഭവന വായ്പ ബിസിനസ് 5 ട്രില്യണ്‍ രൂപ മറികടന്നു. ബാങ്കിന്‍റെ റിയല്‍ എസ്റ്റേറ്റ്-ഹൗസിംഗ് ബിസിനസ് യൂണിറ്റ് കഴിഞ്ഞ 10 വര്‍ഷത്തിനിടെ അഞ്ച് മടങ്ങ് വളര്‍ച്ചയാണ് നേടിയിട്ടുള്ളത്. 2011ല്‍ 89,000 കോടി രൂപയുടെ ആസ്തിയാണ് ഈ വിഭാഗം കൈകാര്യം ചെയ്തിരുന്നതെങ്കില്‍ 2021ല്‍ അത് 5 ട്രില്യണ്‍ രൂപയായി. ‘ഉപഭോക്താക്കളുടെ ബാങ്കിലെ നിരന്തരമായ വിശ്വാസത്തിന്‍റെ തെളിവാണ് ഈ അസാധാരണ നേട്ടം. സാങ്കേതികവിദ്യയെ വ്യക്തിഗത സേവനവുമായി സംയോജിപ്പിക്കുന്നത് നിലവിലെ സാഹചര്യത്തില്‍ പ്രധാനപ്പെട്ടതാണ്,’ ബാങ്ക് ചെയര്‍മാന്‍ ദിനേശ് ഖര പറഞ്ഞു.
ഭവനവായ്പയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി വിവിധ ഡിജിറ്റല്‍ ഉദ്യമങ്ങളിലും ബാങ്ക് ശ്രദ്ധയൂന്നുന്നുണ്ട്. എന്‍ഡ് ടു എന്‍ഡ് ഡിജിറ്റല്‍ സൊലൂഷന്‍ ലഭ്യമാക്കുന്ന ഇന്‍റഗ്രേറ്റഡ് പ്ലാറ്റ്ഫോമായ റീട്ടെയില്‍ ലോണ്‍ മാനേജ്മെന്‍റ് സിസ്റ്റം (ആര്‍എല്‍എംഎസ്) ഉള്‍പ്പടെയുള്ളവയിലൂടെ ഉപഭോക്തൃ സേവനം മെച്ചപ്പെടുകയാണ്.
2024 സാമ്പത്തിക വര്‍ഷത്തോടെ ഭവനവായ്പ വിഭാഗത്തില്‍ കൈകാര്യം ചെയ്യുന്ന ആസ്തി 7 ട്രില്യണ്‍ രൂപയിലേക്ക് എത്തിക്കുന്നതിനാണ് എസ്ബിഐ ശ്രമിക്കുന്നത്. രാജ്യത്തെ ഭവനവായ്പ വിപണിയില്‍ ബാങ്കിന്‍റെ വിഹിതം 34 ശതമാനമാണ്. 2004ല്‍ മൊത്തം 17,000 കോടി രൂപയുടെ പോര്‍ട്ട്ഫോളിയൊയുമായാണ് എസ്ബിഐ ഭവന വായ്പ ബിസിനസ്സിലേക്ക് കടന്നത്. 2012ല്‍ ഒരു ലക്ഷം കോടി രൂപയുടെ പോര്‍ട്ട്ഫോളിയോയുമായി പ്രത്യേക റിയല്‍ എസ്റ്റേറ്റ്-ഹൗസിംഗ് ബിസിനസ് യൂണിറ്റ് നിലവില്‍ വന്നു.
സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ ബാങ്കിന്‍റെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 7 ശതമാനം ഇടിഞ്ഞ് 5,196.2 കോടി രൂപയായിരുന്നു. ബാങ്കിന്‍റെ ചെറുകിട വായ്പാ വളര്‍ച്ച 15.5 ശതമാനം വളര്‍ച്ച പ്രകടമാക്കി കോവിഡ് കാലത്തിന് മുമ്പുള്ള തലത്തിലേക്കെത്തി. അറ്റ പലിശ വരുമാനം 3.75 ശതമാനം ഉയര്‍ന്ന് 28,820 കോടി രൂപയായി.