സൗദിയില്‍ റിയല്‍ എസ്റ്റേറ്റ് പരസ്യങ്ങള്‍ നല്‍കാനുള്ള അനുമതി പൗരന്മാര്‍ക്ക് മാത്രം
1 min read[perfectpullquote align=”left” bordertop=”false” cite=”” link=”” color=”” class=”” size=””]വ്യാജ റിയല്‍ എസ്റ്റേറ്റ് പരസ്യങ്ങള്‍ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് നടപടി[/perfectpullquote]
റിയാദ്: സൗദി അറേബ്യയില്‍ റിയല്‍ എസ്റ്റേറ്റ് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നവര്‍ സൗദി പൗരന്മാര്‍ ആയിരിക്കണമെന്ന് പുതിയ നിയമം. രാജ്യത്ത് റിയല്‍ എസ്റ്റേറ്റ് പരസ്യങ്ങള്‍ നല്‍കാന്‍ പൗരന്മാര്‍ക്ക് മാത്രമേ അനുവാദമുള്ളുവെന്ന് ജനറല്‍ റിയല്‍ എസ്‌റ്റേറ്റ് അതോറിട്ടി ഉത്തരവ് പുറത്തിറക്കി. വ്യാജ റിയല്‍ എസ്റ്റേറ്റ് പരസ്യങ്ങള്‍ക്ക് തടയിടുക, പരസ്യങ്ങളുടെ വിശ്വാസ്യതയും ആശ്രിയത്വവും വര്‍ധിപ്പിക്കുക എന്നിവയാണ് പുതിയ പരസ്യ നിയന്ത്രണങ്ങളുടെ ലക്ഷ്യങ്ങള്‍.
നാഷണല്‍ സിംഗിള്‍ സൈന്‍- ഓണ്‍ പ്ലാറ്റ്‌ഫോമില്‍ (നഫാസ്) പരസ്യം നല്‍കുന്നയാളുടെ പേരും പരസ്യം നല്‍കുന്ന വ്യക്തി പ്രോപ്പര്‍ട്ടിയുടെ ഉടമയോ അല്ലെങ്കില്‍ നിയമപരമായ ഏജന്റോ അതുമല്ലെങ്കില്‍ കോടതി ഉത്തരവുള്ള ആംഗീകൃത റിയല്‍ എസ്റ്റേറ്റ് ബ്രോക്കറോ ആണെന്ന് വ്യക്തമാക്കിയിരിക്കണമെന്നും നിബന്ധനയുണ്ട്. ഇലക്ട്രോണിക് റിയല്‍ എസ്‌റ്റേറ്റ് പ്ലാറ്റ്‌ഫോമുകളുടെ വിശ്വാസ്യത ഉയര്‍ത്തുന്നതിനായി അവയ്ക്ക് വേണ്ട ലൈസന്‍സിംഗ്, വര്‍ഗീകരണ നിബന്ധനകളും റിയല്‍ എസ്‌റ്റേറ്റ് ജനറല്‍ അതോറിട്ടി പുറത്തിറക്കിയിട്ടുണ്ട്.
ഏതെങ്കിലുമൊരു ലൈസന്‍സിംഗ് നിബന്ധന തെറ്റിച്ചാല്‍, പ്ലാറ്റ്‌ഫോമിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അതോറിട്ടി മുന്നറിയിപ്പ് നല്‍കി. പരസ്യം പിന്‍വലിക്കാനും പരസ്യദാതാവിനെ അക്കാര്യം അറിയിക്കാനും ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ അതോറിട്ടിക്ക് അവകാശമുണ്ടാകും. ആവശ്യമായി വന്നാല്‍ ഒരു വര്‍ഷം വരെ പരസ്യ ദാതാവിനെ പരസ്യം നല്‍കുന്നതില്‍ നിന്നും വിലക്കാനും അതോറിട്ടിക്ക് സാധിക്കും.