അനുമതി ലഭിച്ചു : മൂന്നാം വാക്സിന്‍ സ്പുട്നിക് V മേയ് മാസം മുതല്‍
1 min readസ്പുട്നിക് V ഉപയോഗപ്പെടുത്താന്‍ അനുമതി ലഭിച്ചതായി ഡോ. റെഡ്ഡീസ് ലബോറട്ടറീസ്
ന്യൂ ഡെല്‍ഹി: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ റഷ്യയുടെ സ്പുട്നിക് V വാക്സിന് ഇന്ത്യ അനുമതി നല്‍കി.
റഷ്യയുടെ സ്പുട്നിക് വാക്സിന് അടിയന്തര സാഹചര്യത്തില്‍ അനുമതി നല്‍കണമെന്ന് വിദഗ്ധ സമിതി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.
ഡോ. റെഡ്ഡീസ് ലബോറട്ടറിസ് ആണ് സ്പുട്നിക് അഞ്ച് അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതി വേണമെന്ന ആവശ്യവുമായി സമിതിയെ സമീപിച്ചത്. തിങ്കളാഴ്ച്ചയാണ് ഡോ റെഡ്ഡീസിന്‍റെ അപേക്ഷ സമിതി പരിഗണിച്ചത്. ഡ്രഗ്സ് കണ്ട്രോള്‍ ഓഫ് ഇന്ത്യയില്‍ നിന്ന് അനുമതി ലഭിച്ചതായി ചൊവ്വാഴ്ച്ച ഡോ. റെഡ്ഡീസ് അറിയിച്ചു. ഇന്ത്യയില്‍ ഉപയോഗിക്കപ്പെടുന്ന മൂന്നാമത്തെ കോവിഡ് വാക്സിന്‍ ആയി സ്പുട്നിക് മാറി.
നിലവില്‍ കോവാക്സിന്‍, കോവിഷീല്‍ഡ് വാക്സിനുകള്‍ ആണ് ഇന്ത്യയില്‍ ഉപയോഗപ്പെടുത്തുന്നത്. കോവിഡിനെതിരെ വാക്സിനേഷനാണ് ഏറ്റവും മികച്ച മാര്‍ഗമെന്ന് ഡോ. റെഡ്ഡീസ് ലാബ്സ് കോ ചെയര്‍മാന്‍ ജി വി പ്രസാദ് പറഞ്ഞു. കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ തങ്ങളുടേതായ വലിയ സംഭാവന നല്‍കാന്‍ സ്പുട്നിക് വാക്സിന് അനുമതി നല്‍കിയതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.