ഉയര്‍ന്ന അന്തരീക്ഷ താപനിലയില്‍ വളരുന്ന ഡെങ്കി വൈറസ് മാരകമാകാം
തിരുവനന്തപുരം: ഉയര്‍ന്ന അന്തരീക്ഷ താപനിലയില്‍ വളരുന്ന ഡെങ്കി വൈറസ് മാരകമാകാമെന്ന് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) പഠനം. കൊതുകുകളില്‍ ഉയര്‍ന്ന താപനിലയില്‍ വളരുന്ന ഡെങ്കി വൈറസ് കൂടുതല്‍ തീവ്രത കൈവരിച്ചതായാണ് ആര്‍ജിസിബിയിലെ ഗവേഷക സംഘം കണ്ടെത്തിയത്. ഡെങ്കിപ്പനിയുടെ തീവ്രത തിരിച്ചറിയാനും രോഗം ലഘൂകരിക്കാനും സഹായിക്കുന്ന ഗവേഷണം ആഗോളതാപനം രോഗവ്യാപനത്തിന് വര്‍ധിപ്പിക്കുന്നുവെന്ന നിര്‍ണായക വസ്തുതയും പങ്കുവയ്ക്കുന്നു. പ്രതിവര്‍ഷം 390 ദശലക്ഷം കേസുകളാണ് ഇതുവഴി റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
കൊതുകിന്‍റെ കോശങ്ങളിലും മനുഷ്യനിലും മാറിമാറി വളരാനുള്ള ഡെങ്കി വൈറസിന്‍റെ കഴിവ് രോഗവ്യാപനത്തില്‍ നിര്‍ണായക ഘടകമാണെന്ന് ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സൊസൈറ്റീസ് ഓഫ് എക്സ്പിരിമെന്‍റല്‍ ബയോളജി ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഗവേഷണ സംഘത്തലവന്‍ ഡോ. ഈശ്വരന്‍ ശ്രീകുമാര്‍ പറയുന്നു. മൃഗങ്ങളെപ്പോലെ കൊതുകുകളുടെ ശരീരോഷ്മാവ് സ്ഥിരമല്ല. അന്തരീക്ഷ താപനിലയനുസരിച്ച് അത് കൂടുകയോ കുറയുകയോ ചെയ്യുന്നു. താപനില ഉയരുന്നത് കൊതുകിലെ വൈറസിന്‍റെ തീവ്രത കൂട്ടാന്‍ ഇടയാക്കും. കൊതുക് കോശങ്ങളില്‍ ഉയര്‍ന്ന ഊഷ്മാവിലുള്ള വൈറസ് താഴ്ന്ന താപനിലയില്‍ വളരുന്ന വൈറസിനേക്കാള്‍ അപകടകാരിയാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ആര്‍ജിസിബി ഗവേഷക സംഘത്തില്‍ അയന്‍ മോദക്, സൃഷ്ടി രാജ്കുമാര്‍ മിശ്ര, മാന്‍സി അവസ്തി, ശ്രീജ ശ്രീദേവി, അര്‍ച്ചന ശോഭ, ആര്യ അരവിന്ദ്, കൃതിക കുപ്പുസാമി, ഈശ്വരന്‍ ശ്രീകുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
അന്തരീക്ഷ ഊഷ്മാവ് കൂടിയ കാലാവസ്ഥയില്‍ ഇടയ്ക്കിടെ പെയ്യുന്ന മഴ കൊതുകിന്‍റെ വളര്‍ച്ച വര്‍ധിപ്പിക്കുമെന്നും കൂടുതല്‍ മാരകമായ ഡെങ്കി വൈറസ് മൂലമുള്ള ഗുരുതര രോഗവും രൂപപ്പെടുത്തുമെന്നും ഗവേഷകര്‍ പറഞ്ഞു. രാജ്യത്ത് ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുമ്പോഴും ഈ വശം ഇതുവരെ പരിശോധിച്ചിട്ടില്ല. ആഗോളതാപനത്തിന്‍റെ വര്‍ധിച്ചുവരുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും പകര്‍ച്ചവ്യാധികളില്‍ അതുണ്ടാക്കുന്ന സ്വാധീനവും ഈ പഠനം തെളിയിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഡെങ്കിപ്പനി ചില സമയങ്ങളില്‍ ഗുരുതരമാകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാനാണ് ഗവേഷകര്‍ ശ്രമിച്ചതെന്നും ഡെങ്കിയുടെ തീവ്രത പ്രവചിക്കുന്നതില്‍ ഈ പഠനത്തിന് വലിയ പ്രാധാന്യമുണ്ടെന്നും ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. എന്നാല്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഈ രോഗത്തെ നിയന്തിക്കുന്നതിനോ തടയുന്നതിനോ ഫലപ്രദമായ വാക്സിനുകളോ ആന്‍റിവൈറലുകളോ ഇപ്പോഴുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനിതകമാറ്റം നടത്തിയ എലികളെ ഉപയോഗിച്ച് രാജ്യത്തു തന്നെ ആദ്യമായി സൃഷ്ടിച്ച ഒരു മോഡലിലാണ് പരീക്ഷണം നടത്തിയത്. ഉയര്‍ന്ന താപനിലയില്‍ വളര്‍ന്ന വൈറസും എലിയുടെ രക്തത്തിലെ രോഗാണുവിന്‍റെ അളവിനെ ഗണ്യമായി വര്‍ധിപ്പിക്കുകയും ഹൃദയം, കരള്‍, വൃക്ക തുടങ്ങിയവയില്‍ അപകടരമായ കോശമാറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. കൂടാതെ മരണകാരണമാകുന്ന ആന്തരിക രക്തസ്രാവത്തിനും ഷോക്ക് സിന്‍ഡ്രോമിനും ഇത് വഴിയൊരുക്കുന്നതായും പഠനത്തില്‍ കണ്ടെത്തി.