September 1, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

റിലയന്‍സും മെറ്റയും കൈകോര്‍ക്കുന്നു; 855 കോടി നിക്ഷേപത്തില്‍ പുതുകമ്പനി

1 min read

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും സാമൂഹ്യ മാധ്യമ ഭീമന്‍ ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനി മെറ്റയും ചേര്‍ന്ന് സംയുക്ത സംരംഭം രൂപീകരിക്കുന്നു. ഇന്ത്യയിലയെും മറ്റ് തെരഞ്ഞെടുത്ത രാജ്യങ്ങളിലെയും കമ്പനികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സേവനങ്ങള്‍ നല്‍കുകയാണ് പുതിയ കമ്പനിയുടെ ലക്ഷ്യം. പുതിയ സംയുക്ത സംരംഭം ആരംഭിക്കുന്നതിനായി ഇരുകമ്പനികളും ചേര്‍ന്ന് 855 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ നിക്ഷേപിക്കുക. എന്റര്‍പ്രൈസ് എഐ സൊലൂഷനുകളിലായിരിക്കും പുതിയ കമ്പനി ശ്രദ്ധയൂന്നുക. മെറ്റയുടെ അത്യാധുനിക ഓപ്പണ്‍സോഴ്‌സ് ലാമ മോഡലുകളില്‍ അധിഷ്ഠിതമായിട്ടായിരിക്കും എന്റര്‍പ്രൈസ് എഐ പ്ലാറ്റ്‌ഫോം സേവനങ്ങള്‍ പുതുസംരംഭം നല്‍കുക. സെയ്ല്‍സ്, മാര്‍ക്കറ്റിംഗ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍ കസ്റ്റമൈസ് ചെയ്ത ജനറേറ്റീവ് എഐ മോഡലുകള്‍ വിന്യസിക്കാനും സമ്പൂര്‍ണ എഐ അന്തരീക്ഷത്തിലേക്ക് മാറാനും കമ്പനികളെ സഹായിക്കുന്ന രീതിയിലുള്ള സാങ്കേതികവിദ്യയാണ് റിലയന്‍സ്-മെറ്റ കൂട്ടുകെട്ട് ലഭ്യമാക്കുക. ഇന്ത്യയിലെ ചെറുകിട ബിസിനസുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് താങ്ങാവുന്ന വിലയില്‍ റിലയന്‍സിന്റെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം ഉപയോഗപ്പെടുത്തി സേവനം നല്‍കാന്‍ പുതിയ സംരംഭത്തിനാകും. വളരെ ചെറിയ ചെലവില്‍ ഹൈ പെര്‍ഫോമന്‍സ് മോഡലുകള്‍ വിന്യസിക്കാന്‍ ഇന്ത്യന്‍ സംരംഭങ്ങള്‍ക്ക് ഇതിലൂടെ സാധിക്കും. ‘ഓരോ ഇന്ത്യക്കാരനിലേക്കും ഓരോ സംരംഭത്തിലേക്കും എഐ എത്തിക്കുകയെന്ന ഞങ്ങളുടെ ലക്ഷ്യമാണ് മെറ്റയുമായുള്ള ഈ പങ്കാളിത്തത്തിലൂടെ പ്രാവര്‍ത്തികമാകുന്നത്. വിവിധ വ്യവസായങ്ങളില്‍ ഞങ്ങള്‍ക്കുള്ള വൈദഗ്ധ്യവും മെറ്റയുടെ പ്രശസ്തമായ ഓപ്പണ്‍ സോഴ്‌സ് ലാമ മോഡലുകളും സമ്മേളിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് മുതല്‍ ബ്ലൂചിപ്പ് കോര്‍പ്പറേറ്റുകള്‍ക്ക് വരെ സേവനങ്ങള്‍ ലഭ്യമാക്കി എന്റര്‍പ്രൈസ് എഐ ജനാധിപത്യവല്‍ക്കരിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. വളരെ വേഗത്തില്‍ ഇന്നവേഷന്‍ നടത്താനും കാര്യക്ഷമത മെച്ചപ്പെടുത്താനും ആഗോളതലത്തില്‍ ആത്മവിശ്വാസത്തോടെ മല്‍സരിക്കാനുമെല്ലാം അത് ഇന്ത്യന്‍ കമ്പനികളെ പ്രാപ്തമാക്കും,’ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുകേഷ് അംബാനി പറഞ്ഞു. ‘ഇന്ത്യന്‍ ഡെവലപ്പര്‍മാര്‍ക്കും സംരംഭങ്ങള്‍ക്കും ഓപ്പണ്‍ സോഴ്സ് എഐ സങ്കേതങ്ങളുടെ ശക്തിയും സാധ്യതകളും ലഭ്യമാക്കുന്നതിനായി റിലയന്‍സുമായുള്ള മെറ്റയുടെ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. ഈ സംയുക്ത സംരംഭത്തിലൂടെ, ഞങ്ങള്‍ മെറ്റയുടെ ലാമ മോഡലുകളെ പ്രായോഗിക ഉപയോഗത്തിലേക്ക് കൊണ്ടുവരുന്നു. ഒപ്പം എന്റര്‍പ്രൈസ് മേഖലയില്‍ മെറ്റയുടെ സാന്നിധ്യം വികസിപ്പിക്കുന്നതിനായി ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഒരുമിച്ച് ഞങ്ങള്‍ പുതിയ സാധ്യതകള്‍ തുറക്കുകയാണ്,’ മെറ്റ സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.

Maintained By : Studio3