December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

റെക്കോഡ് എഫ്ഡിഐ, കാരണം ഈ സംരംഭകന്‍

1 min read
  • കോവിഡ് പ്രതിസന്ധിക്കിടയിലും എഫ്ഡിഐ ഒഴുക്ക്
  • കൂടുതല്‍ എഫ്ഡിഐ ആകര്‍ഷിച്ചത് ടെക് മേഖല
  • സാമ്പത്തികവര്‍ഷം ആദ്യപകുതിയില്‍ എത്തിയത് 39.6 ബില്യണ്‍

മുംബൈ: 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കോവിഡ് ആഘാതത്തില്‍ ആടിയുലഞ്ഞു. എന്നാല്‍ രാജ്യത്തേക്കെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) റെക്കോഡ് ഉയരങ്ങള്‍ കീഴടക്കുകയും ചെയ്തു.

ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയിലേക്കെത്തിയത് 28.1 ബില്യണ്‍ ഡോളറിന്റെ എഫ്ഡിഐ ആണ്. അതിന് മുമ്പുള്ള ജൂണ്‍ പാദത്തില്‍ എത്തിയത് 11.5 ബില്യണ്‍ ഡോളറിന്റെ എഫ്ഡിഐ ആയിരുന്നു. രണ്ടുംകൂടി ചേര്‍ക്കുമ്പോള്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 39.6 ബില്യണ്‍ ഡോളറായി ഉയരും മൊത്തത്തില്‍ എത്തിയ എഫ്ഡിഐ.

എല്ലാത്തിനും കാരണക്കാരന്‍

മൊത്തം എഫ്ഡിഐയില്‍ 30 ബില്യണ്‍ ഡോളറും ഇന്ത്യന്‍ കമ്പനികള്‍ ഓഹരിയെടുക്കാനായി വിദേശ കമ്പനികള്‍ നിക്ഷേപിച്ചതാണ്. ബാക്കിയുള്ള തുക ലാഭം പുനര്‍നിക്ഷേപിച്ചതുമാണ്. എന്നാല്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ സിംഹഭാഗവും എത്തിയത് ടെക് മേഖലയിലേക്കാണ്. അതില്‍ ഭൂരിഭാഗം ഫണ്ടും നേടിയെടുത്തത് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ ജിയോ പ്ലാറ്റ്‌ഫോംസിലേക്കാണ്. അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സബ്‌സിഡിയറിയാണ് ജിയോ പ്ലാറ്റ്‌ഫോംസ്.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) ശേഖരിച്ച വിവരങ്ങളനുസരിച്ച് കംപ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ സെഗ്മന്റിലേക്കാണ് കൂടുതല്‍ നിക്ഷേപവും എത്തിയിരിക്കുന്നത്. മൊത്തം എഫ്ഡിഐയില്‍ 58 ശതമാനമാണ് ഈ രംഗത്തേക്ക് എത്തിയത്, അതായത് 17.5 ബില്യണ്‍ ഡോളര്‍. സര്‍വീസസ് മേഖലയിലേക്ക് എത്തിയത് 8 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപമാണ്. 2.2 ബില്യണ്‍ ഡോളറിലധികം വരുമിത്.

അതേസമയം വ്യാപാരം, ഓട്ടോമൊബീല്‍, ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ഹോട്ടല്‍ ആന്‍ഡ് ടൂറിസം, ടെലികോം തുടങ്ങിയ മേഖലകളിലേക്കുള്ള എഫ്ഡിഐ ഒഴുക്ക് വളരെ കുറവാണ്. കോവിഡ് ആഘാതം ഏറ്റവും കൂടുതലേറ്റ ചില മേഖലകളാണ് ഇതെന്നതാണ് അതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ലോക്ക്ഡൗണ്‍ ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ ഇവയെ ബാധിച്ചു.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

ജിയോ പ്ലാറ്റ്‌ഫോംസിലേക്കുള്ള നിക്ഷേപത്തിന് ശേഷം ടെക്‌നോളജി കമ്പനികളിലേക്കുള്ള പണമൊഴുക്ക് കാര്യമായി വര്‍ധിച്ചു. ഫേസ്ബുക്ക്, സില്‍വര്‍ ലേക്ക്, വിസ്റ്റ ഇക്വിറ്റി തുടങ്ങി നിരവധി കമ്പനികളാണ് ജിയോയില്‍ നിക്ഷേപമിറക്കിയത്. ഇതെല്ലാം കൂടി മൊത്തം എഫ്ഡിഐയുടെ 50 ശതമാനത്തിലധികം വരും.

ഏറ്റവും കൂടുതല്‍ നിക്ഷേപം നേടിയ സംസ്ഥാനം ഗുജറാത്താണ്. രണ്ടാം സ്ഥാനം നേടിയത് മഹാരാഷ്ട്രയും. ഡിജിറ്റല്‍ ആസ്തികള്‍ വികസിപ്പിക്കാനാണ് കൂടുതല്‍ നിക്ഷേപം എത്തുന്നത്. ഉല്‍പ്പാദന രംഗത്തേക്കോ സര്‍ക്കാര്‍ ആഗ്രഹിക്കുന്ന മറ്റ് മേഖലകളിലേക്കോ അല്ല നിക്ഷേപം വരുന്നത് എന്നത് ശ്രദ്ധേയമാണ്. അതേസമയം ഈ അവസ്ഥയ്ക്ക് മാറ്റം വരുമെന്നും സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു. കോവിഡ് പ്രശ്‌നങ്ങള്‍ വിട്ടൊഴിയുന്നത് അനുസരിച്ച് പരമ്പരാഗതമായ മേഖലകളിലേക്കും നിക്ഷേപമെത്തുമെന്ന് കരുതപ്പെടുന്നു.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍

2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലേക്കെത്തിയത് റെക്കോഡ് എഫ്ഡിഐ ആയിരുന്നു, 74 ബില്യണ്‍ ഡോളര്‍. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 62 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. പ്രതിരോധം ഉള്‍പ്പടെയുള്ള മേഖലകളിലേക്ക് കൂടുതല്‍ നിക്ഷേപം എത്തുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

Maintained By : Studio3