ദ്വിദിന കോണ്‍ഗ്രസ് ക്യാമ്പ് ഗോരഖ്പൂരില്‍
ലക്നൗ: ഉത്തര്‍പ്രദേശിലെ 11 ജില്ലകളിലുള്ള 155 ബ്ലോക്ക് പ്രസിഡന്‍റുമാര്‍ക്ക് കോണ്‍ഗ്രസ് ദ്വിദിന പരിശീലന ക്യാമ്പ് ഗോരഖ്പൂരില്‍ നടത്തുന്നു. മാര്‍ച്ച് 13, 14 തീയതികളിലാണ് പരിപാടി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമാണ് ഗോരഖ്പൂര്‍. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ക്യാമ്പിനെ അഭിസംബോധന ചെയ്യും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും വിജയ വഴികള്‍ നിര്‍ദ്ദേശിക്കാനുദ്ദേശിച്ചിട്ടുള്ളതാണ് ക്യാമ്പ്. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് അജയ് കുമാര്‍ ലല്ലുവും ക്യാമ്പില്‍ പങ്കെടുക്കും.
സംഘടനാ തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരുമായി ബന്ധപ്പെടാന്‍ കോണ്‍ഗ്രസ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും സംസ്ഥാന പ്രസിഡന്‍റ് അജയ് കുമാര്‍ ലല്ലു പറഞ്ഞു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ഗ്രാമപഞ്ചായത്തുകളെ ശാക്തീകരിക്കുന്നതില്‍ വിശ്വസിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ വാരണാസി, അസംഗഡ്, മൗ, ബല്ലിയ, ഡിയോറിയ, ഗോരഖ്പൂര്‍, കുശിനഗര്‍, മഹാരാജ്ഗഞ്ച്, സന്ത് കബീര്‍ നഗര്‍, സിദ്ധാര്‍ത്ഥ നഗര്‍, ബസ്തി ജില്ലകളിലെ ഭാരവാഹികള്‍ പങ്കെടുക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിശ്വ വിജയ് സിംഗ് പറഞ്ഞു. ഈ ക്യാമ്പില്‍ എല്ലാ ബ്ലോക്ക് പ്രസിഡന്‍റുമാരും പങ്കെടുക്കും, ഒപ്പം പ്രത്യയശാസ്ത്ര തലത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ ശാക്തീകരിക്കുക, കോണ്‍ഗ്രസിന്‍റെ ചരിത്രം, രാഷ്ട്രനിര്‍മ്മാണത്തില്‍ പാര്‍ട്ടിയുടെ പങ്ക് തുടങ്ങിയവ ചര്‍ച്ചയാകും.കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കോണ്‍ഗ്രസ് താഴെത്തട്ടിലുള്ള തെരഞ്ഞെടുപ്പ് പദ്ധതി ആരംഭിച്ചത്, ഇത് നടപ്പാക്കുന്നത് പ്രിയങ്ക സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
ഇപ്പോള്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം ഭരണകക്ഷിയായ ബിജെപിക്കെതിരെ പുതിയ സമരമുഖം തുറക്കാന്‍ പാര്‍ട്ടിയെ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് മാസമായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു ഗ്രാമങ്ങളില്‍ പര്യടനം നടത്തുകയായിരുന്നു. ഇതിനുപുറമെ, മുന്‍ എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ ഗ്രാമപ്രദേശങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനും കര്‍ഷകര്‍, സ്വാശ്രയ ഗ്രൂപ്പുകള്‍ (സ്വാശ്രയ സംഘങ്ങള്‍) തുടങ്ങിയ ഗ്രൂപ്പുകളുമായി പൊതു ആശയവിനിമയം വര്‍ദ്ധിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.