ടാറ്റ മോട്ടോഴ്‌സ് ഡിസൈന്‍ മേധാവി പ്രതാപ് ബോസ് രാജിവെച്ചു
1 min readടാറ്റ മോട്ടോഴ്‌സ് യൂറോപ്യന്‍ ടെക്‌നിക്കല്‍ സെന്ററിലെ മുന്‍ ഡിസൈന്‍ മേധാവി മാര്‍ട്ടിന്‍ ഉഹ്‌ലാരിക്കിനെ പകരം നിയമിച്ചു
മുംബൈ: ടാറ്റ മോട്ടോഴ്‌സ് ഗ്ലോബല്‍ ഡിസൈന്‍ വൈസ് പ്രസിഡന്റ് പ്രതാപ് ബോസ് രാജിവെച്ചു. പകരമായി ടാറ്റ മോട്ടോഴ്‌സ് യൂറോപ്യന്‍ ടെക്‌നിക്കല്‍ സെന്ററിന്റെ (ടിഎംഇടിസി) മുന്‍ ഡിസൈന്‍ മേധാവി മാര്‍ട്ടിന്‍ ഉഹ്‌ലാരിക്കിനെ നിയമിച്ചു. ടാറ്റ കാറുകളുടെ രൂപകല്‍പ്പന, സ്റ്റൈലിംഗ് എന്നിവയുടെ പരിവര്‍ത്തനം മികച്ച രീതിയില്‍ നിര്‍വഹിച്ച ഡിസൈനറാണ് കമ്പനി വിടുന്നത്. ടാറ്റ മോട്ടോഴ്‌സിന്റെ ഉല്‍പ്പന്നങ്ങള്‍ നിരവധി ഡിസൈന്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കുന്നതിന് പ്രതാപ് ബോസ് സാക്ഷ്യം വഹിച്ചു. ടാറ്റ മോട്ടോഴ്‌സ് ഈയിടെയായി വിജയം നേടുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നത് കാറുകളുടെ രൂപകല്‍പ്പനയാണ്.
മികച്ച അവസരങ്ങള്‍ തേടി പ്രതാപ് ബോസ് കമ്പനി വിടുന്നതായി ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കുന്നു. ശേഷിച്ച കാലാവധിയില്‍ അദ്ദേഹം അവധിയിലായിരിക്കും. ഈ വര്‍ഷത്തെ വേള്‍ഡ് കാര്‍ പേഴ്‌സണ്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച് പ്രതാപ് ബോസ് ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. എന്നാല്‍ അവാര്‍ഡ് കരസ്ഥമാക്കാന്‍ കഴിഞ്ഞില്ല. ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്റെ അകിയോ ടൊയോഡയാണ് ഈ വര്‍ഷത്തെ വേള്‍ഡ് കാര്‍ പേഴ്‌സണ്‍.
യുകെയില്‍ ഡിസൈന്‍ മേധാവിയായി 2016 ലാണ് മാര്‍ട്ടിന്‍ ഉഹ്‌ലാരിക് ടാറ്റ മോട്ടോഴ്‌സില്‍ ചേര്‍ന്നത്. 27 വര്‍ഷത്തെ അനുഭവസമ്പത്തിന് ഉടമയാണ് അദ്ദേഹം. പുതു തലമുറ ടാറ്റ കാറുകള്‍ വികസിപ്പിക്കുന്നതിന് നേതൃത്വം നല്‍കി. ഇംപാക്റ്റ് 2.0 ഡിസൈന്‍ ഭാഷയിലാണ് കാറുകള്‍ വിപണിയിലെത്തിയത്. യുകെയിലെ ടാറ്റ മോട്ടോഴ്‌സ് യൂറോപ്യന്‍ ടെക്‌നിക്കല്‍ സെന്ററില്‍ തുടര്‍ന്നുകൊണ്ട് അദ്ദേഹം ജോലി തുടരും. കവന്ററി (യുകെ), ടൂറിന്‍ (ഇറ്റലി), പുണെ (ഇന്ത്യ) എന്നിവിടങ്ങളിലെ ഡിസൈന്‍ ടീമുകളെ നയിക്കുന്നത് മാര്‍ട്ടിന്‍ ഉഹ്‌ലാരിക് ആയിരിക്കും. പുതിയ മാനേജിംഗ് ഡയറക്റ്ററെ തെരയുന്ന സമയത്താണ് പ്രതാപ് ബോസ് കമ്പനി വിടുന്നത്. ഈ വര്‍ഷം ജൂണ്‍ 30 വരെ എംഡി ആന്‍ഡ് സിഇഒ സ്ഥാനത്ത് ഗുന്ദര്‍ ബുട്‌ഷെക് തുടരും.