4 ജിബി റാം വേരിയന്റില്‍ പോക്കോ എം3
4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 10,499 രൂപയാണ് വില. ഫ്‌ളിപ്കാര്‍ട്ടില്‍ ലഭിക്കും
ന്യൂഡെല്‍ഹി: പോക്കോ എം3 സ്മാര്‍ട്ട്‌ഫോണിന്റെ 4 ജിബി റാം വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 10,499 രൂപയാണ് വില. ഫ്‌ളിപ്കാര്‍ട്ട് വഴി ലഭിക്കും. കൂള്‍ ബ്ലൂ, പവര്‍ ബ്ലാക്ക്, യെല്ലോ എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍. ഇതുവരെ 6 ജിബി റാം, 64 ജിബി സ്റ്റോറേജ്, 6 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്നീ രണ്ട് വേരിയന്റുകളിലാണ് പോക്കോ എം3 ലഭിച്ചിരുന്നത്. നിലവില്‍ യഥാക്രമം 11,499 രൂപയും 12,499 രൂപയുമാണ് വില. വാട്ടര്‍ഡ്രോപ്പ് സ്‌റ്റൈല്‍ ഡിസ്‌പ്ലേ നോച്ച് ലഭിച്ച പോക്കോ എം3 ഈ വര്‍ഷമാദ്യമാണ് ഇന്ത്യയില്‍ അരങ്ങേറിയത്.
ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന പോക്കോ എം3 പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 10 അടിസ്ഥാനമാക്കിയ മിയുഐ 12 സോഫ്റ്റ്‌വെയറിലാണ്. 19.5:9 വീക്ഷണ അനുപാതം സഹിതം 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2340 പിക്സല്‍) ഡിസ്പ്ലേ നല്‍കി. ഒക്റ്റാ കോര്‍ ക്വാല്‍ക്കോം സ്നാപ്ഡ്രാഗണ്‍ 662 എസ്ഒസിയാണ് കരുത്തേകുന്നത്.
ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കുമായി എഫ്/1.79 ലെന്‍സ് സഹിതം 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ കാമറ സംവിധാനം പിറകില്‍ നല്‍കി. സെല്‍ഫി, വീഡിയോ ചാറ്റ് ആവശ്യങ്ങള്‍ക്കായി മുന്‍വശത്ത് എഫ്/2.05 ലെന്‍സ് സഹിതം 8 മെഗാപിക്‌സല്‍ സെല്‍ഫി കാമറ സെന്‍സര്‍ ലഭിച്ചു.
മൈക്രോഎസ്ഡി കാര്‍ഡ് വഴി 512 ജിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും. 4ജി വിഒഎല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്/ എ ജിപിഎസ്, ഇന്‍ഫ്രാറെഡ് (ഐആര്‍) ബ്ലാസ്റ്റര്‍, യുഎസ്ബി ടൈപ്പ് സി, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. ഒരു വശത്തായി ഫിംഗര്‍പ്രിന്റ് സെന്‍സറും നല്‍കി. 6,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 18 വാട്ട് അതിവേഗ ചാര്‍ജിംഗ് സാധ്യമാണ്.