നത്തിംഗ്, ടീനേജ് എന്‍ജിനീയറിംഗ് ചങ്ങാത്തം
1 min readസ്ഥാപക പങ്കാളിയായി സ്റ്റോക്ക്‌ഹോം ആസ്ഥാനമായ ‘ടീനേജ് എന്‍ജിനീയറിംഗ്’ എന്ന വ്യാവസായിക ഡിസൈന്‍ സ്ഥാപനത്തെ പ്രഖ്യാപിച്ചു
ലണ്ടന്‍: വണ്‍പ്ലസ് സഹസ്ഥാപകനായ കാള്‍ പെയ് സ്ഥാപിച്ച ‘നത്തിംഗ്’ തങ്ങളുടെ സ്ഥാപക പങ്കാളിയായി സ്റ്റോക്ക്‌ഹോം ആസ്ഥാനമായ ‘ടീനേജ് എന്‍ജിനീയറിംഗ്’ എന്ന വ്യാവസായിക ഡിസൈന്‍ സ്ഥാപനത്തെ പ്രഖ്യാപിച്ചു. ഭാവിയില്‍ ഓഡിയോ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുമെന്നാണ് പുതിയ പങ്കാളിത്തം വഴി നത്തിംഗ് നല്‍കുന്ന സൂചന. വ്യാവസായിക രൂപകല്‍പ്പനയില്‍ പ്രശസ്തി നേടിയ സംഗീത ഉപകരണ നിര്‍മാണ കമ്പനിയാണ് ടീനേജ് എന്‍ജിനീയറിംഗ്. 2010 ല്‍ ഒപി -1 എന്ന പോര്‍ട്ടബിള്‍ സിന്തസൈസര്‍ പുറത്തിറക്കിയതോടെ ടീനേജ് എന്‍ജിനീയറിംഗ് ഏറെ ജനപ്രീതി നേടിയിരുന്നു.
ടീനേജ് എന്‍ജിനീയറിംഗുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചെങ്കിലും ഉല്‍പ്പന്നങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ നത്തിംഗ് പുറത്തുവിട്ടിട്ടില്ല. വരും മാസങ്ങളില്‍ ആദ്യഘട്ട ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുമെന്ന് നേരത്തെ നത്തിംഗ് വ്യക്തമാക്കിയിരുന്നു. നത്തിംഗ് കുടുംബത്തിലേക്ക് ടീനേജ് എന്‍ജിനീയറിംഗിനെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് സിഇഒയും സഹസ്ഥാപകനുമായ കാള്‍ പെയ് പറഞ്ഞു. മികച്ച ഡിസൈനര്‍മാരും ക്രിയേറ്റീവുകളും ടീനേജ് എന്‍ജിനീയറിംഗിന്റെ ഭാഗമാണ്. അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ വളരെ സന്തോഷം തോന്നുന്നു. ഒത്തൊരുമിച്ച് ഉല്‍പ്പന്ന റോഡ്മാപ്പ് തയ്യാറാക്കിയതായി ഇതിനിടെ കാള്‍ പെയ് വ്യക്തമാക്കി.
‘നത്തിംഗ്’ ഡിസൈന്‍ ടീമിനെ നയിക്കുന്നത് ടീനേജ് എന്‍ജിനീയറിംഗിന്റെ സഹസ്ഥാപകനും സിഇഒയുമായ ജെസ്പര്‍ കൊതൂഫ് ആയിരിക്കും. കൂടാതെ, ടീനേജ് എന്‍ജിനീയറിംഗ് ഡിസൈന്‍ വിഭാഗം ഉപമേധാവി ടോം ഹോവാര്‍ഡിനെ നത്തിംഗ് ഡിസൈന്‍ വിഭാഗം മേധാവിയായി നിയമിച്ചു.
ഇന്ത്യന്‍ വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനും നത്തിംഗ് വലിയ താല്‍പ്പര്യമാണ് പ്രകടിപ്പിക്കുന്നത്. ഇതിനുമുന്നോടിയായി, നത്തിംഗ് ഇന്ത്യയുടെ വൈസ് പ്രസിഡന്റും ജനറല്‍ മാനേജരുമായി മനു ശര്‍മയെ പ്രഖ്യാപിച്ചു. നേരത്തെ സാംസംഗ് വൈസ് പ്രസിഡന്റ്- പ്രൊഡക്റ്റ് സ്ട്രാറ്റജി മേധാവിയായിരുന്നു ശര്‍മ. സാംസംഗ്, എച്ച്പി തുടങ്ങിയ കമ്പനികളിലായി ഇരുപത് വര്‍ഷത്തിലേറെ പരിചയസമ്പന്നനാണ് ശര്‍മ. തദ്ദേശീയമായി ഉല്‍പ്പന്നതന്ത്രം തയ്യാറാക്കുകയും വിപണന, വില്‍പ്പന പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുകയും മനു ശര്‍മയുടെ ചുമതലകളായിരിക്കും. ഇന്ത്യയില്‍ ഓഫീസ് സ്ഥാപിക്കുന്നതിനും നേതൃത്വം നല്‍കേണ്ടിവരും.
ഇതിനെല്ലാം പുറമേ, ക്രൗഡ്ഫണ്ട് കാംപെയ്ന്‍ വഴി മാര്‍ച്ച് രണ്ടിന് കമ്യൂണിറ്റി ഫണ്ടിംഗ് റൗണ്ട് ആരംഭിക്കുകയാണ് നത്തിംഗ്. കമ്പനിയുടെ സീരീസ് എ ഫണ്ടിംഗിന്റെ ഭാഗമാണ് പുതിയ കാംപെയ്ന്‍. ഏര്‍ളി ആക്‌സെസ് എന്ന നിലയില്‍ ഇരുപതിനായിരത്തോളം പേരാണ് ഇതുവരെ നത്തിംഗ് ബ്രാന്‍ഡില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്.