ഗുണനിലവാര മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ചയില്ല: പിയൂഷ് ഗോയല്‍
1 min readന്യൂഡെല്‍ഹി: കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തില്‍ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും ഗുണനിലവാരവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രവൃത്തി ചെയ്യുന്നതിന് കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുകയും ചെയ്യുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡിന്‍റെ (ബിഐഎസ്) മൂന്നാമത്തെ ഭരണസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഉല്‍പ്പന്നങ്ങളില്‍ ഒരു ആഗോള നിലവാരം സൃഷ്ടിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞ അദ്ദേഹം, സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയയിലും പരിശോധനയിലും ഉയര്‍ന്ന സുതാര്യത കൊണ്ടുവരുന്നതിനായി ഒരു ഉപഭോക്തൃ ചാര്‍ട്ടര്‍ രൂപീകരിക്കാന്‍ ബിഐഎസ് ഡിജിക്ക് നിര്‍ദേശം നല്‍കി.
‘എഫ്എസ്എസ്എഐ, ക്യുസിഐ അല്ലെങ്കില്‍ ബിഐഎസില്‍ ആരെങ്കിലും കൈക്കൂലി വാങ്ങിയാല്‍, അവര്‍ രാജ്യത്തിന് നഷ്ടം വരുത്തുന്നു. കാരണം നമ്മുടെ സാധനങ്ങള്‍ വിദേശത്തേക്ക് പോയി അവിടെ നിരസിക്കപ്പെടുകയാണെങ്കില്‍, രാജ്യത്തിന്‍റെ യശസ്സ് അപകടത്തിലാകും. അതിനാല്‍ ഇത്തരം കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ല,’ ഗോയര്‍ വ്യക്തമാക്കി.
യോഗത്തില്‍ ഉപഭോക്തൃ-പൊതുവിതരണ സഹമന്ത്രി റാവു സാഹിബ് പാട്ടീല്‍ ദാന്‍വേ, രാജ്യസഭാ അംഗം മഹേഷ് പോദ്ദാര്‍, ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി ലീന നന്ദന്‍, ബിഐഎസ് ഡയറക്ടര്‍ ജനറല്‍ പി.കെ. തിവാരി, ക്യുസിഐ പ്രസിഡന്‍റ് ആദില്‍ ജയ്നുല്‍ഭായ് തുടങ്ങിയവര്‍ പങ്കെടുത്തു.