തുടര്‍ച്ചയായ അഞ്ചാം മാസം ജിഎസ്ടി സമാഹരണം 1 ലക്ഷം കോടിക്കു മുകളില്‍
ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി സമാഹരണം തുടര്‍ച്ചയായ അഞ്ചാം മാസവും ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തി. ഫെബ്രുവരിയില്‍ 1.13 ലക്ഷം കോടി രൂപയുടെ കളക്ഷനാണ് ഉണ്ടായതെന്ന് തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട താല്‍ക്കാലിക കണക്കുകള്‍ വ്യക്തമാക്കുന്നു. കര്‍ശനമായ നടപ്പാക്കലും സമ്പദ്വ്യവസ്ഥയിലെ മൊത്തത്തിലുള്ള പുരോഗതിയും കൂടാതെ ജിഎസ്ടി തട്ടിപ്പുകള്‍ക്കും വ്യാജ ബില്ലുകള്‍ക്കുമെതിരായ നീക്കവുമാണ് ശക്തമായ സമാഹരണത്തിലേക്ക് നയിച്ചതെന്ന് ധനമന്ത്രാലയും വ്യക്തമാക്കുന്നു.ജിഎസ്ടി ശേഖരണം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏഴ് ശതമാനം വളര്‍ച്ച നേടി. 2020 ഫെബ്രുവരിയില്‍ ഇത് 1.05 ലക്ഷം കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ നേടിയ 1.19 ട്രില്യണ്‍ രൂപയെ അപേക്ഷിച്ച് കുറവാണ് കഴിഞ്ഞ മാസത്തെ സമാഹരണം.. കളക്ഷനുകള്‍ തുടര്‍ച്ചയായ ആറാം മാസമാണ് വാര്‍ഷികാടിസ്ഥാനത്തില്‍ വളര്‍ച്ച രേഖപ്പെടുത്തുന്നത്..
ജിഎസ്ടി നിലവില്‍ വന്നതിനുശേഷം അഞ്ച് തവണയാണ് നികുതി സമാഹരണം 1.1 ലക്ഷം കോടി രൂപ കവിഞ്ഞത്. കോവിഡ് 19 ലോക്ക്ഡൗണിനു ശേഷമുള്ള കാലയളവില്‍ തുടര്‍ച്ചയായി അഞ്ചാം തവണ ഒരു ട്രില്യണ്‍ മാര്‍ക്ക് മറികടന്നത് സാമ്പത്തിക വീണ്ടെടുക്കലിന്‍റെ വ്യക്തമായ സൂചനയാണെന്ന് ധന മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.
ഫെബ്രുവരിയില്‍, ചരക്ക് ഇറക്കുമതിയില്‍ നിന്നുള്ള വരുമാനം 2020 ഫെബ്രുവരിയെ അപേക്ഷിച്ച് 15 ശതമാനം കൂടുതലാണ്, ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉള്‍പ്പെടെ) 5 ശതമാനം വര്‍ധിച്ചു.