നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗ് നീട്ടിവെക്കണമെന്ന് ഗഡ്കരിയും
1 min readന്യൂഡല്‍ഹി: സ്വര്‍ണാഭരണങ്ങളില്‍ നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗ് നടപ്പാക്കുന്നത് 2022 ജൂണ്‍ വരെ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റോഡ് ഗതാഗത, എംഎസ്എംഇ മന്ത്രി നിതിന്‍ ഗഡ്കരി വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലിന് കത്ത് നല്‍കി. രത്ന-ജ്വല്ലറി മേഖലയുടെ പ്രതിനിധികള്‍ ഉന്നയിച്ച ആവശ്യം കണക്കിലെടുത്താണ് ഗഡ്കരിയുടെ നടപടി.
നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗ് നടപ്പിലാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഈ മേഖലയുടെ പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ അവസരത്തില്‍ ഹാള്‍മാര്‍ക്കിംഗ് നിബന്ധന മുന്‍നിശ്ചയ പ്രകാരം നടപ്പാക്കുന്നത് വ്യവസായികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഗഡ്കരി പറഞ്ഞു.
കോവിഡ് മഹാമാരി ഏറ്റവുമധികം ബാധിച്ച ഒരു മേഖലയാണ് രത്ന, സ്വര്‍ണാഭരണ മേഖല. അതില്‍ നിന്നുള്ള വീണ്ടെടുപ്പിന്‍റെ ഘട്ടത്തില്‍ പുതിയ നിബന്ധന പാലിക്കുന്നതിനുള്ള പ്രതിസന്ധി ഈ വ്യാവസായിക മേഖലയെ തളര്‍ത്തും. ബിഐഎസ് ഉള്‍പ്പടെ ഇതുമായി ബന്ധപ്പെട്ട സംവിധാനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ കൂടി നയരൂപീകരണത്തില്‍ കണക്കിലെടുക്കണമെന്ന് ഓള്‍ ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമെസ്റ്റിക് കൗണ്‍സില്‍ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങള്‍ വിലയിരുത്തി ഉചിതമായ നടപടി സ്വീകരിക്കാനാണ് പിയുഷ് ഗോയലിനോട് ഗഡ്കരി ആവശ്യപ്പെട്ടിട്ടുള്ളത്.