3 ലക്ഷം കോടി രൂപയുടെ വമ്പന്‍ പദ്ധതിയുമായി എന്‍എച്ച്എഐ
1 min readഎസ്പിവി മോഡലിലൂടെ 20,000-25,000 കോടി സമാഹരിക്കാന്‍ പദ്ധതി
ടോള്‍ ഓപ്പറേറ്റ് ട്രാന്‍സ്ഫര്‍ മോഡലിലൂടെ 10,000 കോടി സമാഹരിക്കും
രണ്ടാം ഇന്‍ഫ്രാ ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റും പണിപ്പുരയില്‍
മുംബൈ: 3.5 ലക്ഷം കോടി രൂപ മൂല്യം വരുന്ന 7,500 കിലോമീറ്റര്‍ റോഡ് പദ്ധതികള്‍ മോണിറ്റൈസ് ചെയ്യാനുള്ള നീക്കവുമായി നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ). റോഡ് അടിസ്ഥാനസൗകര്യവുമായി ബന്ധപ്പെട്ട പദ്ധതികളിലൂടെ പരമാവധി പണം സമാഹരിക്കാനുള്ള തയാറെടുപ്പിലാണ് എന്‍എച്ച്എഐ.
ഗ്രീന്‍ഫീല്‍ഡ് എക്സ്പ്രസ് വെയ്സ്, അക്സസ് കണ്‍ട്രോള്‍ഡ് ഹൈവേസ് തുടങ്ങിയവയെല്ലാം ഇതില്‍ പെടും. 2024-25 ആകുമ്പോഴേക്കും പൂര്‍ത്തിയാക്കുന്ന പദ്ധതികളിലൂടെയാകും ധനസമാഹരണം. വിവിധ മാര്‍ഗങ്ങളിലൂടെ ഫണ്ട് സമാഹരിക്കാനാണ് പദ്ധതിയെന്ന് എന്‍എച്ച്എഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
എസ്പിവി മോഡലിലൂടെ 20,000-25,000 കോടി രൂപ അതോറിറ്റി സമാഹരിക്കും. ടോള്‍ ഓപ്പറേറ്റ് ട്രാന്‍സ്ഫര്‍ മാതൃകയിലൂടെ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 10,000 കോടി രൂപ സമാഹരിക്കാനാണ് പദ്ധതി. 6000 കോടി രൂപയുടെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റും പണിപ്പുരയിലാണ്.
മോണിറ്റൈസേഷന്‍ മാതൃകകളെ സംബന്ധിച്ച് തുറന്ന സമീപനമാണ് ഞങ്ങള്‍ക്കുള്ളത്. മികച്ച പ്രതികരണം ലഭിക്കുന്ന മോഡലിന് അനുസൃതമായി തീരുമാനങ്ങള്‍ കൈക്കൊള്ളും-ഇതാണ് പദ്ധതിയെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സാമ്പത്തിക ആരോഗ്യം മികച്ച നിലയിലാണെന്ന് നേരത്തെ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ക്കരി വ്യക്തമാക്കിയിരുന്നു. നിലവില്‍ 34000 കോടി രൂപയാണ് പ്രതിവര്‍ഷ ടോള്‍ വരുമാനം. 2025 ആകുമ്പോഴേക്കും ഇത് 1.34 ലക്ഷം കോടി രൂപയിലേക്ക് എത്തിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ലക്ഷ്യം.
എങ്ങനെ ഓരോ പദ്ധതിയും മോണിറ്റൈസ് ചെയ്യാം, എങ്ങനെ കൂടുതല്‍ പണം സമാഹരിക്കാം. ഇതെല്ലാമാണ് വെല്ലുവിളി-മന്ത്രി വ്യക്തമാക്കി. എന്‍എച്ച്എഐയുടെ മുഴുവന്‍ സംവിധാനങ്ങളും ഡിജിറ്റൈസ് ചെയ്തുകഴിഞ്ഞെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. അതിവേഗമാണ് ഇന്ത്യയിലങ്ങോളമിങ്ങോളം ഹൈവേ നിര്‍മിക്കപ്പെടുന്നത്. 111 ലക്ഷം കോടി രൂപയുടെ ദേശീയ അടിസ്ഥാനസൗകര്യ പൈപ്പ്ലൈന്‍ നടപ്പാക്കാനുള്ള ശ്രമവും ഇതിന്‍റെ പശ്ചാത്തലത്തിലാണ്.
നിലവില്‍ പ്രതിദിനം 30 കിമീറ്ററാണ് ഹൈവേ നിര്‍മാണം. ഇത് 60 കി.മീറ്ററാക്കി ഉയര്‍ത്തുകയാണ് മന്ത്രി നിതിന്‍ ഗഡ്ക്കരി ലക്ഷ്യമിടുന്നത്. 2021 ജനുവരി 15 വരെ സര്‍ക്കാര്‍ അനുമതി നല്‍കിയത് 7597 കി.മീറ്റര്‍ ഹൈവേ നിര്‍മാണത്തിനാണ്. പോയയ വര്‍ഷം ഇത് 4500 കി.മീറ്ററായിരുന്നു. ജനുവരി 8 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ പ്രതിദിന ഹൈവേ നിര്‍മാണം 76.3 കിലോമീറ്ററായി ഉയര്‍ന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.