കോവിഡ് വാക്സിന്‍: കയറ്റുമതിയുടെ 37ശതമാനം ഇന്ത്യ നല്‍കിയത് സമ്മാനമായി
ന്യൂഡെല്‍ഹി: ഇന്ത്യ കയറ്റുമതി ചെയ്യുന്ന കൊറോണ പ്രതിരോധ വാക്സിനുകളുടെ ഒരു പ്രധാന ഭാഗം സൗഹൃദ രാജ്യങ്ങള്‍ക്കുള്ള സമ്മാനങ്ങളാണ്. ജനുവരി പകുതി മുതല്‍ ഫെബ്രുവരി രണ്ടാം വാരം വരെ 20 ഓളം രാജ്യങ്ങളിലേക്ക് 1.6 കോടിയിലധികം വാക്സിനുകളാണ് കയറ്റുമതി ചെയ്തത്. സൗഹൃദ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയുടെ 37 ശതമാനവും ഇന്ത്യയുടെ സമ്മാനമായിരുന്നു. ഇത് ഏതാണ്ട് 62.7 ലക്ഷം ഡോസുകള്‍ വരുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അയല്‍രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും അമേരിക്കയിലേക്കും വാക്സിനുകള്‍ ഇന്ത്യ അയച്ചുകൊടുത്തു.
വാക്സിന്‍റെ 63 ശതമാനം കയറ്റുമതിയിലൂടെ ഇന്ത്യക്ക് വരുമാനം ലഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് പ്രധാനമായും യുഎഇ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ഈജിപ്ത്, മൊറോക്കോ, ബംഗ്ലാദേശ്, അള്‍ജീരിയ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു. ഈ രാജ്യങ്ങള്‍ക്ക് ജനുവരി 25 നും ഫെബ്രുവരി 2 നും ഇടയില്‍ ഒരു കോടിയിലധികം ഡോസുകള്‍ ലഭിച്ചു.
ഏറ്റവും കൂടുതല്‍ വാക്സിനുകള്‍ വാങ്ങിയത് ബംഗ്ലാദേശാണ്, 50 ലക്ഷത്തോളമാണിത്. ബ്രസീല്‍, മൊറോക്കോ എന്നിവയ്ക്ക് 20 ലക്ഷം വീതം വാക്സിനുകള്‍ അയച്ചുകൊടുത്തു. ദക്ഷിണാഫ്രിക്ക 10 ലക്ഷം ഡോസുകള്‍ വാങ്ങിയപ്പോള്‍ കുവൈത്തും യുഎഇയും രണ്ട് ലക്ഷം വീതവും ഈജിപ്തും അള്‍ജീരിയയും 50,000 വീതവും വാങ്ങി. സമ്മാനമായി ഏറ്റവുമധികം വാക്സിനുകള്‍ ലഭിച്ചത് ബംഗ്ലാദേശിനാണ്. ഏതാണ്ട് 20 ലക്ഷം ഡോസാണ് അവര്‍ക്ക് ഈ ഇനത്തില്‍ ലഭിച്ചത്. . 15 ലക്ഷവുമായി മ്യാന്‍മര്‍, 10 ലക്ഷം നേപ്പാള്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ 5 ലക്ഷം വീതം, ഭൂട്ടാന്‍ 1.5 ലക്ഷം, മാലിദ്വീപ്, ബഹ്റൈന്‍, ഒമാന്‍ ഒരു ലക്ഷം വീതമുള്ള ബാര്‍ബഡോസ്, 70,000 ഡോമിനിക്ക, 50,000 ഡോസുമായി സീഷെല്‍സ് ഏന്നീ രാജ്യങ്ങള്‍ തൊട്ടു പിന്നിലുണ്ട്.
ഇന്ത്യയിലെ ആവശ്യകതയെക്കുറിച്ച് സമഗ്രമായ അവലോകനത്തിന് ശേഷമാണ് വാക്സിനുകള്‍ കയറ്റുമതി ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ ആവശ്യങ്ങളെ ബാധിക്കില്ലെന്ന് മന്ത്രാലയം ഉറപ്പ് നല്‍കി. അതേസമയം, തിങ്കളാഴ്ച വരെ 85 ലക്ഷം ഹെല്‍ത്ത് കെയര്‍, ഫ്രണ്ട് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യ കുത്തിവയ്പ് നല്‍കിയിട്ടുണ്ട്. 1,83,664 സെഷനുകളിലൂടെ 85,16,771 ഗുണഭോക്താക്കള്‍ക്കാണ് വാക്സിനേഷന്‍ നല്‍കിയത്. ഏകദേശം 98,118 ആരോഗ്യ പ്രവര്‍ത്തകര്‍ അവരുടെ രണ്ടാമത്തെ ഡോസും സ്വീകരിച്ചു. ആദ്യ ഘട്ടത്തില്‍ 3 കോടി ആരോഗ്യ സംരക്ഷണത്തിനും മുന്‍നിര തൊഴിലാളികള്‍ക്കും കുത്തിവയ്പ്പ് നല്‍കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.