മ്യാന്‍മാര്‍: ഉദ്യോഗസ്ഥര്‍ക്കെതിരെ സായുധാക്രണണം
1 min readകൊല്‍ക്കത്ത: മ്യാന്‍മാര്‍ സൈനിക ഭരണകൂടത്തിനെതിരെ സായുധ എതിരാളികളുടെ ആക്രമണം. യാങ്കോണ്‍, മണ്ടാലെ, സാഗിംഗ് മേഖലകളില്‍ സൈനിക ഭരണകൂടം നിയോഗിച്ച മൂന്ന് അഡ്മിനിസ്ട്രേറ്റര്‍മാരെ എതിരാളികള്‍ കൊലപ്പെടുത്തി. ഏപ്രില്‍ പകുതി മുതല്‍ ഭരണകൂടം നിയോഗിച്ച വാര്‍ഡ് അഡ്മിനിസ്ട്രേറ്റര്‍മാരും പോലീസ് ഇന്‍ഫോര്‍മന്‍റുകളും പതിവായി അക്രമിക്കപ്പെടാറുണ്ട്. എന്നാല്‍ ഇതിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പ്രക്ഷോഭകര്‍ക്കിടയില്‍നിന്ന് സായുധമായ നീക്കവും പ്രതിരോധ ഗൂപ്പുകളുടെ രൂപീകരണവും ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഐഎഎന്‍എസ് എന്ന വാര്‍ത്താ ഏജന്‍സിയാണ്.
‘ഫെഡറല്‍ ആര്‍മിയും മറ്റ് ചില ഗ്രൂപ്പുകളും ഇപ്പോള്‍ യുണൈറ്റഡ് ഡിഫന്‍സ് ഫോഴ്സില്‍ ലയിച്ചു. നൂറുകണക്കിന് പുതിയ റിക്രൂട്ട്മെന്‍റുകള്‍ കാരെന്‍ നാഷണല്‍ യൂണിയന്‍ (കെഎന്‍യു) പോലുള്ള വംശീയ വിമത സേനകളുടെ ക്യാമ്പുകളില്‍ നടക്കുന്നു,അവര്‍ക്ക് ആയുധ പരിശീലനവും നല്‍കുന്നു.ഈ റിക്രൂട്ട്മെന്‍റിന്‍റെ ആദ്യ ബാച്ച് നഗരങ്ങളില്‍ തിരിച്ചെത്തിയതായി തോന്നുന്നു, “മുന്‍ എന്‍എല്‍ഡി എംപി പറഞ്ഞു.പക്ഷേ, ഭരണകൂടം ചോദ്യം ചെയ്യലിലേക്ക് വലിച്ചിഴക്കപ്പെടുമെന്ന ഭയത്താല്‍ അദ്ദേഹം പേര്‍ വെളിപ്പെടുത്തിയില്ല.
ഭരണ വിരുദ്ധ പ്രക്ഷോഭകരെ അറസ്റ്റുചെയ്യുന്നതിലും ഉദ്യോഗസ്ഥരെയും സൈനിക ഭരണത്തെ എതിര്‍ക്കുന്ന മറ്റ് സാധാരണക്കാരെയും അറസ്റ്റുചെയ്യുന്നതില്‍ അധികൃതരുമായി സഹകരിക്കുന്നതിനാണ് വാര്‍ഡ് അഡ്മിനിസ്ട്രേറ്റര്‍മാരെയും പോലീസ് ഇന്‍ഫോര്‍മന്‍റുകളെയും നിയമിച്ചത്. അതിനാല്‍ ഇവര്‍ ആക്രമങ്ങള്‍ക്ക് ഇരയാകുന്നു. മണ്ടാലെ മേഖലയിലെ ചന്‍മിതസി ടൗണ്‍ഷിപ്പില്‍ പുതുതായി നിയമിതനായ വാര്‍ഡ് അഡ്മിനിസ്ട്രേറ്ററെ അജ്ഞാതര്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സാഗിംഗിലെ ഖിന്‍-യു ടൗണ്‍ഷിപ്പിലെ ഒരു കൈകാന്‍ വില്ലേജ് ട്രാക്റ്റ് അഡ്മിനിസ്ട്രേറ്ററെ ഗ്രാമത്തിന് പുറത്ത് കുത്തിക്കൊലപ്പെടുത്തിയെന്ന് സൈനികര്‍ നടത്തുന്ന പത്രം റിപ്പോര്‍ട്ട് ചെയ്തു.
സാഗിംഗിലെ തമു ടൗണ്‍ഷിപ്പിലെ വിറ്റോക്ക് വില്ലേജ് അഡ്മിനിസ്ട്രേറ്റര്‍ യു താന്‍ മൈന്‍റിന്‍റെ വീടിനും രാത്രി മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ വെടിവച്ചു. യു താന്‍ മൈന്‍റിനും ഭാര്യക്കും പരിക്കേറ്റു. മകളും ചെറുമകനും കൊല്ലപ്പെട്ടു. യാങ്കോണിലെ താക്കേറ്റ ടൗണ്‍ഷിപ്പിലെ ഒരു വാര്‍ഡ് അഡ്മിനിസ്ട്രേറ്ററെയും കുത്തിക്കൊന്നു.
സായുധ പ്രതിരോധം ചൈനീസ് ബിസിനസ്സ് താല്‍പ്പര്യങ്ങളെയും ലക്ഷ്യം വച്ചിട്ടുണ്ട്. ചൈന സ്ഥാപിച്ച റാഖൈന്‍-യുനാന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് പൈപ്പ്ലൈനിന്‍റെ ഓഫ്-ടേക്ക് സ്റ്റേഷന് പുറത്ത് മൂന്ന് പോലീസ് ഗാര്‍ഡുകളെയും പ്രക്ഷോഭകര്‍ വധിച്ചു.