‘മുസിരിസ് പാഡില്‍’ ഫ്ളാഗ് ഓഫ് ഫെബ്രുവരി 12ന്
1 min readകൊച്ചി: മുസിരിസ് പൈതൃകഭൂമികയിലെ രാജകീയ ജലസഞ്ചാര പാതയില്‍ ആവേശത്തുഴയെറിയാന്‍ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള കയാക്കര്‍മാരും സ്റ്റാന്റപ് പാഡ്ലര്‍മാരും സെയിലര്‍മാരും കൊച്ചിയിലേക്ക്. മൂന്ന് വര്‍ഷം കൊണ്ട് രാജ്യാന്തര ടൂറിസം ഭൂപടത്തില്‍ ഇടം പിടിച്ച ‘മുസിരിസ് പാഡില്‍’ ഫെബ്രുവരി 12, 13 തീയതികളില്‍ കോട്ടപ്പുറം- കൊച്ചി ജലപാതയില്‍ നടക്കും. സംസ്ഥാന ടൂറിസം വകുപ്പും മുസിരിസ് പൈതൃക പദ്ധതിയും ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സും സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത് ‘മുസിരിസ് പാഡില്‍’ ഫെബ്രുവരി 12ന് കോട്ടപ്പുറം കായലില്‍ നിന്ന് ഫ്ളാഗ് ഓഫ് ചെയ്യും. സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ഫ്ളാഗ് ഓഫിലും ബോള്‍ഗാട്ടിയില്‍ 13ന് നടക്കുന്ന സമാപന ചടങ്ങിലും പങ്കെടുക്കും.
12ന് രാവിലെ 8 മണിക്ക് കോട്ടപ്പുറം മാര്‍ക്കറ്റിനോട് ചേര്‍ന്ന ആംഫി തീയറ്ററിനടുത്തു നിന്ന് പുറപ്പെടുന്ന ‘മുസിരിസ് പാഡില്‍’ പെരിയാറിലൂടെ സഞ്ചരിച്ച ശേഷം മുനമ്പത്തിനടുത്ത് ദേശീയ ജലപാത- 3ലേക്കു കടക്കും. കായലിനോട് ചേര്‍ന്നു കിടക്കുന്ന പള്ളിപ്പുറം കോട്ട, ചെറായി സഹോദരന്‍ അയ്യപ്പന്‍ മ്യൂസിയം എന്നീ കേന്ദ്രങ്ങളിലാണ് ആദ്യദിവസത്തെ സന്ദര്‍ശനം. കെടാമംഗലം ശ്രാവണം ഗ്രീന്‍സില്‍ ആദ്യദിവസത്തെ യാത്ര വൈകീട്ട് 3.30ന് അവസാനിക്കും.
ഫെബ്രുവരി 13ന് രാവിലെ 8ന് അവിടെ നിന്ന് പുറപ്പെട്ട് നെടുങ്ങാട് വീരന്‍പുഴ, വൈപ്പിന്‍ മഞ്ഞനക്കാട് എന്നീ കേന്ദ്രങ്ങള്‍ പിന്നിട്ട് വേമ്പനാട്ട് കായലിലേക്ക് പ്രവേശിക്കും. മുളവുകാട് ദ്വീപിന്റെ പ്രകൃതിഭംഗി ആസ്വദിച്ച് ഗോശ്രീ പാലത്തിനടിയിലൂടെ ബോള്‍ഗാട്ടി ദ്വീപിനെ ചുറ്റി ബോള്‍ഗാട്ടി പാലസിനോട് ചേര്‍ന്നുള്ള കെ ടി ഡി സി മറീനയില്‍ വൈകീട്ട് 3.30 ഓടെ എത്തിച്ചേരും. സഞ്ചാരപാതയിലെ പ്രധാനകേന്ദ്രങ്ങളിലെല്ലാം വിനോദത്തിനും വിശ്രമത്തിനും ഭക്ഷണത്തിനുമുള്ള മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകരായ മുസിരിസ് പൈതൃക പദ്ധതി എം ഡി: പി എം നൗഷാദ്, ജെല്ലി ഫിഷ് വാട്ടര്‍സ്പോര്‍ട്സ് ജനറല്‍ മാനേജര്‍ ശ്രീജിത് എ.കെ. എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മുസിരിസ് പാഡിലിന്റെ സഞ്ചാരപാതയില്‍ ഉടനീളം കായലില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് നീക്കം ചെയ്യും. പ്രാദേശിക തലത്തിലുള്ള സംഘടനകളും പരിസ്ഥിതി ഗ്രൂപ്പുകളും സന്നദ്ധ പ്രവര്‍ത്തകരും ഇതില്‍ സഹകരിക്കുന്നുണ്ട്. ഇവന്റിന്റെ ലോഗോ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പ്രകാശനം ചെയ്തത്. മുസിരിസ് പാഡിലിന് ഏറ്റവും മികച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ജലകായിക രംഗത്തെ വിദഗ്ദ്ധരായ ജെല്ലി ഫിഷ് വാട്ടര്‍ സ്പോര്‍ട്സിലെ പ്രൊഫഷണലുകള്‍ ഒരുക്കുന്നത്. പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ്് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ വിളിക്കേണ്ട നമ്പര്‍ 9745507454, 9400893112 ഓണ്‍ലൈനായി ബുക്കിംഗിന്- www.jellyfishwatersports.com. വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമെല്ലാം ഇതില്‍ പങ്കുചേരാവുന്നതാണ്.
മുസിരിസ് പൈതൃക പദ്ധതി മാര്‍ക്കറ്റിംഗ് മാനേജര്‍ ഇബ്രാഹിം സബിന്‍, ജെല്ലിഫിഷ് ഓപറേഷന്‍ മാനേജര്‍ പ്രസാദ് ടി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.