മോട്ടോറോള 4കെ ആന്‍ഡ്രോയ്ഡ് ടിവി സ്റ്റിക്ക് പുറത്തിറക്കി
മാര്‍ച്ച് മൂന്നാം വാരത്തില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പ്പന ആരംഭിക്കും. 3,999 രൂപയാണ് വില
ന്യൂഡെല്‍ഹി: മോട്ടോറോള 4കെ ആന്‍ഡ്രോയ്ഡ് ടിവി സ്റ്റിക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 3,999 രൂപയാണ് വില. മാര്‍ച്ച് മൂന്നാം വാരത്തില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പ്പന ആരംഭിക്കും. താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന സ്ട്രീമിംഗ് സ്റ്റിക്കാണ് പുതിയ ഡിവൈസ്. 4കെ എച്ച്ഡിആര്‍ ടിവികളില്‍ ഉപയോഗിക്കാന്‍ കഴിയും.
ആന്‍ഡ്രോയ്ഡ് ടിവി 9 പൈയിലാണ് സ്ട്രീമിംഗ് ഡിവൈസ് പ്രവര്‍ത്തിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ, യൂട്യൂബ്, സീ5 ഉള്‍പ്പെടെയുള്ള പ്രധാന സ്ട്രീമിംഗ് ആപ്പുകളും സര്‍വീസുകളും സപ്പോര്‍ട്ട് ചെയ്യും. അള്‍ട്രാ എച്ച്ഡി (3840, 2160 പിക്‌സല്‍) റെസലൂഷന്‍ വരെയുള്ള വീഡിയോ കണ്ടന്റ് സ്ട്രീം ചെയ്യാം.
വിവിധ ബ്രാന്‍ഡുകളുടെ സ്ട്രീമിംഗ് സ്റ്റിക്കുകളുടെയും ബോക്‌സുകളുടെയും ഇടയിലേക്കാണ് മോട്ടോറോള 4കെ ആന്‍ഡ്രോയ്ഡ് ടിവി സ്റ്റിക്ക് വരുന്നത്. മി ബോക്‌സ് 4കെ, ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക്ക് 4കെ എന്നിവ പ്രധാന എതിരാളികളാണ്. 60എഫ്പിഎസില്‍ 4കെ എച്ച്ഡിആര്‍ വീഡിയോ സ്ട്രീമിംഗ് സാധ്യമാകുന്നതാണ് മോട്ടോറോള 4കെ ആന്‍ഡ്രോയ്ഡ് ടിവി സ്റ്റിക്ക്.
2 ഗിഗാഹെര്‍ട്‌സ് കോര്‍ട്ടക്‌സ് എ53 ക്വാഡ് കോര്‍ പ്രൊസസറാണ് കരുത്തേകുന്നത്. 2 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ് ലഭിക്കും. ഡുവല്‍ ബാന്‍ഡ് വൈഫൈ, എച്ച്ഡിആര്‍ സപ്പോര്‍ട്ട് സവിശേഷതകളാണ്.