മുന്നേറ്റം ഷെയര്‍ചാറ്റ്, മോജ് മാതൃകമ്പനി യുണികോണ്‍ ക്ലബ്ബില്‍
1 min read3,726 കോടി രൂപ സമാഹരണമാണ് മൊഹല്ല ടെക് പൂര്‍ത്തിയാക്കിയത്
ന്യൂഡെല്‍ഹി: പ്രമുഖ ഷോര്‍ട്ട് വീഡിയോ ആപ്ലിക്കേഷനായ മോജിന്‍റെയും പ്രാദേശിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഷെയര്‍ചാറ്റിന്‍റെയും മാതൃ കമ്പനിയായ മൊഹല്ല ടെക് തങ്ങളുടെ സീരീസ് ഇ ഫണ്ടിംഗ് റൗണ്ടില്‍ 502 മില്യണ്‍ ഡോളര്‍ (ഏകദേശം 3,726 കോടി രൂപ) സമാഹരിച്ചതായി പ്രഖ്യാപിച്ചു. ലെറ്റ്സ്പീഡ് വെന്‍ചേഴ്സും ടൈഗര്‍ ഗ്ലോബലുമാണ് ഏറ്റവും പുതിയ നിക്ഷേപ റൗണ്ടിലെ പ്രമുഖര്‍. സ്നാപ്പ്, ട്വിറ്റര്‍, ഇന്ത്യാ ക്വോട്ടിയന്‍റ് എന്നിവയില്‍ നിന്നുള്ള പങ്കാളിത്തവുമുണ്ടായി.
പുതിയ ഫണ്ടിംഗോടെ കമ്പനിയുടെ മൂല്യ നിര്‍ണയം 2.1 ബില്യണ്‍ ഡോളറിന് മുകളിലേക്ക് എത്തിയിരിക്കുകയാണ്. ഇതോടെ കമ്പനി ഇന്ത്യയിലെ യുണികോം ക്ലബ്ബിലേക്കെത്തുന്ന ഏറ്റവും പുതിയ അംഗമായി. 1 ബില്യണ്‍ ഡോളറിനു മുകളില്‍ മൂല്യ നിര്‍ണയമുള്ള സ്റ്റാര്‍ട്ടപ്പുകളാണ് യുണികോണുകള്‍ എന്നറിയപ്പെടുന്നത്.
2015ല്‍ സ്ഥാപിതമായ മൊഹല്ല ടെക് ആറ് ധനസമാഹരണ റൗണ്ടുകളിലായി 766 ദശലക്ഷം ഡോളര്‍ വിജയകരമായി സമാഹരിച്ചു, ഇത് സവിശേഷവും സാങ്കേതികവുമായ സോഷ്യല്‍ മീഡിയ അനുഭവം നല്‍കി ഗണ്യമായി വളരാന്‍ ഷെയര്‍ചാറ്റിനെ സഹായിക്കുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സമാരംഭിച്ച മോജ്, ഷോര്‍ട്ട് വീഡിയോ മേഖലയില്‍ വലിയ മുന്നേറ്റം നടത്തി. മോജിനും ഷെയര്‍ചാറ്റിനുമായി 280 ദശലക്ഷം പേരടങ്ങുന്ന ഉപയോക്തൃ സമൂഹം തങ്ങള്‍ക്കുണ്ടെന്ന് കമ്പനി പറയുന്നു. “ഷെയര്‍ചാറ്റും മോജും ഉപയോഗിച്ച്, ഇന്ത്യയിലെ ഏറ്റവും വലിയ എഐ-അധിഷ്ഠിത കണ്ടന്‍റ് ഇക്കോസിസ്റ്റം നിര്‍മിക്കുന്നതിനുള്ള മികച്ച നിലയിലാണ് ഞങ്ങളിപ്പോള്‍,” ഷെയര്‍ചാറ്റ് സിഇഒയും സഹസ്ഥാപകനുമായ അന്‍കുഷ് സച്ദേവ പറഞ്ഞു.
സാങ്കേതിക ഉദ്യമങ്ങള്‍ ഇരട്ടിയാക്കാനും ഉപയോക്തൃ വളര്‍ച്ചയെ സഹായിക്കാനും പ്ലാറ്റ്ഫോമുകളിലെ സുരക്ഷാ സവിശേഷതകള്‍ മെച്ചപ്പെടുത്താനും പുതിയ ഫണ്ടുകള്‍ ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.