10 ബില്യണ്‍ ഡോളര്‍ ഫ്ളിപ്കാര്‍ട്ട് ഐപിഒ; അങ്ങ് യുഎസില്‍…
1 min read- ഒരു ഇന്ത്യന്‍ കമ്പനി വിദേശ ഓഹരിവിപണിയില്‍ നടത്തുന്ന ഏറ്റവും വലിയ ഐപിഒ
- സകല പദ്ധതികളും ഒരുക്കുന്നത് ഫ്ളിപ്കാര്‍ട്ടിന്‍റെ ഇപ്പോഴത്തെ ഉടമസ്ഥരായ വാള്‍മാര്‍ട്ട്
- മാര്‍ഗനിര്‍ദേശത്തിന് ഗോള്‍ഡ്മാന്‍ സാക്സ് ഉള്‍പ്പടെയുള്ള വമ്പന്‍മാരെ നിയോഗിച്ചു
ബെംഗളൂരു: അമേരിക്കന്‍ ബഹുരാഷ്ട്ര റീട്ടെയ്ല്‍ ശൃംഖലയായ വാള്‍മാര്‍ട്ടിന്‍റെ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഫ്ളിപ്കാര്‍ട്ട് പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) നടത്തുന്നത് അങ്ങ് യുഎസില്‍. 10 ബില്യണ്‍ ഡോളറിന്‍റേതാണ് ഫ്ളിപ്കാര്‍ട്ടിന്‍റെ ഐപിഒ. ഈ വര്‍ഷം നാലാം പാദത്തില്‍ ഓഹരി വില്‍പ്പന നടക്കുമെന്നാണ് വിവരം.
2018ലാണ് ലോകം കണ്ട ഏറ്റവും വലിയ ഇ-കൊമേഴ്സ് ഡീലിലൂടെ വാള്‍മാര്‍ട്ട് ഫ്ളിപ്കാര്‍ട്ടിനെ സ്വന്തമാക്കിയത്. 16 ബില്യണ്‍ ഡോളര്‍ നല്‍കി ഫ്ളിപ്കാര്‍ട്ടിന്‍റെ 77 ശമതാനം ഓഹരി അന്ന് വാള്‍മാര്‍ട്ട് എടുത്തു. അതിന് ശേഷം, 2020ല്‍ വാള്‍മാര്‍ട്ട് തങ്ങളുടെ ഓഹരി 82 ശതമാനമായി ഉയര്‍ത്തി. 1.2 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചായിരുന്നു അത്.
അടുത്തിടെ യൂണിലിവറിന്‍റെ സപ്ലൈ ചെയ്ന്‍ ഓപ്പറേഷന്‍സ് വിഭാഗം മേധാവിയായിരുന്ന ഹേമന്ദ് ഭദ്രിയെ ഫ്ളിപ്കാര്‍ട്ടിന്‍റെ സീനിയര്‍ വൈസ് പ്രസിഡന്‍റായി കമ്പനി നിയമിച്ചിരുന്നു. ഐപിഒയുടെ പശ്ചാത്തലത്തില്‍ ആയിരുന്നു നിയമനം.
ഫ്ളിപ്കാര്‍ട്ടിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യമുള്ളതാണ് ഫിന്‍ടെക് ആന്‍ഡ് പേമെന്‍റ്സ് വിഭാഗം. ഇതിന്‍റെ ചുമതല രഞ്ജിത് ബോയ്നാപ്പള്ളിയില്‍ നിന്നും മാറ്റിയിട്ടുമുണ്ട്.
ഐപിഒ മുന്‍നിര്‍ത്തി ഒരു ആഭ്യന്തര ടീമിനെ ഫ്ളിപ്കാര്‍ട്ടിനായി വാള്‍മാര്‍ട്ട് സജ്ജീകരിച്ചിട്ടുണ്ട്. യുഎസിലാകും ഐപിഒയെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ഇന്ത്യന്‍ കമ്പനി വിദേശ വിപണിയില്‍ നടത്തുന്ന ഏറ്റവും വലിയ ഐപിഒയാകും ഫ്ളിപ്കാര്‍ട്ടിന്‍റേത്. ഐപിഒയോട് കൂടി ഫ്ളിപ്കാര്‍ട്ടിന്‍റെ മൂല്യം 35 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
അതേസമയം യുഎസിന് പുറത്തുള്ള വിപണികളിലും ഫ്ളിപ്കാര്‍ട്ട് ഓഹരികള്‍ ലിസ്റ്റ് ചെയ്തേക്കുമെന്ന ചില റിപ്പോര്‍ട്ടുകളുണ്ട്. കോവിഡ് മഹാമാരിക്ക് ശേഷം ഇ-കൊമേഴ്സ് കമ്പനികളുടെ വലിയ കുതിപ്പാണ് ലോകത്തുണ്ടായത്. ഇതാണ് ഫ്യൂച്ചര്‍ ബിസിനസ് എന്ന് കരുതി നിരവധി പേരാണ് നിക്ഷേപം നടത്താനെത്തുന്നത്. സൗത്ത് കൊറിയയുടെ കൂപ്പാംഗ് ഇന്‍ക് മാര്‍ച്ചിലാണ് ഐപിഒ നടത്തിയത്, അതും യുഎസ് വിപണിയില്‍. കമ്പനിയുടെ വിപണി മൂല്യം 75 ബില്യണ്‍ ഡോളറായാണ് കുതിച്ചത്. ഫ്ളിപ്കാര്‍ട്ടിന്‍റെ പ്രധാന എതിരാളികളായ ആമസോണിന്‍റെ ഓഹരികളില്‍ കഴിഞ്ഞ വര്‍ഷമുണ്ടായത് 75 ശതമാനം വര്‍ധനയാണ്. ആമസോണിന്‍റെ മൊത്തം മൂല്യം ഇപ്പോള്‍ 1.6 ട്രില്യണ്‍ ഡോളര്‍ വരും. ഇന്ത്യയില്‍ നിരവധി കമ്പനികളാണ് ഈ വര്‍ഷം ഐപിഒയ്ക്ക് തയാറെടുക്കുന്നത്. ഫ്ളിപ്കാര്‍ട്ടിന് പിന്നാലെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയും ഇന്‍ഷുറന്‍സ് പ്ലാറ്റ്ഫോമായ പോളിസി ബാസാറും ഐപിഒയ്ക്ക് തയാറെടുത്ത് വരികയാണ്.