മിഷന്‍ യുപി: പ്രിയങ്ക ലക്നൗ സന്ദര്‍ശിക്കും
ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ജൂലൈ 14ന് ലക്നൗ സന്ദര്‍ശിച്ച് തന്‍റെ ‘മിഷന്‍ യുപി’ പദ്ധതി ആരംഭിക്കും. അടുത്ത വര്‍ഷം ആദ്യം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുകയാണ് ലക്ഷ്യം. എല്ലാ ജില്ലാ, നഗര പ്രസിഡന്‍റുമാര്‍ ഉള്‍പ്പെടെ എല്ലാ പ്രദേശ് കമ്മിറ്റികളുമായും പ്രിയങ്ക കൂടിക്കാഴ്ച നടത്തും. കര്‍ഷക സമരത്തിന്‍റെ പശ്ചാത്തലത്തില്‍ വിവിധ കര്‍ഷക യൂണിയനുകളുമായും പ്രത്യേക കൂടിക്കാഴ്ച നടത്തുന്നുണ്ട്.
വിവിധ റിക്രൂട്ട്മെന്‍റ് പ്രശ്നങ്ങളുമായി പൊരുതുന്ന തൊഴിലില്ലാത്ത യുവാക്കളുടെ ഗ്രൂപ്പുകളുമായി അവര്‍ സംവദിക്കും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ പ്രകടന പത്രിക തയ്യാറാക്കുന്നതിനെക്കുറിച്ചും പ്രിയങ്ക ഗാന്ധി സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തും. പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗത്തിനുശേഷം സംസ്ഥാനത്തെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ ആദ്യ സന്ദര്‍ശനമാണിത്.
തിങ്കളാഴ്ച, ഉപദേശക സമിതിയുമായി കൂടിക്കാഴ്ച നടത്തി, ഉത്തര്‍പ്രദേശിലെ ബ്ലോക്ക് പ്രമുഖ് തെരഞ്ഞെടുപ്പില്‍ ഉണ്ടായ വലിയ തോതിലുള്ള അക്രമങ്ങളെക്കുറിച്ച് അവര്‍ ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്ത് ഇന്ധനവര്‍ധനയ്ക്കും പണപ്പെരുപ്പത്തിനും എതിരെ കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നുണ്ട്. യുപിയിലും ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിച്ച് ബിജെപി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നു. പ്രയാഗ്രാജില്‍ തിങ്കളാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ധന വര്‍ധനയ്ക്കും പണപ്പെരുപ്പത്തിനും എതിരെ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന കാലം മുതല്‍ അവശ്യവസ്തുക്കളുടെ വില ഉയരുകയാണെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ സംസ്ഥാന സെക്രട്ടറി സഞ്ജയ് തിവാരി പറഞ്ഞു. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലയില്‍ കുറവു വരുത്തണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് ജൂലൈ 17 വരെ സംസ്ഥാനതലത്തില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്രതിഷേധം.