മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കും
തിരുവനന്തപുരം: വിമത എന്‍സിപി എംഎല്‍എ മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കും. ഇതിനായി അദ്ദേഹം 10 അംഗ സമിതി രൂപീകരിച്ചു. പുതിയ പാര്‍ട്ടിയെ രൂപപ്പെടുത്തുന്നതിനും അതിന്‍റെ പേരും ചിഹ്നവും തീരുമാനിക്കുന്നതിനും സമിതിക്ക് ചുമതല നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ സമിതിയുടെ തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. കാപ്പന്‍ കഴിഞ്ഞദിവസം യുഡിഎഫ് ഉന്നത നേതാക്കളെ സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ പാര്‍ട്ടി ആരംഭിക്കാനുള്ള തീരുമാനം.
കഴിഞ്ഞയാഴ്ച ഭരണകക്ഷിയായ എല്‍ഡിഎഫുമായി കാപ്പന്‍ തെറ്റിപ്പിരിഞ്ഞിരുന്നു. പാലാ സീറ്റിനെച്ചൊല്ലി ഉണ്ടായതര്‍ക്കം എന്‍സിപിയെ പിളര്‍പ്പിലേക്കാണ് നയിച്ചത്. ഇതില്‍ ഒരു വിഭാഗം എല്‍ഡിഎഫിനൊപ്പം ഉറച്ചുനിന്നപ്പോള്‍ പിരിഞ്ഞുപോയ വിഭാഗത്തിന് നേതൃത്വം നല്‍കുന്ന കാപ്പന്‍ യുഡിഎഫ് പക്ഷത്തേക്ക് നീങ്ങുകയായിരുന്നു. ഞായറാഴ്ച അദ്ദേഹത്തിന്‍റെ വിഭാഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ പങ്കെടുത്തിരുന്നു.
കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫിലേക്ക് മാറിയതോടെയാണ് പാലാ സീറ്റില്‍ തര്‍ക്കം ഉടലെടുത്തത്. നേരത്തെ കെ എം മാണിയുടെ മരണത്തെത്തുടര്‍ന്ന് ഒഴിവുവന്ന പാലായില്‍ എല്‍ഡിഎഫ് മാണി സി കാപ്പനെ നിര്‍ത്തി വിജയിപ്പിച്ചിരുന്നു. ഈ സീറ്റ് എന്‍സിപിക്കുതന്നെ വേണം എന്ന വാദം കാപ്പന്‍ ഉയര്‍ത്തിയതോടെ ഇടതുപക്ഷത്തിനകത്ത് തര്‍ക്കം ഉടലെടുക്കുകയായിരുന്നു. സിപിഎമ്മിന് ജോസ് കെ മാണിക്ക് പാലാ നല്‍കുന്നതിനാണ് താല്‍പ്പര്യം. തുടര്‍ന്ന് കാപ്പനും കൂട്ടരും പാര്‍ട്ടിയില്‍നിന്ന് തെറ്റിപ്പിരിയുകയായിരുന്നു.
2019ല്‍ കാപ്പന്‍ പരാജയപ്പെടുത്തിയ പാര്‍ട്ടിക്കുവേണ്ടിയാണ് ഇപ്പോള്‍ സിപിഎം സംസാരിക്കുന്നത്. ഇതിനെതിരെ തുടക്കത്തില്‍ ഇടതുപക്ഷത്തിനകത്ത് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. എന്നാല്‍ ജോസ് കെ മാണിക്കുവേണ്ടി സിപിഎം ഉറച്ചുനിന്നപ്പോള്‍ മുന്നണിക്കകത്തെ അഭിപ്രായവ്യത്യാസങ്ങള്‍ ക്രമേണ കെട്ടടങ്ങുകയായിരുന്നു.
അതേസമയം സംസ്ഥാന യൂണിറ്റിലെ പ്രതിസന്ധിയെക്കുറിച്ച് എന്‍സിപി നേതൃത്വവുമായി കാപ്പന്‍ കൂടിക്കാഴ്ച നടത്തി. കാലങ്ങളായി കേരളത്തിലെ എന്‍സിപി ഇടതുപക്ഷത്തിന്‍റെ സഖ്യകക്ഷിയാണ്. സംസ്ഥാന മന്ത്രി ഉള്‍പ്പെടെ രണ്ട് നിയമസഭാംഗങ്ങളുണ്ടായിരുന്നു. 2019 ല്‍ അവരുടെ സിറ്റിംഗ് നിയമസഭാംഗങ്ങളില്‍ ഒരാളുടെ മരണശേഷം മൂന്നാമത്തെ സീറ്റ് ഒഴിഞ്ഞുകിടക്കുന്നു.