November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

‘മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡ്’ സര്‍ട്ടിഫിക്കേഷനുമായി വ്യവസായ വകുപ്പ്

1 min read

തിരുവനന്തപുരം: കേരള ബ്രാന്‍ഡിങ്ങിലൂടെ വിപണിയും ഗുണനിലവാരവും ഉറപ്പുവരുത്തി ഉത്പാദകനെയും ഉപഭോക്താവിനെയും സംരക്ഷിക്കുമെന്ന് നിയമ വ്യവസായ കയര്‍ വകുപ്പു മന്ത്രി പി.രാജീവ് വ്യക്തമാക്കി. കേരള ബ്രാന്‍ഡ് പദ്ധതിയ്ക്ക് അപേക്ഷിക്കുന്നതിനായി തയ്യാറാക്കിയ ഓണ്‍ലൈന്‍ പോര്‍ട്ടലിന്‍റെ ഉത്ഘാടനവും ബ്രാന്‍ഡ് ലോഗോയുടെ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളം ലോകമറിയുന്ന ബ്രാന്‍ഡാണ്. വിദ്യാഭ്യാസം, ആരോഗ്യം ഇവയൊക്കെ ലോകനിലവാരത്തിലുള്ളതാണ്. ലോകവിപണിയില്‍ കേരളത്തിലെ ഉത്പന്നങ്ങളെ സമര്‍ത്ഥമായി വിനിയോഗിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കപ്പെടണം. അതിനു വേണ്ടിയാണ് കേരള ബ്രാന്‍ഡിങ്ങ് ഉള്‍പ്പെടെയുള്ളവ വ്യവസായ വകുപ്പ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന എല്ലാ ഉത്പന്നങ്ങളേയും കേരള ബ്രാന്‍ഡിങ്ങിലേക്ക് കൊണ്ടുവരാനാകും. ഇതിനായി പ്രോട്ടോക്കോളുകള്‍ രൂപപ്പെടുത്തും. ഹോളോഗ്രാം, ക്യൂ ആര്‍ കോഡ് എന്നിവയിലൂടെ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കും. പടിപടിയായി കേരളത്തിലെ എല്ലാ വെളിച്ചെണ്ണ മില്ലുകളും സര്‍ട്ടിഫൈഡ് മില്ലുകളായി മാറ്റാനാണ് ലക്ഷ്യമിടുന്നത്. മനുഷ്യന്‍റെ രുചികള്‍ക്ക് അനുസരിച്ചാണ് മുന്‍പ് ഉത്പന്നങ്ങള്‍ വരുന്നതെങ്കില്‍ ഇപ്പോള്‍ രുചികള്‍ തന്നെ നിര്‍മ്മിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭക്ഷ്യസംസ്ക്കരണ മേഖലയിലെ കേരളത്തിന്‍റെ സാധ്യതകളെ ഇതിലൂടെ വിനിയോഗിക്കാനാകും. കേരള ബ്രാന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന ഉത്പന്നങ്ങള്‍ അല്ലെങ്കില്‍ സേവനങ്ങള്‍ക്ക് ആഭ്യന്തര, അന്തര്‍ദേശീയ തലങ്ങളില്‍ ‘മെയ്ഡ് ഇന്‍ കേരള’ എന്ന തനതായ ബ്രാന്‍ഡ് നാമത്തില്‍ ഉത്പന്നങ്ങളോ സേവനങ്ങളോ വിപണനം ചെയ്യാന്‍ കഴിയും. കേരളത്തിലെ ചെറുകിട ഇടത്തരം സൂഷ്മ സംരംഭകരുടെ എണ്ണം വര്‍ധിക്കാന്‍ ഇത് സഹായകയമാകും.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

കേരളത്തില്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളുടേയും നല്‍കുന്ന സേവനങ്ങളുടേയും മുഖമുദ്രയാണ് ഉയര്‍ന്ന ഗുണനിലവാരം, ധാര്‍മ്മികത തുടങ്ങിയവ. ആഗോള വിപണിയിലെ ഉപഭോക്താക്കള്‍ക്ക് ഇവ പരിചയപ്പെടുത്തുക വഴി കേരള ബ്രാന്‍ഡ് ലോക വിപണിയില്‍ സ്ഥാനം പിടിക്കും. കേരളത്തിലെ സംരംഭകര്‍ക്കും ആഗോള വിപണിയിലെ ഉപഭോക്താക്കള്‍ക്കും ഇത് ഒരുപോലെ ഗുണപ്രദമാകുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്നുള്ള അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ചുള്ള ഉത്പന്ന നിര്‍മ്മാണം, മുഴുവനായും കേരളത്തില്‍ തന്നെ നിര്‍മ്മിക്കുന്നത്, ബാലവേല പ്രോത്സാഹിപ്പിക്കാത്തത്, ലിംഗ/വര്‍ഗ/ജാതി വിവേചനമില്ലാതെ പ്രവര്‍ത്തിക്കുന്ന ജോലി സ്ഥലങ്ങള്‍, പരിസ്ഥിതി സൗഹൃദവും പരിസ്ഥിതി ബോധമുള്ളതുമായ പ്രവര്‍ത്തനങ്ങള്‍, സുരക്ഷിതവും വൃത്തിയുള്ളതും പുരോഗമനപരവുമായ ജോലിസ്ഥലങ്ങള്‍, സാങ്കേതികവിദ്യയില്‍ ഊന്നിയ പ്രവര്‍ത്തനങ്ങള്‍, ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന ഗുണനിലവാരമുള്ള ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനും ഈ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധരായ നിര്‍മ്മാതാക്കളുടെ/സേവന ദാതാക്കളുടെ വിപണന സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള സംവിധാനമായി കേരള ബ്രാന്‍ഡ് പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു. www.keralabrand.industry.kerala.gov.in എന്ന പോര്‍ട്ടലില്‍ സംരംഭങ്ങള്‍ക്ക് കേരള ബ്രാന്‍ഡിനായി അപേക്ഷിക്കാനാകും.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍
Maintained By : Studio3