ഭക്ഷ്യസംസ്കരണ മേഖലയിൽ 300 കോടി രൂപയുടെ നിക്ഷേപ പദ്ധതികളുമായി ലുലു ഗ്രൂപ്പ്
കൊച്ചി: ഇന്ത്യയിലെ ഭക്ഷ്യസംസ്കരണ മേഖലയിൽ 300 കോടി രൂപയുടെ നിക്ഷേപ പദ്ധതികളുമായി ലുലു ഗ്രൂപ്പ്.. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ വെച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുമായും മന്ത്രിമാരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. കർണ്ണാടകയിലെ വിജയപുര ജില്ലയിൽ ഭക്ഷ്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കാനാണ് ലുലു ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾ ദാവോസിൽ വെച്ച് കർണ്ണാടക വ്യവസായ മന്ത്രി എം.ബി. പാട്ടീൽ എം.എ. യൂസഫലിയുമായി നടത്തി. വിജയപുരക്ക് പുറമെ കൽബുർഗി, ബീജാപ്പൂർ ഉൾപ്പെടെയുള്ള മറ്റ് ജില്ലകളിലും കാർഷികോത്പ്പന്നങ്ങൾ സംഭരിച്ച് കയറ്റുമതി ചെയ്യാനും ലുലു ഉദ്ദേശിക്കുന്നതായി എം.എ. യൂസഫലി പറഞ്ഞു. 300 കോടി രൂപയുടെ നിക്ഷേപമാണ് ലുലു ഈ രംഗത്ത് ഉദ്ദേശിക്കുന്നത്. നിലവിൽ ബെംഗലൂരിൽ രണ്ട് ലുലു ഹൈപ്പർ മാർക്കറ്റുകളാണ് ഗ്രൂപ്പിനുള്ളത്.
തെലങ്കാനയിൽ ലുലു പ്രഖ്യാപിച്ച പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് യൂസഫലി കൂടിക്കാഴ്ചക്കിടെ രേവന്ത് റെഡ്ഢിയെ അറിയിച്ചു. സംസ്ഥാനത്ത് 3,500 കോടി രൂപയുടെ നിക്ഷേപത്തിൽ ഷോപ്പിംഗ് മാൾ, ഭക്ഷ്യ സംസ്കരണ കേന്ദ്രം എന്നിവ ആരംഭിക്കാനാണ് ഗ്രൂപ്പ് വിഭാവനം ചെയ്യുന്നത്. പുതിയ സർക്കാർ എല്ലാ സഹകരങ്ങളൂം ലുലു ഗ്രൂപ്പിന് നൽകുമെന്നും തെലങ്കാന മുഖ്യമന്ത്രി യൂസഫലിയോട് പറഞ്ഞു. തെലങ്കാനയിലെ ഭരണമാറ്റം സംസ്ഥാനത്തെത്തുന്ന നിക്ഷേപകർക്കോ നിക്ഷേപങ്ങൾക്കോ യാതൊരു പ്രയാസങ്ങളും ഉണ്ടാക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചെർത്തു. വ്യവസായ മന്ത്രി ശ്രീധർ ബാബു ഉയുൾപ്പെടെയുള്ളവർ സംബന്ധിച്ചു. തെലങ്കാനയിലെ ആദ്യത്തെ ലുലു മാൾ ഹൈദരാബാദിൽ കഴിഞ്ഞ വർഷമാണ് പ്രവർത്തനം ആരംഭിച്ചത്. ദാവോസ് സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി വിവിധ രാജ്യങ്ങളിൽ നിന്നും രാഷ്ട്രത്തലവന്മാർ ഉൾപ്പെടെ മൂവായിരത്തിലധികം പ്രതിനിധികളാണ് എത്തിയിട്ടുള്ളത്. അഞ്ച് ദിവസത്തെ ഉച്ചകോടി വെള്ളിയാഴ്ച സമാപിക്കും