മുന്നേറ്റത്തിന്‍റെ പാതയില്‍ കൊല്ലം ടെക്നോപാര്‍ക്ക്
കൊല്ലം: വന്‍ മുന്നേറ്റത്തിനൊരുങ്ങി രാജ്യത്തെ ആദ്യ ലേക്ക് സൈഡ് ഐടി പാര്‍ക്കായ കൊല്ലം ടെക്നോപാര്‍ക്ക് (ഫേസ് ഫൈവ്). നിരവധി അടിസ്ഥാന വികസന പദ്ധതികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ മെച്ചപ്പെട്ട കണക്റ്റിവിറ്റിയും കഴിവുറ്റ മനുഷ്യവിഭവശേഷിയുമുള്ള ഈ ക്യാമ്പസ് വമ്പന്‍ കുതിപ്പിലേക്കാണുയരുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ആംഫി തിയേറ്റര്‍, വനിതാ ഹോസ്റ്റല്‍ എന്നിവയടങ്ങുന്ന പുതിയ സൗകര്യങ്ങള്‍ ക്യാമ്പസിന്‍റെ ലൈവ്-വര്‍ക്ക്-പ്ലേ ഇക്കോസിസ്റ്റം കൂടുതല്‍ ശക്തമാക്കും. ജീവനക്കാരുടെ ക്ഷേമം, ഉത്പാദനക്ഷമത, മാനുഷ്യവിഭവശേഷി നിലനിര്‍ത്തല്‍ എന്നിവയെ പരിസ്ഥിതി സൗഹൃദവും മനോഹരവുമായ പശ്ചാത്തലത്തില്‍ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ സൗകര്യങ്ങള്‍. ക്യാമ്പസിലെ വനിതാ ഹോസ്റ്റലിന്‍റെയും ഓപ്പണ്‍ എയര്‍ തിയേറ്ററിന്‍റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാകും. 2015 ല്‍ ഐടി സെസ് ക്യാമ്പസായി സ്ഥാപിതമായ കൊല്ലം ടെക്നോപാര്‍ക്കില്‍ സുഗമമായ വൈദ്യുതി, ജലവിതരണം, മലിനജല സംസ്കരണ സംവിധാനങ്ങള്‍, റോഡ് ശൃംഖലകള്‍, ഹൈ-സ്പീഡ് ഡാറ്റ കണക്റ്റിവിറ്റി എന്നിവ ഉള്‍പ്പെടുന്ന ശക്തമായ അടിസ്ഥാന സൗകര്യങ്ങളുണ്ട്. ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കോളേജ് ഓഫ് എഞ്ചിനീയറിംഗ് പെരുമണ്‍ എന്നിവ ഉള്‍പ്പെടെ ബിടെക്, അനുബന്ധ കോഴ്സുകള്‍ നടത്തുന്ന പ്രൊഫഷണല്‍ കോളേജുകള്‍ സമീപത്തുള്ളതിനാല്‍ ക്യാമ്പസിന് ശക്തമായ അക്കാദമിക് ഇക്കോസിസ്റ്റം ലഭ്യമാണ്. ഈ സ്ഥാപനങ്ങള്‍ പ്രതിവര്‍ഷം ആയിരക്കണക്കിന് പ്രാവീണ്യമുള്ള ബിരുദധാരികളെയാണ് വാര്‍ത്തെടുക്കുന്നത്. ചെറുകിട, ഇടത്തരം ഐടി/ഐടി അനുബന്ധ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് രൂപകല്‍പ്പന ചെയ്ത കേരളത്തിന്‍റെ അടുത്ത തലമുറ ഐടി ഹബ്ബാണിത്. അഷ്ടമുടി കായലിന്‍റെ ശാന്തമായ പശ്ചാത്തലത്തില്‍ സ്ഥിതി ചെയ്യുന്ന ലീഡ് ഗോള്‍ഡ് സര്‍ട്ടിഫിക്കേഷന്‍ നേടിയ ക്യാമ്പസ് പ്ലഗ്-ആന്‍ഡ്-പ്ലേ ഓഫീസ് സൗകര്യങ്ങള്‍ നല്‍കുന്നു. കൊല്ലം നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ കുണ്ടറയില്‍ സ്ഥിതി ചെയ്യുന്ന ടെക്നോപാര്‍ക്ക് ഉയര്‍ന്ന ഉത്പാദനക്ഷമതയുള്ള വര്‍ക്ക് സ്പെയ്സുകളും വര്‍ക്കേഷന്‍ ശൈലിയിലുള്ള അന്തരീക്ഷവും സംയോജിപ്പിച്ച് പരമ്പരാഗത ഐടി ക്യാമ്പസ് എന്ന ആശയത്തെ മാറ്റിമറിക്കുന്നു. റാംസര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ജലാശയ പ്രദേശത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ലേക്ക്ഫ്രണ്ട് ഇന്‍റഗ്രേറ്റഡ് ഐടി സിറ്റിയായി വിഭാവനം ചെയ്തിരിക്കുന്ന ഈ ക്യാമ്പസ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും എസ്എംഇകള്‍ക്കും മികച്ച വിപുലീകരണം സാധ്യമാക്കുന്നു. സുസ്ഥിരത, വിനോദസൗകര്യങ്ങള്‍, സുഗമമായ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന മാസ്റ്റര്‍ പ്ലാനുള്ള ഇവിടം തിരക്കേറിയ മെട്രോ നഗരങ്ങള്‍ക്ക് പുറത്ത് ചെലവുകുറഞ്ഞ വിപുലീകരണം ആഗ്രഹിക്കുന്ന ആഭ്യന്തര, ആഗോള കമ്പനികളെ ആകര്‍ഷിക്കുന്നതിന് പര്യാപ്തമാണ്. ഒരു ലക്ഷം ചതുരശ്രയടിയോളം വരുന്ന അഷ്ടമുടി ബില്‍ഡിംഗില്‍ വാം-ഷെല്‍, പ്ലഗ്-ആന്‍ഡ്-പ്ലേ ഓഫീസ് സ്പെയ്സ് എന്നിവ ലഭ്യമാണ്. 8 മുതല്‍ 25 സീറ്റുകള്‍ വരെയുള്ള മൊഡ്യൂളുകള്‍ വഴി സ്ഥാപനങ്ങള്‍ക്ക് വേഗത്തില്‍ പ്രവര്‍ത്തനം സാധ്യമാകുന്നു. 80,000 ത്തിലധികം ഐടി പ്രൊഫഷണലുകളുള്ള വിശാലമായ ഐടി വര്‍ക്ക്ഫോഴ്സ് ഈ ക്യാമ്പസിന്‍റെ പ്രത്യേകതയാണ്. സോഫ്റ്റ് വെയര്‍ ഡെവലപ്മെന്‍റ്, ഐടി സേവനങ്ങള്‍ മുതല്‍ ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ വരെയുള്ള വിവിധ മേഖലകളില്‍ പ്രാഗത്ഭ്യമുള്ളവരെ എളുപ്പത്തില്‍ കമ്പനികള്‍ക്ക് ലഭിക്കുന്നതിന് ഇത് സഹായിക്കുന്നു. നിര്‍ണാകയമായ സ്ഥാനം, ഉടന്‍ ലഭ്യമാകുന്ന ഓഫീസ് സ്പെയ്സ്, ആധുനിക സൗകര്യങ്ങള്‍, സമ്പന്നമായ ടാലന്‍റ് ഇക്കോസിസ്റ്റം എന്നിവയുടെ കരുത്തില്‍ കേരളത്തിന്‍റെ ഐടി രംഗത്തിന്‍റെ അടുത്ത വളര്‍ച്ചാഘട്ടത്തില്‍ സുപ്രധാന പങ്ക് വഹിക്കാന്‍ കൊല്ലം ടെക്നോപാര്‍ക്ക് ഒരുങ്ങിക്കഴിഞ്ഞു.
