കൊച്ചി-മുസിരിസ് ബിനാലെ 2025-26: ‘ഫോര്‍ ദി ടൈം ബീയിംഗ്’

കൊച്ചി: ഇന്ത്യയിലെ ആദ്യത്തേതും, ദക്ഷിണേഷ്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയതുമായ സമകാലീന കലാപ്രദര്‍ശനമായ കൊച്ചി മുസിരിസ് ബിനാലെയുടെ ക്യൂററ്റോറിയല്‍ കുറിപ്പ് പുറത്തിറക്കി. ‘ഫോര്‍ ദി ടൈം ബീയിംഗ്’ എന്നതാണ് ആറാം ലക്കം ബിനാലെയുടെ ശീര്‍ഷകം. പ്രശസ്ത കലാകാരന്‍ നിഖില്‍ ചോപ്രയാണ് കൊച്ചി-മുസിരിസ് ബിനാലെ ആറാം ലക്കം ക്യുറേറ്റ് ചെയ്യുന്നത്. 2025 ഡിസംബര്‍ 12 മുതല്‍ 2026 മാര്‍ച്ച് 31 വരെ 110 ദിവസമാണ് ബിനാലെ നടക്കുക. ആറാം പതിപ്പിന്‍റെ ക്യുറേറ്റോറിയല്‍ ഫ്രെയംവര്‍ക്കും ബിനാലെ ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര പ്രദര്‍ശനങ്ങളോടൊപ്പം, കൊച്ചിയിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് സമകാലീനകലയും സര്‍ഗ്ഗാത്മക സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, അവതരണങ്ങള്‍, വര്‍ക്ക്ഷോപ്പുകള്‍, ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന പരിപാടികളും ബിനാലെയോടനുബന്ധിച്ച് ഉണ്ടാകും. സ്റ്റുഡന്‍റ്സ് ബിനാലെ, ഇന്‍വിറ്റേഷന്‍സ്, ആര്‍ട്ട് ബൈ ചില്‍ഡ്രന്‍, റെസിഡന്‍സി പ്രോഗ്രാം, കൊളാറ്ററല്‍ തുടങ്ങിയ അനുബന്ധപരിപാടികളും ബിനാലെ ആറാം ലക്കത്തിലുള്‍പ്പെടുന്നു. കൊച്ചി മുസിരിസ് ബിനാലെ ആറാം പതിപ്പ് ഏകീകൃത സ്വഭാവത്തില്‍ നിന്ന് പുറത്ത് കടന്ന് ജീവനുള്ള ആവാസവ്യവസ്ഥയായി സമൂഹത്തില്‍ ഇഴുകിച്ചേരുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ക്യൂറേറ്റര്‍ നിഖില്‍ ചോപ്ര വിശദീകരിച്ചു. സൗഹൃദ സമ്പത് വ്യവസ്ഥയെ പ്രദര്‍ശനത്തിന്‍റെ നെടുംതൂണായി സ്ഥാപിക്കുന്നു. കാഴ്ചയുടെ ഘടകം, ഇടം, സമയം, വിഭവങ്ങള്‍ എന്നിവ പങ്കിടുകയും പരസ്പരം സംഭാഷണങ്ങളിലൂടെ വളരുകയും ചെയ്യുന്ന ഒന്നായി കൊച്ചി മുസിരിസ് ബിനാലെ ആറാം ലക്കം പരിണമിക്കും. അവതരണകല, ചിത്രകല, ഫോട്ടോഗ്രഫി, ശില്‍പരചന, പ്രതിഷ്ഠാപനം തുടങ്ങിയവ സംയോജിപ്പിച്ച ബഹുമുഖ കലാപ്രതിഭയാണ് നിഖില്‍ ചോപ്ര. ലോകമെമ്പാടും അറിയപ്പെടുന്ന അദ്ദേഹത്തിന്‍റെ ഇന്ത്യയിലെ ആദ്യത്തെ ക്യൂററ്റോറിയല്‍ ഉദ്യമമാണ് കൊച്ചി-മുസിരിസ് ബിനാലെ ആറാം ലക്കം. ലോകത്ത് സമകാലീന കലാലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കലാവിരുന്നാണ് കൊച്ചി മുസിരിസ് ബിനാലെയെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. വേണു വി പറഞ്ഞു. ബിനാലെയുടെ മുന്‍പതിപ്പുകള്‍ നൈരന്തര്യത്തിലൂടെ വികാസം പ്രാപിക്കുകയും പ്രശസ്തരും തുടക്കക്കാരുമായ കലാകാരരുടെ സൃഷ്ടികളെ ഒരേസമയം സ്വാധീനിക്കുകയും ആകര്‍ഷിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബൃഹത്തായ ഈ പരിപാടി സംഘടിപ്പിക്കാന്‍ സൂക്ഷ്മമായ ആസൂത്രണവും തന്ത്രങ്ങളും ആവശ്യമാണ്. കൊച്ചി മുസിരിസ് ബിനാലെ ആറാം പതിപ്പ് ഗംഭീര വിജയമാക്കുന്നതിനോടൊപ്പം സാധാരണക്കാര്‍ക്കും കലാസ്വാദകര്‍ക്കും ഒരുപോലെ ആസ്വാദ്യകരമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവതരണ സ്വഭാവമുള്ള കലാപ്രകടനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രമേയം കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം ലക്കത്തെ ഒരേ സമയം കൗതുകമുള്ളതും ആകര്‍ഷകവുമാക്കുമെന്ന് കൊച്ചി-മുസിരിസ് ബിനാലെ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. കാഴ്ചക്കാരുമായി നിരന്തരമായി സംവദിപ്പിക്കുന്നആകര്‍ഷകമായ കലാസൃഷ്ടികളും പ്രതിഷ്ഠാപനങ്ങളും ഉള്‍ക്കൊള്ളുന്ന മനോഹര അന്തരീക്ഷം പരിചയപ്പെടാന്‍ സാധിക്കും. ആഗോളവും പ്രാദേശികവുമായ സാമൂഹ്യ പ്രവാഹങ്ങള്‍ ഒരേ സമയം കൂടിച്ചേരുകയും വേര്‍പിരിയുകയും ചെയ്യുന്ന കൊച്ചിയുടെ ബഹുതല സാംസ്കാരിക ജീവിതം അനുഭവിക്കാനും ഈ 110 ദിവസങ്ങളിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.