1971 ലെ ഇന്ത്യയുടെ യുദ്ധ വിജയം, ജാവ രണ്ട് പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ചു
മാറ്റ് ഫിനിഷോടുകൂടി കാക്കി, മിഡ്‌നൈറ്റ് ഗ്രേ എന്നീ നിറങ്ങളാണ് നല്‍കിയത്
ന്യൂഡെല്‍ഹി: രണ്ട് പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിക്കുന്നതായി ജാവ മോട്ടോര്‍സൈക്കിള്‍സ് പ്രഖ്യാപിച്ചു. സായുധ സേനകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മാറ്റ് ഫിനിഷോടുകൂടി കാക്കി, മിഡ്‌നൈറ്റ് ഗ്രേ എന്നീ നിറങ്ങളാണ് അവതരിപ്പിച്ചത്. 1971 ലെ പാകിസ്ഥാനെതിരായ ഇന്ത്യയുടെ യുദ്ധ വിജയത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ കളര്‍ ഓപ്ഷനുകള്‍ കൊണ്ടുവന്നത്. പുതിയ നിറങ്ങളില്‍ ലഭിക്കുന്ന ജാവ സ്‌പെഷല്‍ എഡിഷന്‍ മോട്ടോര്‍സൈക്കിളിന് 1.93 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. സ്റ്റാന്‍ഡേഡ് ജാവയേക്കാള്‍ 6,000 രൂപ കൂടുതല്‍. കമ്പനി വെബ്‌സൈറ്റില്‍ സ്‌പെഷല്‍ എഡിഷന്‍ മോട്ടോര്‍സൈക്കിള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.
പുതിയ കളര്‍ ഓപ്ഷനുകള്‍ കൂടാതെ സ്‌പെഷല്‍ എഡിഷന്‍ മോട്ടോര്‍സൈക്കിളില്‍ ചെറിയ പരിഷ്‌കാരങ്ങളും വരുത്തി. ഹെഡ്‌ലാംപ് ബെസെല്‍, സസ്‌പെന്‍ഷന്‍ ഫോര്‍ക്കുകള്‍, എന്‍ജിന്‍, ഇരട്ട എക്‌സോസ്റ്റ് മഫ്‌ളറുകള്‍ എന്നിവ ഉള്‍പ്പെടെ ക്രോം ലഭിച്ച എല്ലായിടത്തും മാറ്റ് ബ്ലാക്ക് ഫിനിഷ് നല്‍കി. ഇന്ത്യന്‍ ആര്‍മിയുടെ എംബ്ലം സഹിതം ഇന്ധന ടാങ്കില്‍ ത്രിവര്‍ണം കാണാം. 1971 ലെ യുദ്ധ വിജയത്തിന്റെ അമ്പതാം വാര്‍ഷികം, സ്‌പെഷല്‍ എഡിഷന്‍ എന്നീ എഴുത്തുകളും ലഭിച്ചു.
മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമില്ല. 293 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 26.9 ബിഎച്ച്പി കരുത്തും 27.02 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 6 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചു. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍, പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകള്‍, മുന്നില്‍ 280 എംഎം ഡിസ്‌ക് ബ്രേക്ക്, പിന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്ക് എന്നിവ മാറ്റമില്ലാതെ തുടരുന്നു. ഡുവല്‍ ചാനല്‍ എബിഎസ് സുരക്ഷാ സംവിധാനത്തില്‍ മാത്രമായിരിക്കും സ്‌പെഷല്‍ എഡിഷന്‍ ലഭിക്കുന്നത്. മുന്നില്‍ 18 ഇഞ്ച്, പിന്നില്‍ 17 ഇഞ്ച് ചക്രങ്ങളിലാണ് ഓടുന്നത്.