ജൽ ജീവൻ ദൗത്യത്തിന് കീഴിൽ കേരളത്തിന് 488 കോടി രൂപ
1 min read

തിരുവനന്തപുരം : ജൽ ജീവൻ ദൗത്യത്തിന് കീഴിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്തിന് 9,000 കോടി രൂപ നൽകിയതായി കേന്ദ്ര ജലശക്തി മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൽ ജീവൻ മിഷന്റെയും സ്വച്ഛ് ഭാരത് മിഷന്റെയും (ഗ്രാമീൺ) പുരോഗതി സംബന്ധിച്ച് സംസ്ഥാന ഗവണ്മെന്റ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി മന്ത്രി പറഞ്ഞു. ശുചിത്വ ഭാരത ദൗത്യത്തിന് കീഴിൽ, ഈ വർഷം ഓണത്തിന് മുമ്പ് എല്ലാ ഗ്രാമങ്ങളെയും വെളിയിട വിസർജമുക്‌തം (ഒഡിഎഫ് പ്ലസ്) ആക്കുക എന്ന ലക്ഷ്യം കേരളം കൈവരിക്കണമെന്ന് മന്ത്രി പറഞ്ഞു. 2023-24 വർഷത്തേക്ക് ശുചിത്വ ഭാരത ദൗത്യത്തിന് കീഴിൽ കേരളത്തിന് 488 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ശ്രീ ഷെഖാവത്ത് പറഞ്ഞു. കേന്ദ്ര ഫണ്ടുകളുടെ ചെലവ് ത്വരിതപ്പെടുത്തണമെന്നും കേന്ദ്ര പദ്ധതികളിൽ നിന്നുള്ള നേട്ടങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഭൂമി ഏറ്റെടുക്കൽ ലളിതമാക്കണമെന്നും കേന്ദ്രമന്ത്രി ഊന്നിപ്പറഞ്ഞു. ഈ പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കുന്നതിന് കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും വിവിധ വെല്ലുവിളികളെ അതിജീവിക്കാൻ സംസ്ഥാന ഗവണ്മെന്റിനെ കേന്ദ്രം സഹായിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.