October 6, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഐടി പാര്‍ക്ക് അഫിലിയേഷന്‍ പദ്ധതികള്‍ക്ക് ഒക്ടോബര്‍ 8 ന് തുടക്കം

1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി സ്ഥാപനങ്ങളെയും സാങ്കേതിക മേഖലയിലെ മറ്റ് സ്ഥാപനങ്ങളെയും ഒരു പൊതുശൃംഖലയുമായി ബന്ധിപ്പിക്കുന്ന ഐടി പാര്‍ക്ക്സ് അഫിലിയേഷന്‍ പദ്ധതിക്കും കേരള ടെക് ബ്രാന്‍ഡിനും ഒക്ടോബര്‍ 8 ന് തുടക്കമാകും. കമ്പനികള്‍, കോ-വര്‍ക്കിംഗ് സ്പേസുകള്‍, സ്വകാര്യ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെ സംസ്ഥാനതലത്തില്‍ ബന്ധിപ്പിച്ച് പുതിയ സാങ്കേതിക മേഖലകളില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതാണ് ഐടി പാര്‍ക്ക്സ് അഫിലിയേഷന്‍ പദ്ധതി. വ്യവസായ, വാണിജ്യ, ഐടി, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ടെക്നോപാര്‍ക്ക് ഫേസ് വണ്‍ പാര്‍ക്ക് സെന്‍ററിലെ ട്രാവന്‍കൂര്‍ ഹാളില്‍ ഒക്ടോബര്‍ 8 വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങില്‍ ഐടി പാര്‍ക്ക്സ് അഫിലിയേഷന്‍ പദ്ധതിയും കേരള ടെക് ബ്രാന്‍ഡും ഉദ്ഘാടനം ചെയ്യും. ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. ടെക്നോപാര്‍ക്ക് സിഇഒ സച്ചിന്‍ കുമാര്‍ യാദവ് സ്വാഗതം ആശംസിക്കും. ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ അഫിലിയേഷന്‍ പദ്ധതിയെക്കുറിച്ച് അവതരണം നടത്തും. ‘ഇന്‍ഡസ്ട്രി പെര്‍സ്പെക്ടീവ്: കേരള ടെക് ആന്‍ഡ് ദി ഐടി പാര്‍ക്ക്സ് അഫിലിയേഷന്‍ സ്കീം’ എന്ന വിഷയത്തില്‍ സിഐഐ കേരള സ്റ്റേറ്റ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ സന്തോഷ് കുമാര്‍ സംസാരിക്കും. ടെക്നോപാര്‍ക്ക് ഫേസ് ത്രീ കാമ്പസില്‍ രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള പ്രീ-ഫാബ്രിക്കേറ്റഡ് ഐടി കെട്ടിടവും പൊതു വിനോദ സൗകര്യങ്ങളും ഒരുക്കുന്ന പദ്ധതിക്കും ചടങ്ങില്‍ തുടക്കമാകും. ടെക്നോപാര്‍ക്ക് ഫേസ് വണ്ണില്‍ വരാനിരിക്കുന്ന പദ്ധതിക്കായി ടെക്നോപാര്‍ക്കും കാസ്പിയന്‍ ടെക്പാര്‍ക്സും തമ്മിലുള്ള ധാരണാപത്രം ചടങ്ങില്‍ കൈമാറും. സെമികോണ്‍ കണ്‍സോര്‍ഷ്യം പ്രവര്‍ത്തനമാരംഭിക്കല്‍, മേക്കര്‍ ഹബിന്‍റെ ഔദ്യോഗിക പ്രഖ്യാപനം എന്നിവയും ഇതോടൊപ്പം നടക്കും. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റര്‍ ചെയ്യുന്നതിനായി https://keralam-it-parks-affiliation-scheme.conferenceprime.com/auth/register എന്ന പോര്‍ട്ടല്‍ സന്ദര്‍ശിക്കാവുന്നതാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐടി പാര്‍ക്കുകള്‍ക്ക് പുറത്തുള്ള അര്‍ഹരായ സാങ്കേതിക സ്ഥാപനങ്ങളെയും സംസ്ഥാനതല സാങ്കേതിക ശൃംഖലയുമായി ബന്ധിപ്പിക്കുകയാണ് ഐടി പാര്‍ക്ക്സ് അഫിലിയേഷന്‍ പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ സര്‍ക്കാര്‍, വ്യവസായ മേഖല, മറ്റ് സാങ്കേതിക മേഖലയിലെ പങ്കാളികള്‍ എന്നിവരുമായി കൂടുതല്‍ സഹകരിക്കാനും ഇടപെടാനും സ്ഥാപനങ്ങള്‍ക്ക് അവസരം ലഭിക്കും. സര്‍ക്കാര്‍ ഐടി പാര്‍ക്കുകള്‍ക്ക് പുറത്തുള്ള അര്‍ഹരായ സ്ഥാപനങ്ങള്‍ക്ക് ഐടി പാര്‍ക്കുകള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളും ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താന്‍ പദ്ധതിയിലൂടെ സാധിക്കും. പുതിയതായി പ്രവര്‍ത്തനമാരംഭിക്കുന്ന കേരള ടെക് പോര്‍ട്ടലില്‍, അഫിലിയേഷന്‍ പോര്‍ട്ടലും ഇതോടൊപ്പം സജ്ജമാകും. അര്‍ഹരായ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അഫിലിയേറ്റഡ് നെറ്റ് വര്‍ക്കിന്‍റെ ഭാഗമാകുന്നതിനുള്ള ലളിതമായ സംവിധാനമാണിത്. സംസ്ഥാനത്ത് വളര്‍ന്നുവരുന്ന സാങ്കേതിക ശൃംഖലയുടെ ഭാഗമാകാനും കൂടുതല്‍ ശ്രദ്ധ നേടി, വിവിധ സാങ്കേതിക അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും സര്‍ക്കാര്‍, വ്യവസായ മേഖല, മറ്റ് പങ്കാളികള്‍ എന്നിവരുമായി സഹകരണം ഉറപ്പാക്കാനും അഫിലിയേഷന്‍ പദ്ധതി അവസരമൊരുക്കും. സാങ്കേതിക വിദ്യ, നൂതനാശയങ്ങള്‍, ഗവേഷണം, സ്റ്റാര്‍ട്ടപ്പുകള്‍, വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍ എന്നിവയെ ഒരു പൊതു ആവാസവ്യവസ്ഥയ്ക്ക് കീഴില്‍ ബന്ധിപ്പിക്കുകയെന്നതാണ് കേരള ടെക് ബ്രാന്‍ഡിന്‍റെ ലക്ഷ്യം. സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഇതിലൂടെ സാധിക്കും. പരമ്പരാഗത ഐടി, ഐടിഇഎസ് മേഖലകള്‍ക്കപ്പുറത്തേക്ക് വിജ്ഞാനാധിഷ്ഠിത വ്യവസായ മേഖല വികസിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, സെമി കണ്ടക്ടര്‍, ഡീപ് ടെക്നോളജി, ബഹിരാകാശ സാങ്കേതികവിദ്യ, സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ എഞ്ചിനീയറിങ് തുടങ്ങിയ മേഖലകളില്‍ പുതിയ അവസരങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് കേരള ടെക് ബ്രാന്‍ഡിനും അഫിലിയേഷന്‍ പദ്ധതിക്കും തുടക്കമാകുന്നത്. ഒക്ടോബര്‍ 6 ന് നടത്താനിരുന്ന പരിപാടിയാണ് ഒക്ടോബര്‍ 8 ലേക്ക് മാറ്റിയത്.

  എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും ഇനി പ്രത്യേക വെബ്സൈറ്റ്
Maintained By : Studio3