ഇരിക്കൂർ ടൂറിസം സർക്യൂട്ട്
ഇരിക്കൂർ: മനോഹരമായ ഭൂപ്രകൃതി കൊണ്ട് സമ്പന്നമായ ഇരിക്കൂറിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഒരുങ്ങി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്. ഇതിനായി മലയോര ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തി ഇരിക്കൂർ ടൂറിസം സർക്യൂട്ട് നടപ്പാക്കും. പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി.
ഇരിക്കൂറിലെ ടൂറിസം കേന്ദ്രങ്ങളുടെ മാർക്കറ്റിങ്ങ്, ഫാം ടൂറിസം, ഹോം സ്റ്റേകൾ എന്നിവയാണ് ലക്ഷ്യം. മലപ്പട്ടം മുനമ്പുകടവ്, പഴശ്ശി ഡാം, കാലാങ്കി വ്യൂ പോയിന്റ്, ശശിപ്പാറ, അളകാപുരി വെള്ളച്ചാട്ടം, പൈതൽ മല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, കാഞ്ഞിരക്കൊല്ലി തുടങ്ങി മലയോരത്തെ പ്രധാന കേന്ദ്രങ്ങളെ കോർത്തിണക്കിയാണ് ടൂറിസം സർക്യൂട്ട് തയ്യാറാക്കുന്നത്. ആദ്യഘട്ടത്തിൽ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ പ്രചാരണത്തിനാവശ്യമായ കാര്യങ്ങളാണ് ചെയ്യുക. ഇതിനായി പ്രൊമോഷൻ വീഡിയോകൾ ഉൾപ്പടെ നിർമ്മിക്കും. 50ലേറെ ഫാമുകളെ ചേർത്ത് ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും. ഇതിനാവശ്യമായ പരിശീലന പരിപാടി, സെമിനാറുകൾ എന്നിവ സംഘടിപ്പിക്കും. ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി ഹോം സ്റ്റേ പ്രോത്സാഹന പരിപാടികൾ നടത്തും. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്ന് ലക്ഷം രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പിന് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇരിക്കൂർ ടൂറിസം ഡെവലപന്റ് സൊസൈറ്റി രൂപീകരിക്കും. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഇരിക്കൂറിനെ മാറ്റുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബർട്ട് ജോർജ് പറഞ്ഞു.